ജയ് ശ്രീറാം ആളുകളെ തല്ലാനുള്ള മുദ്രാവാക്യമായി -അമര്‍ത്യസെന്‍

കൊല്‍ക്കത്ത- ഇന്ത്യയിലുടനീളം ജനങ്ങളെ തല്ലാനാണ് ഇപ്പോള്‍ ജയ്ശ്രീ റാം മന്ത്രം ഉപയോഗിക്കുന്നതെന്നു നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ പറഞ്ഞു.
ഇത്തരത്തില്‍ ജയ്ശ്രീ റാം വിളിക്കുന്നത് ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടില്ല. ഇത് ഇപ്പോള്‍ ആളുകളെ തല്ലാനാണ് ഉപയോഗിക്കുന്നത്. ഇതിന് ബംഗാളി സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഞാന്‍ കരുതുന്നത് -ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അമര്‍ത്യസെന്‍ പറഞ്ഞു.
സംസ്ഥാനത്ത് രാമനവമി ആഘോഷിക്കുന്നതായും മുമ്പ് കേട്ടിട്ടില്ല. അടുത്തിടെയാണ് ഇതിന് ജനപ്രീതി കൈവന്നത്.
ഇഷ്ടപ്പെട്ട ദേവത ആരാണെന്ന് നാലു വയസ്സായ പേരക്കുട്ടിയോട് ചോദിച്ചപ്പോള്‍ ദുര്‍ഗ മാതാവ് എന്നായിരുന്നു അവളുടെ മറുപടി. ദുര്‍ഗ മാതാവിന്റെ പ്രാധാന്യം രാംനവമിയുമായി താരതമ്യപ്പെടുത്താനാവില്ല -അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക മതത്തിലെ ആളുകള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയപ്പെടുകയെന്നാല്‍ അത് ഗുരുതരമായ കാര്യമാണെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടുന്നത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചുകൊണ്ടാണ്. പലപ്പോഴും ഇത് ഇരു പാര്‍ട്ടിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനു കാരണമായി.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭട്ട്പാറയില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈയിടെ രോഷത്തോടെ പ്രതികരിച്ചത് വിവാദമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോരക്ഷാ മുദ്രാവാക്യങ്ങള്‍ക്കുശേഷം മുസ്്‌ലിംകളെ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം ഉപയോഗിക്കുന്നത് ജയ് ശ്രീറാം മുദ്രാവാക്യമാണ്. ലോക്‌സഭയില്‍ മുസ്്‌ലിം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയതും വിവാദമായിരുന്നു.
ജി 20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യക്കാരുടെ സംഘം ജയ് ശ്രീറാം മുഴക്കിയാണ് വരവേറ്റിരുന്നത്.  

 

 

Latest News