വായനയും പുസ്തകങ്ങളും:  ചില വീണ്ടു വിചാരങ്ങൾ

പുസ്തക വായനയെക്കുറിച്ചുള്ള പതിവ് വാചാടോപങ്ങളുമായി ഒരു വായനാദിനവും വായനാവാരവും കടന്നു പോയി. മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ചതായി അവകാശപ്പെടുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായനാദിനമായി ആചരിക്കുന്നത്. തുടർന്നുള്ള ഒരു വാരം ജൂൺ 26 വരെ വായനാവാരവും. 
വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും.. 'വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും' എന്ന കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികളാണ് ഈ ദിനങ്ങളിൽ ഏറ്റവും ഉദ്ധരിക്കപ്പെടുന്നത്. എന്നാൽ വായനയെന്നാൽ അച്ചടിച്ച പുസതക വായന മാത്രമാണെന്ന ധാരണയിൽ വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലർക്കും. പുതുയുഗത്തിൽ കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാൻ ശ്രമിക്കുന്ന ഭൂതകാലത്തിന്റെ ഉപാസകരാണ് കൂടുതലും.  പുസ്തക വായനയുടെ സുഖം 'ഇ - വായന'ക്കുണ്ടാകുന്നില്ല എന്നാണവരുടെ അവകാശവാദം. മറ്റെല്ലാ വിഷയത്തിലുമെന്നപോലെ തങ്ങളുടെ കാലം മനോഹരമാണെന്നും പുതുതലമുറയെ എന്തിന് കൊള്ളാം എന്നുമുള്ള സ്ഥിരം പല്ലവിയാണ് ഈ ദിനങ്ങളിൽ ഏറ്റവുമധികം മുഴങ്ങിക്കേൾക്കാറ്. ഇക്കുറിയും അതു തന്നെ. 
വാസ്തവത്തിൽ ആർക്കൊക്കെയാണ് ഇന്നത്തെ രീതിയിലുള്ള വായന അതേപടി നിലനിൽക്കണമെന്ന ആഗ്രഹമുള്ളത് എന്നു പരിശോധിക്കുന്നത് രസകരമായിരിക്കും. പത്ര സ്ഥാപനങ്ങളും പുസ്തക പ്രസാധകരും എഴുത്തുകാരും മലയാളം അധ്യാപകരുമാണ് അതിൽ മുന്നിൽ. ഇവരുടെ ഓരോരുത്തരുടേയും താൽപര്യം പ്രകടം. അത് സാമൂഹ്യമാണെന്നു കരുതാൻ അൽപം ബുദ്ധിമുട്ടുണ്ട്. സ്വന്തം നിലനിൽപിന്റെ താൽപര്യത്തെ കേരളത്തിന്റെ പൊതുപ്രശ്‌നമായി അവതരിപ്പിക്കാൻ ഇവരെല്ലാം വിദഗ്ധരാണെന്നു മാത്രം. വായന എന്നതിനേക്കാൾ പുസ്തക വായന, പത്ര വായന എന്നീ പദങ്ങളാണല്ലോ ഇവരെല്ലാം ഉപയോഗിക്കുന്നത്. ജനങ്ങൾ പുസ്തകം വാങ്ങി വായിച്ചില്ലെങ്കിൽ പ്രസാധകർ എന്തുചെയ്യും? എഴുത്തുകാർക്ക് പണം മാത്രമല്ല, സാംസ്‌കാരിക നായകരെന്ന പദവിയും നഷ്ടപ്പെടും. പത്രക്കാരുടെ കാര്യം പ്രത്യേകിച്ച് പറയാനില്ലല്ലോ. ഇ - വായനക്ക് മാത്രമല്ല, ഇംഗ്ലീഷ് പത്ര വായനക്കുപോലും അവരെതിരാണ്. പിന്നെ ഇപ്പോൾ ഇവരുടേയും ഓൺലൈൻ പതിപ്പുകൾ സജീവമായതിനാൽ ഇ - വായനയെ കാര്യമായി എതിർക്കുന്നില്ല എന്നു മാത്രം. അധ്യാപകരുടെ കാര്യമോ? ഗുരുവിനും ശിഷ്യനുമിടയിൽ പുസ്തകം ഗുരുതരമായ തടസ്സമാണെന്ന കുഞ്ഞുണ്ണി മാഷുടെ തന്നെ വരികൾ അവർ ഉദ്ധരിക്കാറേയില്ല. ഇവർ തന്നെയാണ് ഇംഗ്ലീഷ് മാധ്യമങ്ങൾക്കെതിരെ അട്ടഹാസം മുഴക്കുന്നതിലും മുന്നിൽ നിൽക്കുന്നത്. 
ആരും പുസ്തകം വായിക്കേണ്ട എന്നല്ല പറഞ്ഞു വരുന്നത്. പുസ്തക വായന നിർബന്ധിച്ച് നിലനിർത്താനാകില്ല, ആവശ്യവുമില്ല എന്നാണ്. പുതുതലമുറ അവർക്കിഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട രീതിയിൽ വായിക്കും. അത് പരമ്പരാഗത പുസ്തകം തന്നെ ആകണമെന്നില്ല. സിവിക് ചന്ദ്രൻ എഴുതിയപോലെ, 'പെട്രോളിന് മുമ്പ് കൽക്കരിയായിരുന്നു ഇന്ധനം. കൽക്കരി ഏതാണ്ട് തീർന്നതോടെ പുതിയൊരു ഇന്ധനം കണ്ടുപിടിക്കപ്പെട്ടു. പെട്രോളും ഡീസലും തീരുകയാണ്. പുതിയ ഒരു ഇന്ധനത്തിനുള്ള ഗവേഷണങ്ങൾ പൊടിപൊടിക്കുന്നു. ഇതിലെല്ലാം അസ്വാഭാവികമായി എന്തുണ്ട്? അച്ചടിയും പുസ്തകവും കണ്ടുപിടിക്കുന്നതിന് മുമ്പ് വാമൊഴിയായിരുന്നു വിനിമയ മാധ്യമം. പിന്നീടത് വരമൊഴിയായി. വരമൊഴി അവസാനിക്കുന്നത് സ്വാഭാവികം മാത്രം. ഈ ലോകം വാമൊഴിയുടേതോ വരമൊഴിയുടേതോ അല്ല, തിരമൊഴിയുടേതാണ്. പെട്രോൾ അവസാനിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും കൽക്കരി അടുപ്പുകൾ കത്തിക്കുന്നവരുണ്ടാകാം. പക്ഷേ ഇത് കൽക്കരിയുടെ കാലമല്ലല്ലോ. കൽക്കരി തിന്നല്ല ഒരു തീവണ്ടിയുമിപ്പോൾ കൂകിപ്പായുന്നത്. പുസ്തകം വന്നിട്ടും നാം വർത്തമാനം പറച്ചിൽ അവസാനിപ്പിച്ചിട്ടില്ല. പുസ്തകം അവസാനിച്ചാലും പുസ്തക വായന അവസാനിക്കണമെന്നില്ല. എങ്കിലും പുസ്തകം അവസാനിച്ചു, വരമൊഴി അവസാനിച്ചു, ഇനി തിരമൊഴിയുടെ കാലം എന്ന് വിളിച്ചു പറയേണ്ട കാലമായിരിക്കുന്നു.
പെരുക്കപ്പട്ടിക മനഃപാഠമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. കണക്ക് മാഷുടെ പിച്ചും തിരുമ്മും അടിയും കൊണ്ട് പതിനാറ് വരെയുള്ള പെരുക്കപ്പട്ടിക ഞാനും കാണാപ്പാഠമാക്കിയതാണ്. നല്ല കാര്യം. കൂർക്കം വലിച്ച് കിടക്കുമ്പോൾ പോലും ചോദിച്ചോളൂ: പതിനാറ് പതിനാറ്? ഇരുന്നൂറ്റി അമ്പത്തിയാറ്. പതിമൂന്ന് പതിമൂന്ന്? നൂറ്റിഅറുപത്തി ഒമ്പത്. പന്ത്രണ്ട് പന്ത്രണ്ട്? നൂറ്റി നാൽപത്തിനാല്. പക്ഷേ എൽ.കെ.ജിയിൽ പോകാൻ തുടങ്ങിയ എന്റെ കൊച്ചുമോൾ എന്തിന് എന്നെ പോലെ പെരുക്കപ്പട്ടിക മനഃപ്പാഠമാക്കണം? അവളുടെ സ്‌കൂൾ ബാഗിൽ കാൽക്കുലേറ്റർ ഉണ്ടല്ലോ, പിന്നെന്തിന്?'' വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ, പുത്തനൊരായുധമാണ് നിനക്കത്, പുസ്തകം കൈയിലെടുക്കൂ എന്ന മുദ്രാവാക്യത്തിന്റെ കാലമൊക്കെ കഴിഞ്ഞു എന്നർത്ഥം. 
വായനയുമായി ബന്ധപ്പെട്ട് തന്നെയാണ് ലൈബ്രറികളുടേയും പ്രശ്‌നം. കേരളത്തിലങ്ങോളമിങ്ങോളമായി ആയിരക്കണക്കിനു ലൈബ്രറികളുണ്ട്. ഒരു കാലത്ത് സാമൂഹ്യ ജീവിതത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നവയായിരുന്നു. നാട്ടിലെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രവുമായിരുന്നു അവ. അതെല്ലാം സത്യം. എന്നാലിപ്പോഴെന്താണ് അവസ്ഥ? ഏതാനും നഗരങ്ങളിലെ പബ്ലിക് ലൈബ്രറികളിൽ പുസ്തകമെടുക്കാനും വായിക്കാനും ഏതാനും പേർ വരുന്നുണ്ടാകാം. 90 ശതമാനം ലൈബ്രറികളുടേയും അവസ്ഥ എന്താണ്? അംഗങ്ങൾ പുസ്തകമെടുത്തതായും തിരിച്ചുകൊണ്ടുവന്നതായും കള്ള രജിസ്റ്റർ ഉണ്ടാക്കലാണ് ലൈബ്രേറിയന്റെ പ്രധാന തൊഴിൽ. നുണയാണെന്നറിഞ്ഞിട്ടും അതെല്ലാം നോക്കി വർഷാവർഷം കോടിക്കണക്കിനു രൂപയാണ് ഈ ലൈബ്രറികൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നത്. അതും നേരത്തെ പറഞ്ഞ നമ്മുടെ നൊസ്റ്റാൾജിയക്കു വേണ്ടിത്തന്നെ. 
ഒരിക്കൽ എൻ ബി എസിനെ രക്ഷിക്കാൻ വേണ്ടി സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളിലും ലൈബ്രറി ആരംഭിച്ച് അവിടേക്കുള്ള പുസ്തകങ്ങൾ എൻബിഎസിൽ നിന്നു വാങ്ങിപ്പിക്കുകയുണ്ടായി. മന്ത്രിയായിരുന്ന ജി സുധാകരന്റെ ബുദ്ധിയായിരുന്നു അത്. ഏതെങ്കിലും സംഘത്തിൽ ലൈബ്രറി പ്രവർത്തിക്കുന്നുണ്ടോ? എൻബിഎസ് രക്ഷപ്പെട്ടോ? ഈ ഗ്രാന്റ് നൽകുന്ന തുക അശരണരായ വൃദ്ധജനങ്ങൾക്ക് പെൻഷൻ നൽകാൻ ഉപയോഗിച്ചെങ്കിൽ എത്ര നന്നായിരിക്കും. കൃത്രിമ ശ്വാസോഛ്വാസം നൽകി നിലനിർത്തേണ്ട ഒന്നല്ല പുസ്തക വായന. മറ്റൊന്നുകൂടി. പുതുതലമുറക്ക് വായനാ ശീലമില്ലെങ്കിൽ അതിൽ വായനയുടെ ഉപാസകരായിരുന്ന രക്ഷിതാക്കൾക്കും പങ്കില്ലേ? അവരെ പാഠപുസ്തകങ്ങളൊഴികെ മറ്റെന്തെങ്കിലും വായിക്കാൻ അനുവദിക്കാറുണ്ടോ? കുട്ടികൾ അവർക്കാവശ്യമുള്ളത്, താൽപര്യമുള്ള രീതിയിൽ വായിക്കും. നമുക്കിഷ്ടപ്പെടുന്നതാവണം അവർക്കിഷ്ടപ്പെടുന്നതെന്നു ധരിക്കുന്നതാണ് തെറ്റ്. ഇ -  വായന വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുസ്തകങ്ങളേക്കാൾ എത്രയോ സൗകര്യപ്രദമാണത്.
മുമ്പ് വായനശാലകളിൽ സർഗാത്മക ചർച്ചകളും നടന്നിരുന്നു. ഇന്നതില്ല എന്നു വിലപിക്കുന്നവരും ഉണ്ട്. ഇന്നും ചർച്ചകളൊക്കെ നടക്കുന്നുണ്ട്. വായനശാലകളിലാവണമെന്നില്ല മാത്രം . ചിലപ്പോൾ ബാറുകളിലാകാം. അടുത്തയിടെ സാഹിത്യ അക്കാദമി ഹാളിൽ ഒരു ചർച്ച നടക്കുമ്പോൾ പുറത്തിരുന്ന് ചർച്ചകൾ നടത്തിയിരുന്ന ചെറുപ്പക്കാരെ നോക്കി ചില പ്രസംഗകർ പറഞ്ഞത് യുവതലമുറ എന്തേ ഇങ്ങനെ പോകുന്നു എന്ന്? സത്യത്തിൽ അകത്തെ ചർച്ചകളേക്കാൾ എത്രയോ ഉയർന്ന ചർച്ചകളാണ് പുറത്തു നടക്കുന്നത്. പണ്ടൊരിക്കൽ സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന എം. മുകുന്ദൻ തന്നെ അത് സമ്മതിച്ചിരുന്നു. വായനയുടെ കാര്യത്തിലും ഇതാണ് ശരി. 
ഗൃഹാതുരത്വം പ്രഖ്യാപിക്കുന്ന ഈ വായനാദിനവും വായനാവാരവും അവയുമായി ബന്ധപ്പെട്ട സ്ഥിരം ചടങ്ങുകളും ഇനിയെങ്കിലും അവസാനിപ്പിക്കുകയാണ് ഉചിതം.
 

Latest News