Sorry, you need to enable JavaScript to visit this website.

മക്ക റൂട്ട് പദ്ധതി അടുത്ത വർഷത്തോടെ ഇന്ത്യയിലും 

ജിദ്ദ- ഹജ് തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വദേശങ്ങളിലെ വിമാനത്താവളങ്ങളിൽ പൂർത്തിയാക്കാൻ സാധിക്കുന്ന മക്ക റൂട്ട് പദ്ധതി അടുത്ത വർഷത്തോടെ ഇന്ത്യയിലും പ്രാവർത്തികമായേക്കുമെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ജിദ്ദയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇതു സംബന്ധിച്ച് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രിതല, ഉദ്യോഗസ്ഥതല ചർച്ചകൾ ദൽഹിയിൽ നടന്നിരുന്നു. ഇതു പ്രാവർത്തികമാക്കണമെങ്കിൽ ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന്റെ തുടക്കമെന്ന നിലയിലാണ് ഈ വർഷം ആദ്യമായി മദീനയിൽ പ്രീ അലോട്ട്‌മെന്റ്, പ്രീ ബാഗേജ് സംവിധാനം ഏർപ്പെടുത്തിയത്. നാട്ടിൽനിന്നു കയറുമ്പോൾ തന്നെ മദീനയിൽ താമസിക്കുന്ന ഹോട്ടലിന്റെ പേരും റൂം നമ്പറുമെല്ലാം ഹാജിമാർക്ക് ലഭിക്കും. ഇതു രേഖപ്പെടുത്തി അയക്കുന്ന ബാഗേജും അവരവരുടെ മുറികളിൽ കിട്ടും. മക്കയിൽ ഇത് നേരത്തെ മുതൽ നടപ്പാക്കുന്നുണ്ട്. 
മക്ക റൂട്ട് പദ്ധതിക്ക് ബയോ മെട്രിക്, എമിഗ്രേഷൻ സംവിധാനങ്ങളാണ് ഇനി ഏർപ്പെടുത്തേണ്ടത്. അതിനു സമയം ആവശ്യമായതിനാലാണ് ഈ വർഷം ഇന്ത്യ പദ്ധതിക്കു കീഴിൽ ഉൾപ്പെടാതിരുന്നതെന്നും അടുത്ത വർഷം ഈ ആനുകൂല്യം ഇന്ത്യൻ ഹാജിമാർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അംബാസഡർ പറഞ്ഞു.
മക്ക റൂട്ട് പദ്ധതിയിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുനീഷ്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഈ വർഷം ഉൾപ്പെട്ടിട്ടുള്ളത്. 2017 ൽ തുടക്കമിട്ട പദ്ധതി പരീക്ഷണാർഥം ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ് ആരംഭിച്ചത്.
ഉംറ തീർഥാടകരെ വഞ്ചിക്കുന്ന ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അംബാസഡർ മുന്നറിയിപ്പു നൽകി. വളരെ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് തീർഥാടകരെ ആകർഷിച്ച് ഇവിടെ കൊണ്ടുവന്ന ശേഷം മടക്ക ടിക്കറ്റ് റദ്ദാക്കി തട്ടിപ്പ് നടത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. അടുത്തിടെ കർണാടകയിൽനിന്നു വന്ന 82 തീർഥാടകരാണ് മദീനയിൽ കുടുങ്ങിയത്. അതിനു മുൻപ് കേരളത്തിൽനിന്നു വന്ന തീർഥാടകരും ഇങ്ങനെ വഞ്ചിക്കപ്പെട്ടിരുന്നു. ഹൈദരാബാദിൽനിന്നുള്ള തീർഥാടകർക്കും ഇത്തരം  അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിനുത്തരവാദികളായ ഏജൻസികളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി നടപടി എടുക്കാൻ സംസ്ഥാന സർക്കാരുകളോടും മറ്റു ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചു.

Latest News