Sorry, you need to enable JavaScript to visit this website.

കേരളം വികസന നയം മാറ്റുന്നു

മുഖ്യമന്ത്രി പിണറായിയുടെയും ഇടതുപക്ഷ - ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെയും വികസന മനോഭാവവും സമീപനവും ഇത്ര പെട്ടെന്ന് മാറിയോ? കേരളത്തിന്റെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സർക്കാരും കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച അടിയന്തര നടപടികളും തിരുത്തലുകളും അതാണ് വെളിപ്പെടുത്തുന്നത്.
കേന്ദ്ര സഹായത്തിന്റെ ഭാഗമായി കേരളത്തിൽ 45 മീറ്റർ വീതിയിൽ പൂർത്തിയാക്കേണ്ട 600 കിലോമീറ്റർ ദേശീയപാതാ വികസനച്ചെലവിലേക്ക് 6000 കോടി രൂപ സംസ്ഥാനം വഹിക്കാമെന്നാണ് കേരള സർക്കാർ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ഇതിനായി  പ്രധാന വകുപ്പുകളുടെ പദ്ധതി വിഹിതത്തിൽനിന്ന് 20 ശതമാനം തുക വെട്ടിക്കുറയ്ക്കാനും സമ്മതിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽനിന്ന് 1000 കോടി രൂപയും ദേശീയപാതാ ഫണ്ടിലേക്ക് നീക്കിവെക്കും.   
കേന്ദ്ര പദ്ധതിക്കു വേണ്ടി സംസ്ഥാനം സ്വന്തം പദ്ധതി വെട്ടിക്കുറയ്ക്കുന്നു എന്നാണ് ഇതിനർത്ഥം.  കേരളത്തിന്റെ വാർഷിക പദ്ധതിയും ബജറ്റും വെട്ടിച്ചുരുക്കേണ്ടി വന്നിരിക്കുന്നു. ജി.എസ്.ടി വരുമാനത്തിൽനിന്ന് 3000 കോടി ദേശീയപാതാ അഥോറിറ്റിക്ക് കൈമാറുന്നു. കേരള പുനർനിർമാണത്തിനെന്നു പറഞ്ഞ് കിഫ്ബി മുഖേനയും മസാല ബോണ്ട് മുഖേനയും ശേഖരിക്കുന്ന തുകയിൽനിന്നും പോരാത്ത വിഹിതം നൽകാനാണ് തീരുമാനം. 
ദേശീയപാതാ വികസനത്തിന്റെ പേരിൽ  ഫെഡറൽ ബന്ധങ്ങളെ തകർത്ത് സംസ്ഥാന വരുമാന വിഹിതം കൂടി  കേന്ദ്രം കവർന്നെടുക്കുന്നു. സംസ്ഥാനത്ത് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കണമെങ്കിൽ അതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന പുതിയ വ്യവസ്ഥ ഇടതു-ജനാധിപത്യ മുന്നണി ഗവണ്മെന്റ് നിശ്ശബ്ദം അംഗീകരിക്കുകയാണ്. 
       കേന്ദ്രം പൂർത്തിയാക്കേണ്ട 600 കിലോമീറ്റർ ദേശീയപാതാ വികസനത്തിന്റെ മൊത്തം ചെലവ് 44,000 കോടിയെന്നാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പു ഘട്ടത്തിൽ കഴിഞ്ഞ വർഷം ഇത് മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിതെന്നും ജനങ്ങളെ അണിനിരത്തി തിരുത്തിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ പ്രഖ്യാപിച്ചിരുന്നു. 
തെരഞ്ഞെടുപ്പ് തിരക്കു കഴിഞ്ഞ് വിശ്രമിക്കാനെന്ന പേരിൽ കേന്ദ്ര മന്ത്രി ഗഡ്ഗരിയും കുടുംബവും ഒരാഴ്ച കേരളത്തിലുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനെത്തിയ ഗഡ്കരി ജൂൺ 11 ന് കുടുംബ സമേതം കേരള നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ സ്പീക്കറും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സന്ദർശക ഗാലറിയിൽ വിശിഷ്ടാതിഥിയായി സഭാ നടപടികൾ വീക്ഷിക്കുകയും  ചെയ്തു. തന്റെ 'സുഹൃത്തായി കരുതുന്ന' മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കുടുംബ സമേതം ഉച്ചഭക്ഷണവും കഴിച്ചു. 
പിറ്റേന്ന് ഒരു പ്രമുഖ മലയാള പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ചൈനയും റഷ്യയും വികസന നയങ്ങൾ മാറ്റിയിട്ടും കേരളം അതു മാറ്റാത്തതാണ് പ്രശ്‌നമെന്ന് ഗഡ്കരി പറഞ്ഞു.  ഈ നില തുടർന്നാൽ കേരളത്തിലെ അടുത്ത തലമുറയും വിദേശത്തു പോയി തൊഴിലെടുക്കേണ്ടി വരുമെന്നും വിമർശിച്ചു. 
കേരളത്തിലെ ഭൂമിവിലയും ഇന്ധനച്ചെലവും പരിഗണിച്ച് ആകാശപാതയും കടൽ വിമാനവും ആകാശ ബസും മറ്റും ആരംഭിക്കാൻ വൈകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിലോമീറ്ററിന് 350 കോടി ചെലവു വരുന്ന മെട്രോയ്ക്കു പകരം 50 കോടി രൂപ ചെലവു വരുന്ന ആകാശ ബസ് തുടങ്ങാൻ ബസ് നിർമാണ കമ്പനി എം.ഡിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് സംസാരിക്കണമെന്നു കൂടി അദ്ദേഹം ശുപാർശ ചെയ്തു. മുഖ്യമന്ത്രി തന്റെ സുഹൃത്താണെന്നും മുൻഗണനാ പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കിയത് ഉദ്യോഗസ്ഥരുടെ തെറ്റാണെന്നും താനത് തിരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തോട് വിവേചനമില്ലെന്നും വ്യക്തമാക്കി.  
'കേരളത്തിന്റെ വികസന മനോഭാവം മാറണം. മുഖ്യമന്ത്രി നല്ല സുഹൃത്താണ്. നല്ല പദ്ധതി കൊണ്ടുവരൂ. എല്ലാ പിന്തുണയും ഉണ്ടാകും. പണവും തരാം.'  ഇങ്ങനെ പറഞ്ഞാണ് ഗഡ്ഗരി  ദൽഹിക്കു മടങ്ങിയത്. 
മൂന്നു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയും പൊതു മരാമത്ത് മന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും ദൽഹിയിൽ ഗഡ്കരിയെ സന്ദർശിച്ചു. സംസ്ഥാന വിഹിതമില്ലാതെ കഴിഞ്ഞ അഞ്ചു വർഷക്കാല ഭരണത്തിൽ ഇന്ത്യയിൽ 17 ലക്ഷം കിലോമീറ്റർ ദേശീയപാത വിവിധ സംസ്ഥാനങ്ങളിലൂടെ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് 600 കിലോമീറ്റർ മാത്രം വരുന്ന കേരളത്തിന്റെ പാതാ വികസനം. 
ഇതിന്റെ മൊത്തം ചെലവായി കണക്കാക്കിയ 44,000 കോടിയിൽ 24,000 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിവരും. അതുകൊണ്ട് അതിന്റെ നാലിലൊന്നായ 6000 കോടി സംസ്ഥാനം വഹിക്കണമെന്നാണ് ദൽഹി യോഗത്തിൽ ഗഡ്കരി നിർദേശിച്ചത്. സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുകയായിരുന്നു. അതാണിപ്പോൾ നടപ്പാക്കാമെന്ന് കേരള സർക്കാർ കേന്ദ്രത്തെ അറിയിച്ചത്. 
 പിണറായി സർക്കാർ ഭരണത്തിന്റെ നാലാം വർഷത്തേക്ക് കടന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനമൊരുക്കുന്നതിൽ മുഖ്യമായത് ദേശീയ പാതാ വികസനമാണ്. അതിന്റെ സ്ഥലമെടുപ്പു പോലും പൂർത്തിയായിട്ടില്ല. ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളിൽനിന്നു പലമടങ്ങ് കൂടുതലായ ഇവിടെ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെയും സർക്കാറിന് നേരിടേണ്ടതുണ്ട്. 
ഇടതുപക്ഷ സർക്കാർ നേരിടുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കുകയാണ് ബി.ജെ.പിയുടെ മുൻ അധ്യക്ഷൻ കൂടിയായ ഗഡ്കരി യഥാർത്ഥത്തിൽ ചെയ്തത്. ഈ ഗവണ്മെന്റിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്ക് ദേശീയ പാതാ നിർമാണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കേന്ദ്ര നിർദേശം വള്ളിപുള്ളി വിടാതെ അനുസരിക്കണം. 
ദൽഹി യോഗത്തിന്റെ നിർദേശാനുസരണം വിശദ പദ്ധതി രേഖകൾ തയാറാക്കാനും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനും അതിന് വേണ്ട പണം വിതരണം ചെയ്യാനും വിവിധ ജില്ലാ കലക്ടർമാരെയും ദേശീയപാതാ വിഭാഗത്തെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. 
 ഗഡ്കരി നിർദേശിച്ച വികസന നയം മാറ്റം ദേശീയ പാതയിൽ ഒതുങ്ങുന്നതല്ല. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ തന്റെ ലോക്‌സഭാ മണ്ഡലമായ നാഗ്പൂരിൽ പെഞ്ച് നദിയിലെ ടോട്‌ലഡോക് റിസർവോയറിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതിനെ തുടർന്ന് കേന്ദ്ര ജനവിഭവ മന്ത്രാലയ ഫണ്ടിൽനിന്ന് ആയിരം കോടി രൂപയാണ് ഗഡ്ഗരി സംസ്ഥാനത്തിന് അനുവദിക്കാൻ നിർദേശിച്ചത്.  കേരള മുഖ്യമന്ത്രിയും സംഘവും ഗഡ്ഗരിയുടെ ഈ വികസന രാഷ്ട്രീയം മനസ്സിലാക്കിയതായി തോന്നുന്നില്ല.
കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനവും ഈടാക്കുന്ന സർച്ചാർജിന്റെ വിഹിതവും കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകണമെന്നും സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികളുടെ ഫണ്ട് പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ആവശ്യപ്പെട്ട പാർട്ടിയാണ് സി.പി.എം. സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കു വേണ്ടി കേന്ദ്രവുമായി പോരാടിപ്പോന്ന പാർട്ടി. ഗഡ്കരി പറഞ്ഞതുപോലെ കേരളത്തിലിപ്പോൾ  അതിന്റെ വികസന നയം കൊട്ടും കുരവയുമൊന്നും ഇല്ലാതെ അതിവേഗം തിരുത്തിക്കൊണ്ടിരിക്കുന്നു. എൽ.ഡി.എഫിലെ ഘടക കക്ഷികളായ സി.പി.എം - സി.പി.ഐ അടക്കമുള്ള പാർട്ടികളുടെ നേതൃത്വം ഇത് അറിയുന്നുണ്ടോ ആവോ!

Latest News