Sorry, you need to enable JavaScript to visit this website.

കർണാടക: പുതിയ സർക്കാരുണ്ടാക്കാൻ ബി.ജെ.പി; യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് സൂചന 

ബംഗളുരു- കര്‍ണാടകയില്‍ കോൺഗ്രസ്– ദൾ സഖ്യത്തിലെ എംഎൽഎമാരുടെ കൂട്ടരാജിക്കു പിന്നാലെ മറുനീക്കം ശക്തമാക്കി ബി.ജെ.പി. യെഡിയൂരപ്പ മുഖ്യമന്ത്രിയായി പുതിയ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി തയാറായി  എന്നാണ് സൂചനകൾ. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സർക്കാർ രൂപീകരണത്തെപ്പറ്റി സൂചന നൽകിയത്. 11എംഎൽഎമാർ ശനിയാഴ്ച സ്പീക്കർക്ക് രാജി നൽകിയതിനു പിന്നാലെയാണു ബി.ജെ.പി യുടെ നീക്കം. .

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമർപ്പിച്ചത്. ഇവരെ അനുനയിപ്പിക്കാനായി മന്ത്രി ഡി.കെ.ശിവകുമാര്‍ വിധാന്‍സൗധയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയുന്നത്. സ്പീക്കര്‍ ഓഫിസില്‍ ഇല്ലായിരുന്നു. എംഎൽഎമാരുടെ രാജിക്കത്ത് കിട്ടിയതായി പിന്നീട് സ്പീക്കർ സ്ഥിരീകരിച്ചു.

ഗവർണർക്കാണു പരമാധികാരം. അദ്ദേഹം ക്ഷണിച്ചാൽ തീർച്ചയായും ‍ഞങ്ങൾ സർക്കാരുണ്ടാക്കും. 105 എംഎൽഎമാരുള്ള ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പുതിയ സർക്കാരുണ്ടായാൽ ബി.എസ്.യെഡിയൂരപ്പയാകും മുഖ്യമന്ത്രി– സദാനന്ദ ഗൗഡ മാധ്യമങ്ങളോടു പറഞ്ഞു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്പീക്കറുടെ ഓഫിസിലെത്തിയ എംഎൽഎമാരിൽ ചിലരുടെ രാജിക്കത്ത് ഡി.കെ.ശിവകുമാർ കീറിക്കളഞ്ഞതു തെറ്റായ കാര്യമാണെന്നും യെഡിയൂരപ്പ പറഞ്ഞു.

224 അംഗ നിയമസഭയിൽ 119 അംഗങ്ങളാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളത്. ഇതിൽ ആനന്ദ് സിങ്ങും രമേഷ് ജാർക്കിഹോളിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. ജാർക്കിഹോളിയുടേത് ഫാക്സ് സന്ദേശമായതിനാൽ നേരിട്ടെത്തി രാജി സ്വീകരിക്കണമെന്ന് സ്പീക്കർ നിർദേശിച്ചിരുന്നു. കോൺഗ്രസിൻറെ 79 എം‌എൽ‌എമാരും  ജെ.ഡി.എസിൻറെ 37 എം‌എൽ‌എ മാരും ബി‌.എസ്‌.പിയുടെ   ഒരു  എം‌എൽ‌എയുമടങ്ങിയതാണ് സഖ്യം. രണ്ട് സ്വതന്ത്ര എം‌എൽ‌എമാരായ രണബെന്നൂരിൽ നിന്നുള്ള ആർ ശങ്കർ, മുൽബഗൽ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള എച്ച്. നാഗേഷ് എന്നിവരും സഖ്യത്തെ പിന്തുണയ്ക്കുന്നു. അതേസമയം, 105 എം‌എൽ‌എമാരാണ് ബിജെപിക്കുള്ളത്. നിയമസഭയിലെ കേവല ഭൂരിപക്ഷം  113 ആണ്.

Latest News