ലോകത്തെ വിറപ്പിച്ച് വീണ്ടും സൈബര്‍ ആക്രമണം; ഇന്ത്യയിലുമെത്തി

റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിനിരയായതായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട്. നിരവധി കമ്പനികളുടെ കംപ്യൂട്ടറുകള്‍ ആക്രമണത്തില്‍ നിലച്ചു. സ്രോതസ്സ് ഇനിയും കണ്ടുപിടിക്കാന്‍ കഴിയാത്ത വൈറസ്
ബിറ്റ്‌കോയിനുകള്‍ വഴി പണം നല്‍കുന്നതുവരെ കംപ്യൂട്ടറുകള്‍ നിശ്ചലമാക്കുകയാണ് ചെയ്യുന്നത്. ഉക്രൈനിലെ സര്‍ക്കാര്‍ ഊര്‍ജ കമ്പനിയും കീവ് എയര്‍പോര്‍ട്ടുമാണ് സൈബര്‍ ആക്രമണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള സെന്‍സറുകള്‍ സ്തംഭിച്ചതിനെ തുടര്‍ന്ന് ചെര്‍ണോബില്‍ ആണവ റിയാക്ടറിലെ അണുവികരണ തോത് നേരിട്ടാണ് പരിശോധിക്കുന്നത്.

ഇന്ത്യയിലും റാന്‍സംവെയര്‍ ആക്രണം റിപ്പോര്‍ട്ട് ചെയ്തു. മുംബൈ തുറമുഖത്തെ കംപ്യൂട്ടറുകളിലാണ് റാന്‍സംവെയര്‍ ആക്രമണമുണ്ടായത്. വൈറസ് ആക്രമണം തുറമുഖത്തെ ചരക്കുനീക്കത്തെ ബാധിച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി തുറമുഖ അധികൃതര്‍ അറിയിച്ചു.
റഷ്യയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചിരിക്കെ ഇന്റര്‍നാഷണല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഒരുവര്‍ഷം മുമ്പ് നാശമുണ്ടാക്കിയ പെറ്റിയം എന്ന വൈറസ് വീണ്ടും സജീവമായതാണ് സൈബര്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. റഷ്യയിലും ഉക്രൈനിലും  കമ്പനികള്‍, ബാങ്ക് , ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയെ ബാധിച്ചു.

 

Latest News