Sorry, you need to enable JavaScript to visit this website.

സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി

കണ്ണൂർ - ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി. തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്.

അസിസ്റ്റന്റ് ചീഫ് ടൗണ്‍ പ്ലാനറുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ചട്ടലംഘനവുമായി ബന്ധപ്പെട്ട് മുന്‍പ് കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലുടന്‍ തന്നെ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. അഡീഷണല്‍ സെക്രട്ടറി സികെ ജോസാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

നാലു പിഴവുകളാണ് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇതില്‍ മൂന്നു പോരായ്മകള്‍ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് കണ്‍വെന്‍ഷന്‍ സെന്റിന് പുറത്ത് തുറസ്സായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചതാണ്. ഇക്കാര്യത്തില്‍ ഇളവ് തേടിക്കൊണ്ട് മന്ത്രി എസി മൊയ്‌തീന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കൂടി ലഭിച്ചു കഴിഞ്ഞാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുഥിക്കിയ പ്ലാന്‍ സമര്‍പ്പിക്കാം. പിഴവുകള്‍ പരിഹരിച്ചു എന്നു കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം ഇത്തരത്തില്‍ പരിഹരിക്കാവുന്ന പിഴവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും. അനുമതി നിഷേധിക്കാത്ത തരത്തിലുള്ള കാരണങ്ങള്‍ ഇല്ലായിരുന്നു എന്നുമാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.

Latest News