Sorry, you need to enable JavaScript to visit this website.

ഹിംസയുടെ രാഷ്ട്രീയത്തെ കാമ്പസുകൾ പുറംതള്ളും -ഫ്രറ്റേണിറ്റി

കൊച്ചി - വിദ്യാർഥികളുടെ ജീവനെയും ശരീരത്തെയും അഭിമാനത്തെയും ഹനിക്കുന്ന ഹിംസയുടെ രാഷ്ട്രീയത്തെ കാമ്പസുകൾ പുറന്തള്ളുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. വിവേചനങ്ങളോട് വിയോജിക്കുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് കമ്പസുകളിൽ വ്യത്യസ്ത തരത്തിലുള്ള ഹിംസകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. വംശം, ജാതി, മതം, ലിംഗം, പ്രദേശം തുടങ്ങിയ വിവിധ ഭിന്നതകളെ അടിസ്ഥാനമാക്കി വിവേചനങ്ങളുമുണ്ട്. രോഹിത് വെമുലയെ പോലുള്ളവർ ജീവൻ ത്യജിക്കേണ്ടിവന്നതും നജീബിനെ അപ്രത്യക്ഷമാക്കിയതും ഇതേ ഹിംസയുടെ രാഷ്ട്രീയമാണ്.
ദേശീയ തലത്തിൽ സംഘ്പരിവാർ തങ്ങൾക്ക് വഴങ്ങാത്തവരെ കാമ്പസുകളിൽ അടിച്ചൊതുക്കുന്നുണ്ട്. കേരളത്തിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും അതേ രാഷ്ട്രീയമാണ് പ്രയോഗിക്കുന്നത്. വിവിധ പാർട്ടികളെ അവരുടെ രാഷ്ട്രീയം പറയുന്നത് തടയാൻ ശാരീരികമായി നേരിടുകയാണ് എസ്.എഫ്.ഐ പോലുള്ള സംഘടനകൾ.
ഫ്രറ്റേണിറ്റി സഹോദര്യ ജാഥക്ക് തുടക്കം കുറിച്ച ദിവസം തന്നെ തിരുവനന്തപുരം ലോകോളേജിലും പിന്നീട് എസ്.ഡി കോളേജടക്കമുള്ള കാമ്പസുകളിലും ഈ അക്രമ രാഷ്ട്രീയം അവർ പുറത്തെടുത്തിരുന്നു. തങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാത്തതിന് ദലിത് വിദ്യാർഥിനിയെ ഉപദ്രവിച്ചത് കാരണം ആത്മഹത്യാശ്രമം നടന്നത് ഈയടുത്താണ്. 
കാമ്പസുകൾ രാജ്യത്തിന്റെ ഭാവി നേതാക്കളെയും പൗരൻമാരെയുമാണ് വളർത്തുന്നത്. അതുകൊണ്ട് ഭാവി ജനാധിപത്യത്തെ തീരുമാനിക്കുന്നത് കാമ്പസുകളാണ്. വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളാനാകുന്ന ജനാധിപത്യ ബോധം കാമ്പസുകളിൽ വ്യാപിക്കണം. അക്രമങ്ങൾക്കും ഹിംസകൾക്കും പകരം സാഹോദര്യത്തിന്റെ സംവാദം വികസിച്ചുവരണം. 
ഈ സ്വീകരണ സമ്മേളനം നടക്കുന്ന മഹാരാജാസിൽ അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ ആദിവാസിയായ അഭിമന്യുവിന് ജീവൻ നഷ്ടമായി. ഈ കൊലപാതകത്തെ രാഷ്ട്രീയാവശ്യങ്ങൾക്കും ഫണ്ട് പിരിവിനും ഉപയോഗിച്ചവർ ഇന്ന് കാമ്പസിൽ അനധികൃതമായി സ്മാരകങ്ങളുയർത്താനാണ് നോക്കുന്നത്. തങ്ങളുടെ പൊലീസിനെ ഉപയോഗിച്ച് അക്രമികളെ പിടിക്കാൻ അവരിത് വരെ ശ്രമിച്ചിട്ടില്ല. അക്രമ രാഷ്ട്രീയത്തെ നിലനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് ആരാണെന്ന് ഇത് തെളിയിക്കുന്നുണ്ട്.
അഭിമന്യു പോലുള്ള സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ഹിംസയുടെ രാഷ്ട്രീയത്തെ കാമ്പസുകൾ പുറംതള്ളണമെന്നും ഷംസീർ പറഞ്ഞു. 
കാമ്പസുകളിൽ വിവിധ വിവേചനങ്ങളും സാമൂഹികനീതി നിഷേധങ്ങളും അക്രമങ്ങളും തടയാൻ രോഹിത് വെമുല ആക്ട് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് റിസ്വാൻ പെരിങ്ങാല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാൻ മുഖ്യപ്രഭാഷണം നടത്തി. 

കളമശ്ശേരി പോളിടെക്‌നിക്, കൊച്ചിൻ യുണിവേഴ്‌സിറ്റി ക്യാമ്പസ്, ഗവ. ലോ കോളേജ് , മഹാരാജാസ് കോളേജ്, പള്ളുരുത്തി എന്നിവടങ്ങളിൽ പര്യടനം നടത്തിയ ജാഥ വടുതലയിൽ സമാപിച്ചു. 
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളായ അനീഷ് പാറമ്പുഴ, മഹേഷ് തോന്നക്കൽ, കെ.എം. ശഫ്രിൻ, എം.ജെ സാന്ദ്ര, മുജീബുറഹ്മാൻ, ജില്ലാ പ്രസിഡന്റ് മുഫീദ് കൊച്ചി, മഹേഷ് തോന്നയ്ക്കൽ, മുഹമ്മദ് ഫർഹാൻ, യാസിർ പള്ളിക്കര, നസീഫ്, റിസ്വാൻ പെരിങ്ങാല, ഫായിസ് ഹംസ, സഹല, സൽമാൻ തുടങ്ങിയവർ സംസാരിച്ചു. 
വിവിധ കേന്ദ്രങ്ങളിൽ കലാ സംഘം നാടകമവതരിപ്പിച്ചു. ജാഥ ഇന്ന് പുതുവൈപ്പിൻ, വടയമ്പാടി സമരങ്ങൾ സന്ദർശിക്കും. കുന്നത്ത് നാട്, തെക്കൻ മാലിപ്പുറം കോളനി, ചെറായി എനിവടങ്ങളിൽ പര്യടനം നടത്തി തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും. ജാഥ 20 ന് കാസർഗോഡ് സ്ഥാപിക്കും.
 

Latest News