കരിപ്പൂരില്‍ ജംബോ വിമാനത്തിന് അനുമതിയായി; ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ, ദുബായിലേക്ക് എമിറേറ്റ്‌സ്

കൊണ്ടോട്ടി - കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യയുടെ ജംബോ വിമാനങ്ങള്‍ക്കും എമിറേറ്റ്‌സ് എയര്‍ വിമാനത്തിനും അനുമതിയായി.
മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച സാധ്യത റിപ്പോര്‍ട്ടിന്മേലാണ് ഡയറക്ട്‌റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. എയര്‍ ഇന്ത്യ ജിദ്ദയിലേക്കും എമിറേറ്റസ് ദുബായിലേക്കുമാണ് സര്‍വ്വീസ് നടത്തുക.

കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിംഗിന്റെ പേരിലാണ് 2015 മെയ് മുതല്‍ വലിയ വിമാനങ്ങളുടെ അനുമതി റദ്ദാക്കിയത്. പിന്നീട് റണ്‍വേ പ്രവര്‍ത്തികള്‍ കഴിഞ്ഞിട്ടും നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നില്ല.

ജനപ്രതിനിധികളും വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തിയതോടെ സൗദി എയര്‍ലെന്‍സിന് ജിദ്ദയിലേക്ക് സര്‍വ്വീസിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലേക്ക് കരിപ്പൂരില്‍നിന്ന് സൗദിയ സര്‍വ്വീസ് പുനരാരംഭിച്ചത്. എന്നാല്‍ എയര്‍ഇന്ത്യ, എമിറേറ്റ്‌സ് എയര്‍ വിമാനങ്ങള്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


കരിപ്പൂരില്‍ ജംബോ 747 ഉള്‍പ്പടെ കോഡ് ഇ വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. ജംബോ 747, 777-200 എല്‍.ആര്‍, ബി 777-300 ഇ.ആര്‍, ബി 787-8 ഡ്രീംലൈനര്‍ തുടങ്ങിയ വലിയ വിമാനങ്ങള്‍ക്കും ഇനി കരിപ്പൂരില്‍നിന്ന് പറക്കാം. സൗദി അറേബ്യയിലേക്ക് ഹജ് സര്‍വ്വീസിനായി 777-300 ഇ.ആര്‍, എ.330-200 വിമാനങ്ങള്‍ക്കും അനുമതിയായിട്ടുണ്ട്.

ജിദ്ദയിലേക്കുളള സര്‍വ്വീസ് ആറ് മാസത്തേക്ക് പകല്‍ സമയം നടത്തണമെന്നാണ് എയര്‍ഇന്ത്യക്ക് നല്‍കിയ നിര്‍ദേശം.സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എയര്‍ഇന്ത്യ.
ജംബോ സര്‍വ്വീസുകള്‍ക്ക് കൂടി അനുമതിയായതോടെ കരിപ്പൂര്‍ പഴയ കാല പ്രതാപത്തിലേക്ക് മടങ്ങും. ഹജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിച്ച് സര്‍വ്വീസ് ആരംഭിക്കാനിരിക്കെ കരിപ്പൂരില്‍ വലിയ വിമാന സര്‍വ്വീസുകള്‍ക്ക് അനുമതിയായത് പ്രവാസികള്‍ക്ക് ആഹ്ലാദ വാര്‍ത്തയായി.

 

Latest News