Sorry, you need to enable JavaScript to visit this website.

മദ്രസകളിലെ തീവ്രവാദം: ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയത് കള്ള റിപ്പോര്‍ട്ടെന്ന് മമത

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ രണ്ട് ജില്ലകളില്‍ മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്നതിനും റിക്രൂട്ട്‌മെന്റിനും ഉപയോഗിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാരഹിതമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.  
ഇക്കാര്യത്തില്‍ സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിനു പകരം കേന്ദ്രം സ്വന്തം റിപ്പോര്‍ട്ടാണ് പാര്‍ലമെന്റില്‍ നല്‍കിയത്. പാര്‍ലമെന്റില്‍ പ്രത്യേക ചോദ്യങ്ങള്‍ വരുമ്പോള്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മറുപടി തേടാറുണ്ട്.  അതിര്‍ത്തി ജില്ലകളിലെ മദ്രസകളിലെ വിദ്യാര്‍ഥികളെ തീവ്രവാദികളാക്കുന്നുണ്ടോ എന്ന് ജൂണ്‍ 28 ന് നടത്തിയ അന്വേഷണത്തിന് അങ്ങനെയൊരു ചോദ്യമേ ഉത്ഭവിക്കുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.  എന്നാല്‍ സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുന്നതിന് പകരം കേന്ദ്രം  സ്വന്തം മറുപടിയാണ് നല്‍കിയത്- മമതാ ബാനര്‍ജി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ മദ്രസകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു.  സാമൂഹിക വിരുദ്ധര്‍ സാമൂഹിക വിരുദ്ധര്‍ മാത്രമാണെന്നും അവര്‍ക്ക് ഒരു മതവുമായും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളന്‍ കള്ളനാണ്. എന്തെങ്കിലും സംഭവമുണ്ടായാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.  എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവര്‍ എല്ലാ വകുപ്പുകളിലേക്കും കേന്ദ്ര ഏജന്‍സികളുടെ പേരില്‍ കത്തുകള്‍ അയക്കുന്നു. അവര്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുകയാണ്- മമത ബാനര്‍ജി പറഞ്ഞു.

 

Latest News