Sorry, you need to enable JavaScript to visit this website.

അവകാശങ്ങൾക്കായി ഒരു ദളിത് വിദ്യാർത്ഥിയുടെ പോരാട്ടം

അരവിന്ദ് വി.എസ് 

പട്ടികജാതി / പട്ടികവർഗ വിദ്യാർത്ഥികൾക്കു നൽകുന്ന സംവരണത്തേയും സ്‌കോളർഷിപ്പിനേയും മറ്റും ആരുടെയാക്കെയോ ഔദാര്യമായി കാണുന്ന സമീപനം ശക്തമാകുകയാണ്. അതിന്റെ പേരിൽ ഈ വിദ്യാർത്ഥികൾ പലപ്പോഴും മാനസികമായി പീഡിപ്പിക്കപ്പെടുന്നു. അതിന്റെ തുടർച്ചയായിരുന്നല്ലോ രോഹിതി വെമുലയുടെ ആത്മഹത്യ. ഇത്തരം കാര്യങ്ങൾ കേരളത്തിനു പുറത്തു മാത്രമാണ് നടക്കുന്നതെന്ന ധാരണ തെറ്റാണ്. 
കേരളത്തിലും ദളിത് വിദ്യാർത്ഥികൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ അനവധിയാണ്. ഇപ്പോഴിതാ വാർഷിക വരുമാനം രണ്ടര ലക്ഷത്തിനു മുകളിലുള്ളവർക്ക് സ്‌കോളർഷിപ്പ് നിഷേധിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുന്നു. ആരംഭത്തിൽ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഇത് നിഷേധിക്കുന്നത്. ഭാവിയിൽ മറ്റു ക്ലാസുകളിലേക്കും ഇത് ബാധകമാകുമെന്നുറപ്പ്. 
ഈ സാഹചര്യത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് തൃശൂരിൽ നിന്നുള്ള അരവിന്ദ് വി.എസ് നടത്തുന്ന പോരാട്ടം ശ്രദ്ധേയമാകുന്നത്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ സാമൂഹ്യ ശാസ്ത്ര പിജി വിദ്യർത്ഥിയും അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകനുമാണ് അരവിന്ദ്.
രണ്ട് സ്‌കോളർഷിപ്പുകളാണ് കേരളത്തിനകത്തും പുറത്തും ഉപരിപഠനം നടത്തുന്ന ദളിത് വിദ്യാർത്ഥികൾക്കായുള്ളത്. ഒന്ന് ഗവ. ഓഫ് ഇന്ത്യ സ്‌കോളർഷിപ്പും രണ്ടാമത്തേത് ഗവ. ഓഫ് കേരള സ്‌കോളർഷിപ്പും. ഇതിൽ ഗവ. ഓഫ് ഇന്ത്യ സ്‌കോളർഷിപ്പിന് 2.5 ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി. ഗവ. ഓഫ് കേരള സ്‌കോളർഷിപ്പ് ലഭിക്കണമെങ്കിൽ കേരളത്തിന് പുറത്ത് പഠിക്കുന്ന കോഴ്‌സുകൾ കേരളത്തിനകത്ത് ലഭ്യമാകരുതെന്നാണ് നിയമം. ഈ നിയമത്തിലെ പഴുതുപയോഗിച്ച് പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുടെ പഠനം നിഷേധിക്കുന്നതിനെതിരെയായിരുന്നു അരവിന്ദന്റെ പോരാട്ടം. 
തനിക്ക് അവകാശപ്പെട്ട സ്‌കോളർഷിപ്പ് നിഷേധിക്കപ്പെട്ടപ്പോഴാണ് അരവിന്ദ് പട്ടിക ജാതി കമ്മീഷനെ പരാതിയുമായി സമീപിച്ചത്. തുടർന്ന് കമ്മീഷൻ സിറ്റിങ് വിളിച്ചു. സിറ്റിങിൽ അരവിന്ദിനെയും പട്ടികജാതി കമ്മീഷനിലെ ഉദ്യോഗസ്ഥയെയും വിളിച്ചു വരുത്തി. കമ്മീഷന്റെ സിറ്റിംഗിലാണ് ഉദ്യോഗസ്ഥർ അപേക്ഷ നിരസിക്കാൻ കണ്ടെത്തിയ 2.5 ലക്ഷത്തിന്റെ വരുമാന പരിധി കേരള സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന വിവരമറിയുന്നത്. എന്നാൽ ഈ വിവരമറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥ വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കുകയായിരുന്നു. 
കമ്മീഷൻ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥ ഒരു ആഴ്ചയ്ക്കുള്ളിൽ സ്‌കോളർഷിപ്പ് അനുവദിക്കാമെന്ന് കമ്മീഷന് ഉറപ്പുകൊടുത്തു. 
വിജിലൻസിൽ പരാതി പോയതുകൊണ്ട് ഉദ്യോഗസ്ഥയുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും എന്നാൽ അവർ ഒരു സ്ത്രീയും താൻ ദളിതനുമാണെന്നും തങ്ങൾക്കിരുവരും പല സാമൂഹിക പ്രശ്‌നങ്ങളാൽ ബാധിതരാണെന്നും അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ സ്‌കോളർഷിപ്പ് അനുവദിക്കുകയാണെങ്കിൽ അവർക്കെതിരെ ഒരു നടപടിയുണ്ടാകുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു അരവിന്ദന്റെ നിലപാട്. 
2018 സെപ്തംബറിലാണ് അരവിന്ദന് 36,000 രൂപയുടെ സ്‌കോളർഷിപ്പ് പാസായത്. എന്നാൽ ഡിസംബറായിട്ടും അനുവദിച്ച് തരാത്തതുകൊണ്ട് അന്വേഷിച്ചപ്പോൾ മാർക്ക് ലിസ്റ്റ് ഹാജരാക്കണമെന്ന് പറഞ്ഞു.  ഇത് സ്‌കോളർഷിപ്പ് വൈകിക്കുവാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമായതുകൊണ്ടാണ് താൻ പട്ടികജാതി കമ്മീഷനെ സമീപിച്ചതെന്ന് അരവിന്ദ് പറയുന്നു. 
പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ വിവേചനം നിലനിൽക്കുന്നുണ്ടെന്നായിരുന്നു പട്ടിക ജാതി കമ്മീഷൻ അംഗം എസ.് അജയകുമാറും പറഞ്ഞത്. പ്രസ്തുത ഉദ്യോഗസ്ഥയ്‌ക്കെതിരെ ഇതിന് മുമ്പും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർക്കിടയിലെ ജാതി ബോധമാണ് വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറാൻ ഇവരെ േ്രപരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നു ബോധ്യപ്പെട്ടതിനാലും അതിനു കാരണം ജാതി വിവേചനമാണെന്നറിയാമെന്നതിനാലുമാണ് പോരാട്ടത്തിനിറങ്ങിയതെന്ന് അരവിന്ദും പറഞ്ഞു. സിറ്റിംഗിൽ  നിങ്ങളുടെ ''സംസ്‌കൃതം'' ഒന്നും ഇവിടെ കേൾക്കണ്ട എന്ന് ഉദ്യോഗസ്ഥയോടു പറഞ്ഞ അജയകുമാറിന്റെ വാക്കുകൾ  ജാതി വ്യവസ്ഥ എന്ന പ്രശ്‌നബാധിതനായ, ബ്രാഹ്മണ്യം എന്ന ശത്രുവിനെ നേരിടേണ്ടതുണ്ട് എന്ന് ബോധ്യമുള്ള ഒരു ദളിതന്റെ വാക്കുകൾ ആയിരുന്നു എന്ന് അരവിന്ദ് പറയുന്നു. 
'എന്തിനാണ് നിങ്ങളൊക്കെ കേരളത്തിന് പുറത്തൊക്കെ പോയി പഠിക്കുന്നത്' എന്ന് അസഹിഷ്ണുവായി ചോദിച്ച ആ ഉദ്യോഗസ്ഥ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ തനിക്ക് വല്ലാതെ സന്തോഷം തോന്നിയെന്നും അരവിന്ദ് പറയുന്നു. ''മുൻപും ഒദ്യോഗികമായും അല്ലാതെയും നിങ്ങളെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ട്. 
പാവപ്പെട്ട പട്ടിക ജാതിയിൽപെട്ട കുട്ടികളുടെ സ്‌കോളർഷിപ്പ് തടഞ്ഞുവെച്ചിട്ട് നിങ്ങൾക്ക് എങ്ങനെ സമാധാനമായിട്ട് ഉറങ്ങാൻ പറ്റുന്നു? എത്ര കുട്ടികൾ കേരളത്തിന് പുറത്തു ഹോട്ടലുകളിൽ പാത്രം കഴുകിയും പെട്രോൾ പമ്പിൽ ജോലി ചെയ്തിട്ടും പഠിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയുമോ?'' എന്ന് അദ്ദേഹം അത് ചോദിച്ചപ്പോൾ തന്റെ പെട്രോൾ പമ്പ് ജീവിതം  ഓർത്തുപോയതായും എത്ര മാത്രം സൂക്ഷ്മമായിട്ടാണ് ദളിതുകൾ പരസ്പരം മനസ്സിലാക്കുന്നതെന്നും അരവിന്ദ് കൂട്ടിചേർക്കുന്നു. ഇതുപോലെ തടഞ്ഞ മറ്റു രണ്ടു കുട്ടികളുടെ കൂടെ സ്‌കോളർഷിപ് ഒരാഴ്ചക്കുള്ളിൽ നൽകാമെന്ന ഉറപ്പിലാണ് ആ ഉദ്യോഗസ്ഥയുടെ ജോലി നഷ്ടപ്പെടാതിരുന്നത്. ഇതെല്ലാം സംഭവിച്ചത് 2019 ൽ  രോഹിതിന്റെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെയായിരുന്നു. എല്ലാം കഴിഞ്ഞിട്ട് അവരുടെ സൈഡിലൂടെ ചിരിച്ചുകൊണ്ട് നടന്നുപോന്നപ്പോൾ അന്തരീക്ഷത്തിൽ എവിടെയോ കബാലിയിലെ മ്യൂസിക് കേൾക്കാമായിരുന്നു എന്നും അരവിന്ദ് കൂട്ടിച്ചേർക്കുന്നു. 
സംഭവത്തെ തുടർന്ന് മറ്റു ദളിത് വിദ്യാർത്ഥികളും മുന്നോട്ടു വരികയും അരവിന്ദന്റെ നേതൃത്വത്തിൽ ഓൺലൈൻ കാമ്പയിൻ നടത്തുകയും ചെയ്തു. കൂടാതെ പട്ടികജാതി വികസന വകുപ്പ് മന്ത്രി എ. കെ ബാലന് വകുപ്പിൽ നടക്കുന്ന ജാതി വിവേചനത്തെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും പരാതി അയച്ചു. സ്‌കോളർഷിപ് തടയപ്പെട്ടവരുടെ കൃത്യമായ  വിവരങ്ങൾ അടക്കമാണ് വിദ്യാർത്ഥികൾ പരാതി അയച്ചത്. 
വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും വിദ്യാർത്ഥികൾ മന്ത്രിയെ വിവരം അറിയിച്ചു. സംഭവത്തിൽ ശക്തമായി ഇടപെടുമെന്ന മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ. 

Latest News