Sorry, you need to enable JavaScript to visit this website.

മകളുടെ വിവാഹം; രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ഒരു മാസത്തെ പരോള്‍

ചെന്നൈ- രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി  ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകളുടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യക്തിപരമായി നല്‍കിയ അപേക്ഷയാണ്് ഹൈക്കോടതി പരിഗണിച്ചത്.
പത്ത് ദിവസത്തിനകം പരോള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിര്‍മ്മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുതെന്നും രാഷ്ട്രീയ നേതാക്കളെ കാണരുതെന്നും നളിനിയോട് നിര്‍ദേശിച്ചു.
കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കാന്‍ ജൂണ്‍ 25 ന് കോടതി നളിനിക്ക് അനുമതി നല്‍കിയിരുന്നു. അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് നളിനി ശ്രീഹനരെ കോടതിയില്‍ ഹാജരാക്കിയത്. 27 വര്‍ഷമായി വെല്ലൂരിലെ വനിതകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന നളിനി, മകളുടെ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ക്കായി ആറുമാസമാണ് പരോള്‍ ആവശ്യപ്പെട്ടിരുന്നത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ ചാവേര്‍ കൊലപ്പെടുത്തിയ കേസില്‍ നളിനിയും  ഭര്‍ത്താവ് ശ്രീലങ്കന്‍ പൗരനായ മുരുകനും ഉള്‍പ്പെടെ  ഏഴുപേരാണ് ജീവപര്യന്തം  തടവ് അനുഭവിക്കുന്നത്. 1991 മേയ് 21 നാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

 

Latest News