Sorry, you need to enable JavaScript to visit this website.

ശബരിമല വിഷയം ബി.ജെ.പിയെ തിരിഞ്ഞ് കുത്തുന്നു

പത്തനംതിട്ട- ശബരിമല വിഷയം ബി.ജെ.പിയെ തിരിഞ്ഞ് കുത്തുന്നു. ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ നിയമ നിർമാണം ഉടനില്ലെന്ന കേന്ദ്ര നിയമ മന്ത്രിയുടെ മറുപടി കേരളത്തിലെ സംഘ്പരിവാർ സംഘടനകളെയും ബി.ജെ.പി കേരള ഘടകത്തെയും കടുത്ത പ്രതിരോധത്തിലാക്കി. പന്തളത്ത് വ്യാഴാഴ്ച നടന്ന ശബരിമല കർമസമിതി യോഗം കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തതോടെ ബി.ജെ.പി ശരിക്കും വെട്ടിലായി.
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ വേണ്ടത് ചെയ്യാത്തതിലുള്ള അമർഷം ശബരിമല കർമസമിതി യോഗത്തിൽ ഉയർന്നു. നിയമ നിർമാണം നടത്താൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും അല്ലെങ്കിൽ ഇത്രയും കാലത്തെ സമരം വെറുതെയാകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. മൂന്ന് മാസമായി നിലച്ചിരിക്കുന്ന സമരം വീണ്ടും ആരംഭിക്കുമ്പോൾ ആർക്കെതിരെ നടത്തുമെന്നതും ചോദ്യമാണ്. െതരഞ്ഞെടുപ്പ് തോൽവിയോടെ തിരിച്ചറിവ് നേടിയ കേരള സർക്കാർ ഇനി യുവതീ പ്രവേശനത്തിന് അമിതാവേശം കാട്ടില്ല. ഇപ്പോൾ പന്ത് കേന്ദ്ര സർക്കാരിന്റെ കോർട്ടിലാണ്. നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ടുള്ള സമരം മാത്രമേ ഇനി ശബരിമല കർമസമിതിയുടെ മുന്നിലുള്ളൂ. 
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ ആയിരുന്നു. എന്നാൽ ഭക്തജന പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി കളം മാറ്റി. ശക്തമായ സമരത്തിന് പാർട്ടി നേതൃത്വം കൊടുത്തു. ശബരിമല കർമസമിതിക്ക് ഒപ്പം നിന്നും പ്രത്യേകമായും മാസങ്ങൾ നീണ്ട സമരം നടത്തി. പിള്ള പറഞ്ഞ സുവർണാവസരം തെരഞ്ഞെടുപ്പിൽ പരമാവധി  ഉപയോഗിക്കുകയും ചെയ്തു.
എന്നാൽ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയിട്ടും ശബരിമല ആചാര സംരക്ഷണത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തതിലാണ് വിശ്വാസികൾക്കിടയിൽ നിന്നും പ്രതിഷേധം ഉയരുന്നത്. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ശേഷം കേരളത്തിലെത്തിയ മോഡി ശബരിമലയെ കുറിച്ച് ഒന്നും പറയാതിരുന്നതും വാർത്തയായിരുന്നു. 
ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ടുള്ള എൻ.കെ.പ്രേമചന്ദ്രന്റെ ബില്ലിന്റെ കാര്യത്തിലും പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടായി. മുൻ പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ബില്ലിനെ സ്വാഗതം ചെയ്തിരുന്നു. ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തില്ലെന്ന് രാംമാധവ് നിലപാട് അറിയിച്ചതിന്റെ പിന്നാലെയാണ് നിയമ മന്ത്രിയും ഇത് ആവർഞ്ഞിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തിൽ സി.പി.എം പരമാവധി ഉപയോഗിക്കുന്നു. പിന്നെന്തിനായിരുന്നു സമരമെന്നാണ് അവരുടെ ചോദ്യം. വീടുകൾ കയറിയുള്ള പ്രചാരണത്തിനൊരുങ്ങുന്ന സി.പി.എമ്മിന് ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണെന്ന് സ്ഥാപിക്കാനും കഴിയും.
വെട്ടിലായിരിക്കുന്ന ബി.ജെ.പി കേരള ഘടകം നിസ്സഹായരാണ്. അണികളുടെയും എതിർ കക്ഷികളുടെയും ചോദ്യങ്ങൾക്ക് മുന്നിൽ ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണ്. റിവ്യൂ ഹരജിയിൽ സുപ്രീം കോടതി വിശ്വാസികൾക്ക് അനുകൂലമായി വിധി പറയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബി.ജെ.പി ഘടകം.

 

Latest News