കെജ്‌രിവാള്‍ പെരുങ്കള്ളന്‍,  ദല്‍ഹിയില്‍ പോസ്റ്ററുകള്‍ 

ന്യൂദല്‍ഹി-അരവിന്ദ് കെജ്‌രിവാളിനെ പെരുങ്കള്ളന്‍ എന്ന് വിശേഷിപ്പിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. ഡല്‍ഹിയില്‍ സ്‌കൂളുകളുടെ നിര്‍മാണത്തില്‍ വ്യാപകമായ അഴിമതി നടന്നതായി ആരോപിച്ചാണ് പോസ്റ്ററുകള്‍.
ശിരോമണി അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ദല്‍ഹിയിലെ ബിജെപി ഓഫീസിന്റെ പരിസരങ്ങളിലാണ് ബുധനാഴ്ചയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സത്യസന്ധനായ നേതാവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരാള്‍ ഇപ്പോള്‍ പെരുങ്കള്ളനായി മാറിയിരിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ ചെലവിലാണ് സ്‌കൂളുകളില്‍ ക്ലാസ് മുറികള്‍ നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ക്ലാസ് റൂമിന്റെ നിര്‍മാണച്ചെലവ് അഞ്ച് ലക്ഷം രൂപ മാത്രമാണെന്നും പോസ്റ്റര്‍ ആരോപിക്കുന്നു. നിറയെ പണമുള്ള ചാക്കും കൈയ്യില്‍പിടിച്ച് നില്‍ക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ കാരിക്കേച്ചറും പോസ്റ്ററിലുണ്ട്.

Latest News