- മൂന്നാർ കയ്യേറ്റം സംബന്ധിച്ച് യോഗം വിളിച്ചു
- സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് സി.പി.ഐ
തിരുവനന്തപുരം- മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചതിനെതിരെ സി.പി.ഐ രംഗത്ത്.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശത്തെ അവഗണിച്ച് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനാണ് ഉന്നതതല യോഗം വിളിച്ചത്. യോഗത്തിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ രൂക്ഷ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. യോഗം ബഹിഷ്‌കരിക്കാനും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
മൂന്നാർ പോലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്റ് ഭൂമി കയ്യേറ്റമാണെന്ന് കണ്ടെത്തി ഒഴിപ്പിക്കാൻ റവന്യൂമന്ത്രി നിർദേശം നൽകി. ഇതേ തുടർന്ന് ഒഴിപ്പിക്കൽ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോയി. എന്നാൽ കയ്യേറ്റം ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ മൂന്നാറിലെ സി.പി.എം നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. കൂടാതെ ദേവികുളം സബ്കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കയ്യേറ്റക്കാർക്ക് വേണ്ടി യോഗം വിളിക്കേണ്ടെന്ന് റവന്യൂമന്ത്രി നിലപാടെടുത്തു. മന്ത്രി അറിയാതെ യോഗം വിളിക്കരുതെന്ന കർശന നിർദേശവും നൽകി. ഈ നിർദേശത്തെ മറികടന്നാണ് യോഗം വിളിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ജൂലൈ ഒന്നിന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്നാറിലെ സി.പി.എം നേതാക്കളോടും ബന്ധപ്പെട്ട റവന്യൂ ജീവനക്കാരോടും യോഗത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
റവന്യൂമന്ത്രി അറിയാതെ ബന്ധപ്പെട്ട വകുപ്പിന്റെ യോഗം വിളിച്ചു കൂട്ടാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സി.പി.എം നേതാക്കൾ വളഞ്ഞിരുന്ന് തീരുമാനങ്ങൾ എടുത്താൽ അത് സർക്കാരിന്റേതാവില്ലെന്ന് സി.പി.ഐ സംസ്ഥാന എകസിക്യൂട്ടീവിൽ കാനം രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിലെയടക്കം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇടത് മുന്നണിയാണു തീരുമാനമെടുത്തത്. അതുമായി മന്ത്രി ഇ.ചന്ദ്രശേഖരൻ മുന്നോട്ടു പോകണം. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട യോഗങ്ങൾ വിളിക്കേണ്ടതു റവന്യൂ വകുപ്പാണ്. ആരെങ്കിലും യോഗം വിളിച്ചാൽ അതിൽ പങ്കെടുക്കാൻ പാർട്ടിയുടെ മന്ത്രി പോകേണ്ടെന്നും കാനം പറഞ്ഞു. ബാക്കി കാര്യങ്ങൾ ഇടത് മുന്നണിയെന്ന രീതിയിൽ കൈകാര്യം ചെയ്യും. മന്ത്രിസഭാ തീരുമാനങ്ങളിൽ പലതും ഇടതു മുന്നണിയെന്ന രീതിയിൽ അറിയണമെന്നില്ല. എന്നാൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു ഇടതു മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ്. ഇക്കാര്യങ്ങളിൽ സി.പി.ഐ മന്ത്രിമാർക്കു ജാഗ്രത വേണമെന്നും കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ വ്യക്തമായി പറയാൻ കഴിയണമെന്നും കാനം പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിൽ ആരു പറഞ്ഞാലും വെള്ളം ചേർക്കരുത്. നടപടികളുമായി റവന്യൂ വകുപ്പു മുന്നോട്ടു പോകണം. ഇക്കാര്യത്തിൽ റവന്യൂമന്ത്രി അറിയാതെ ഒരു കാര്യവും നടക്കരുതെന്നും ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നിർദേശിച്ചു.