Sorry, you need to enable JavaScript to visit this website.

യു.എസില്‍ സൗദി അംബാസഡറായി റീമാ രാജകുമാരി ചുമതലയേറ്റു

അമേരിക്കയിലെ പുതിയ സൗദി അംബാസഡറായി നിയോഗിക്കപ്പെട്ട റീമാ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി നിയർ ഈസ്റ്റേൺ കാര്യങ്ങൾക്കുള്ള അമേരിക്കൻ അസിസ്റ്റന്റ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ഷെൻകറുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തുന്നു. 

റിയാദ് - അമേരിക്കയിലെ പുതിയ സൗദി അംബാസഡറായി നിയോഗിക്കപ്പെട്ട റീമാ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി വാഷിംഗ്ടൺ സൗദി എംബസിയിൽ ചുമതലയേറ്റു. അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന് അധികാര പത്രം കൈമാറിയാണ് റീമാ രാജകുമാരി ഔദ്യോഗിക പദവിയിൽ കയറിയത്. നിയർ ഈസ്റ്റേൺ കാര്യങ്ങൾക്കുള്ള അമേരിക്കൻ അസിസ്റ്റന്റ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ഷെൻകറുമായി വാഷിംഗ്ടണിൽ വെച്ച് റീമാ രാജകുമാരി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. 
രണ്ടു മാസത്തിലധികം മുമ്പാണ് റീമാ രാജകുമാരിയെ അമേരിക്കയിലെ സൗദി അംബാസഡറായി നിയമിച്ചത്. ഫെബ്രുവരി 23 ന് ആണ് അമേരിക്കയിലെ സൗദി അംബാസഡറായി റീമാ രാജകുമാരിയെ നാമനിർദേശം ചെയ്തത്. ഏപ്രിലിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ ഇവർ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയിലെ പതിനൊന്നാമത്തെ സൗദി അംബാസഡറാണ് റീമാ രാജകുമാരി. 
ഇതിനു തൊട്ടുമുമ്പ് സൽമാൻ രാജാവിന്റെ പുത്രൻ ഖാലിദ് രാജകുമാരനായിരുന്നു അമേരിക്കയിലെ സൗദി അംബാസഡർ. ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെയാണ് അമേരിക്കയിൽ പുതിയ അംബാസഡറായി റീമാ രാജകുമാരിയെ നിയമിച്ചത്. റീമാ രാജകുമാരിയുടെ സഹോദരനായ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ രാജകുമാരൻ ബ്രിട്ടനിലെ സൗദി അംബാസഡറായും ചുമതലയേറ്റു. ബ്രിട്ടീഷ് വിദേശ മന്ത്രാലയ ആസ്ഥാനത്ത് പ്രോട്ടോകോൾ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഖാലിദ് രാജകുമാരൻ അധികാരപത്രം കൈമാറി. 
അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ബിരുദം നേടിയ റീമാ രാജകുമാരി അറിയപ്പെടുന്ന സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമാണ്. അമേരിക്കയിലെ സൗദി അംബാസഡറായി നിയമിതയാകുന്നതിനു മുമ്പ് ജനറൽ സ്‌പോർട്‌സ് അതോറിറ്റിയിൽ വനിതാ കാര്യങ്ങൾക്കുള്ള വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2016 ലാണ് ഈ പദവിയിൽ റീമ രാജകുമാരിയെ നിയമിച്ചത്. 
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ രാജ്യത്ത് ഒരു വനിതയെ അംബാസഡറായി നിയമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ശക്തിയും സൗദി അറേബ്യ സുദൃഢമായ സാമ്പത്തിക, രാഷ്ട്രീയ, സൈനിക ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയിൽ തന്നെ റീമാ രാജകുമാരിയെ അംബാസഡറായി നിയമിച്ച് സ്ത്രീശാക്തീകരണ, സാമൂഹിക പരിവർത്തന ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. റീമാ രാജകുമാരിയുടെ പിതാവും മുൻ കിരീടാവകാശി സുൽത്താൻ രാജകുമാരന്റെ പുത്രനുമായ ബന്ദർ രാജകുമാരൻ ഇരുപത്തിരണ്ടു വർഷക്കാലം അമേരിക്കയിൽ സൗദി അംബാസഡറായിരുന്നു. 1983 മുതൽ 2005 വരെയാണ് ബന്ദർ രാജകുമാരൻ അമേരിക്കയിൽ അംബാസഡറായി സേവനമനുഷ്ഠിച്ചത്. 2005 മുതൽ 2015 വരെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറലായും ബന്ദർ രാജകുമാരൻ സേവനമനുഷ്ഠിച്ചു. 
2001 സെപ്റ്റംബർ 11 ന് നാലു യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അൽഖാഇദ ഭീകരർ ന്യൂയോർക്കിലും വാഷിംഗ്ടണിലും നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി-അമേരിക്കൻ ബന്ധം ഉലയാതെ നോക്കുന്നതിൽ ബന്ദർ രാജകുമാരൻ നിസ്തുല പങ്കാണ് വഹിച്ചത്. ആക്രമണം നടത്തിയ 19 ഭീകരരിൽ 15 പേരും സൗദികളായിരുന്നു. യു.എ.ഇയിൽ നിന്നുള്ള രണ്ടു പേരും ഈജിപ്ത്, ലബനോൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഭീകരരും മൂവായിരത്തോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ പങ്കുവഹിച്ചു. 

 

 

Latest News