Sorry, you need to enable JavaScript to visit this website.

ആനുകൂല്യങ്ങൾ  ഇല്ലാതാവുമ്പോൾ

സൗദി അറേബ്യയിലെ തൊഴിൽ രംഗത്ത് നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങളും പുതിയ നിയമങ്ങളും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമെന്ന പോലെ ദോഷകരവുമാണ്. അനധികൃത താമസക്കാരായി കഴിഞ്ഞ് കുറഞ്ഞ കൂലിക്ക് ജോലി എടുക്കേണ്ടി വന്ന സാഹചര്യം പൂർണമായും ഇല്ലാതാക്കി തൊഴിൽ രംഗത്തുള്ളവർക്ക് പൂർണ സുരക്ഷയും നിയമപരമായ എല്ലാ ആനുകൂല്യങ്ങളം ലഭ്യമാക്കാൻ തൊഴിൽ പരിഷ്‌കരണ നടപടികൾ ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തൊഴിൽ രംഗത്തെ ചൂഷണം ഏറെക്കുറെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഇതുവഴി സാധാരണക്കാരായ തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ് ലഭിച്ചത്. എന്നാൽ ഫീസ് നിരക്കുകളിലെയും പെർമിറ്റ് നിരക്കുകളിലെയും വർധനവും ലെവിയുമെല്ലാം തൊഴിലാളികളെയും സ്ഥാപനങ്ങളെയും ഏറെ പ്രതികൂലമായി ബാധിച്ച ഘടകമാണ്. സ്വദേശി വൽക്കരണം  ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളോടെയാണിതുണ്ടായത്. രാജ്യത്തിന്റെ പൊതുവായ നന്മക്ക് ഇതാവശ്യമാണെങ്കിലും പ്രവാസികളായ ചെറുകിട സംരംഭകരെയും സ്വയം തൊഴിൽ കണ്ടെത്തി ഉപജീവന മാർഗം തേടിയിരുന്ന പ്രവാസികളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിൽ ഒടുവിത്തേലതാണ് 100 റിയാൽ വർക്ക് പെർമിറ്റ് ചാർജും 650 റിയാൽ ജവാസാത്ത് ചാർജും അടച്ച് ഇഖാമ പുതുക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യം നിർത്തലാക്കാനുള്ള തീരുമാനം. 
ചെറുകിട സ്ഥാപനങ്ങളിലെ നാലു ജീവനക്കാർക്ക് ലഭിച്ചിരുന്ന ലെവി ആനുകൂല്യം അഞ്ചു വർഷത്തേക്ക് മാത്രമായിരുന്നുവെന്നും ആനുകൂല്യ കാലാവധി ദീർഘിപ്പിക്കാൻ പദ്ധതിയില്ലെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിരിക്കുകയാണ്. ആനുകൂല്യം പ്രയോജനപ്പെടുത്തിയ പല സ്ഥാപനങ്ങൾക്കും കാലാവധി അവസാനിച്ചതിനാൽ ലെവി ഇളവ് നിർത്തിവെച്ചിട്ടുമുണ്ട്. ഇഖാമ പുതുക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ മറ്റുള്ളവരെ പോലെ നിലവിലെ മുഴുവൻ ലെവിയും അടയ്ക്കണമെന്നാണ് നിർദേശം. 
ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള, ഉടമയായ സൗദി പൗരൻ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളിൽ നാലു വിദേശി ജീവനക്കാർക്ക് ഇഖാമ പുതുക്കുതിന് ലെവി ഒഴിവാക്കിയുള്ള ഉത്തരവ് 2014 ജൂണിലാണ് ഉണ്ടായത്. ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബാധ്യത കുറച്ച് ഉടമകളെ സഹായിക്കുമായിരുന്നു ഇത്. അതിന്റെ കാലാവധി ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഈയിനത്തിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഇനി മുതൽ ഈ ആനുകൂല്യം ലഭിക്കണമെന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. അതേ സമയം 2014 ജൂണിനു ശേഷം തുറക്കുകയും അഞ്ചു വർഷക്കാലവധി ഇനിയും പൂർത്തിയായിട്ടില്ലാത്തതുമായ സ്ഥാപനങ്ങൾ കാലാവധി തീരും വരെ ആനൂകൂല്യം ലഭിക്കുകയും ചെയ്യും.
കാലാവധി കഴിഞ്ഞ സ്ഥാപനങ്ങൾക്ക് ഇനി ഇളവില്ലെന്നതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്. ഈ ആനുകൂല്യത്തിന് അർഹരല്ലാത്ത സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികൾക്ക് നിലവിൽ പ്രതിമാസം 600, 500 റിയാൽ തോതിലാണ് ലെവി അടയ്‌ക്കേണ്ടത്. അതായത് ഒരു വർഷം ഒരു തൊഴിലാളിക്ക് 7200, 6000 റിയാൽ അടയ്ക്കണം. സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 600 റിയാൽ പ്രകാരം വർഷത്തിൽ 7200 റിയാലും സ്വദേശികളേക്കാൾ കുറവുള്ള വിദേശികൾക്ക് 500 റിയാൽ പ്രകാരം 6000 റിയാലുമാണ് അടയ്‌ക്കേണ്ടത്. അടുത്ത വർഷം ജനുവരി മുതൽ ഇത് സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാൽ പ്രകാരം 9600 റിയാലും സ്വദേശികളുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 700 റിയാൽ പ്രകാരം 8400 റിയാലും ലെവിയായി അടയ്‌ക്കേണ്ടി വരും. 
2018 ജനുവരി ഒന്നിന് ഇതു നടപ്പാക്കുമ്പോൾ പ്രതിമാസം 200 റിയാൽ തോതിൽ 2400 റിയാൽ ലെവി ആയി അടച്ചാൽ മതിയായിരുന്നു. പിന്നീട് ഇതിൽ ഭേഗതി വരുത്തി  സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് ഇഖാമ പുതുക്കാൻ 4800 റിയാലും കുറവുള്ളവർക്ക് 3600 റിയാലുമാക്കി മാറ്റുകയായിരുന്നു. അതാണിപ്പോൾ അടുത്ത വർഷത്തോടെ യഥാക്രമം 9600 ഉം 8400 ഉം റിയാലായി മാറുന്നത്. ഇത് ചെറുകിട സംരംഭകരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം വൻ ബാധ്യതയുണ്ടാക്കുന്നതാണ്. ഇതിനു പോംവഴിയായാണ് പലരും നാലോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറ്റത്തിന് ശ്രമിച്ചിരുന്നത്. ഇങ്ങനെ മാറുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടിയാണ് ആനുകൂല്യം നിർത്തലാക്കിയ ഉത്തരവുണ്ടായിട്ടുള്ളത്. ആനുകൂല്യം ലഭിക്കുന്നതിന് നിരവധി തൊഴിലാളികൾ പുതിയ സ്ഥാപനങ്ങളിലേക്ക് മാറിയിരുന്നു. ഇനിയും മാറാനായി നൂറകണക്കിനു പേർ ശ്രമത്തിലുമായിരുന്നു. ഇതിനിടെയുണ്ടായ ഭേദഗതി ഇങ്ങനെ മാറാനിരുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നൂറുകണക്കിനു തൊഴിലാളികളെ നിരാശയിലാക്കിയിരിക്കുകയാണ്. 
തൊഴിൽ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക ബാധ്യതയാലും തൊഴിൽ നഷ്ടപ്പെട്ടും ആയിരക്കണക്കിനു പേർ ഇതിനകം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോയിട്ടുണ്ട്. ഇതിൽ ഏറെ പേരും മലയാളികളാണെന്നതിനാൽ അതു പ്രതികൂലമായി ബാധിക്കുക കേരളത്തെയാണ്. പുതിയ വ്യസ്ഥയോടെ കൂടുതൽ പേർ കൂടി പ്രവാസത്തോട് വിട പറയാൻ പ്രേരിതരാകും. ഇത് നൂറു കണക്കിനു കുടുംബങ്ങളെ ദോഷകരമായി ബാധിക്കും. അതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലക്കും അതു കോട്ടം ഉണ്ടാക്കും. ആശ്രിത ലെവി താങ്ങാൻ കഴിയാതെ ആയിരക്കണക്കിനു കുടുംബങ്ങൾ സൗദി വിട്ടുകഴിഞ്ഞു. ഇതോടൊപ്പം തൊഴിലാളി ലെവിയും മാറ്റമില്ലാതെ തുടരുമ്പോൾ അതു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. 
ഇത്തരം പ്രശ്‌നങ്ങളാൽ നാടണയുന്നവർക്ക് ആശ്വാസം പകരേണ്ട ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്. എന്നാൽ അവരുടെ നയനിലപാടുകളും ആശാവഹമല്ലാത്തതിനാൽ പ്രവാസികളുടെ മാനസിക സംഘർഷവും പ്രയാസങ്ങളും കൂടുകയാണ്. പ്രവാസികൾ തമ്മിലുള്ള പരസ്പര സഹകരണവും സഹായവും മാത്രമാണ് ഇതിനു ആശ്വാസമായിട്ടുള്ളത്. അക്കാര്യത്തിൽ പ്രവാസികൾ കൈകോർക്കേണ്ടതുണ്ട്. 


 

Latest News