ഹജ് തീർഥാടനം ആരംഭിച്ചു; ആദ്യ ഇന്ത്യൻ സംഘം മദീനയിൽ 

മദീനയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ് സംഘത്തെ അംബാസഡര്‍ ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ് കോൺസൽ വൈ. സാബിർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

ജിദ്ദ: ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനത്തിന് ആരംഭം കുറിച്ച് ഹാജിമാര്‍ പുണ്യ ഭൂമിയില്‍ എത്താന്‍ തുടങ്ങി. ഇന്ത്യയില്‍നിന്നുമെത്തിയ ആദ്യ സംഘത്തെ  അംബാസഡര്‍ ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ് കോൺസൽ വൈ. സാബിർ, ഇന്ത്യന്‍ ഹജ് മിഷന്‍ ഉദ്യോഗസ്ഥര്‍,  സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചു. പുലര്‍ച്ചെ 3.40ന് ദല്‍ഹിയില്‍നിന്നും മദീനയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിൽ 419 തീർഥാടകരാണുണ്ടായത്. ശ്രീനഗർ, ഗുവാഹതി, ഗയ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരും ഇന്ന് മദീനയിൽ എത്തും. 

ജിദ്ദ ഹജ് ടെർമിനലിലും ഹാജിമാർ എത്താൻ തുടങ്ങി. കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ഞായറാഴ്ച കോഴിക്കോട് നിന്ന് മദീനയിലെത്തും. 

ഈ വർഷം ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷം ഹാജിമാരാണ് എത്തുന്നത്.

 

 

Latest News