ഫറോവ പ്രതിമയുടെ ശിരസ്സ് ഇന്ന് ലേലം ചെയ്യുന്നു; പ്രതിഷേധവുമായി ഈജിപ്ത്

ലണ്ടന്‍/ കയ്റോ- ഫറോവ പ്രതിമയുടെ തല ഇന്ന് ലണ്ടനില്‍ ലേലം ചെയ്യാനിരിക്കെ പ്രതിഷേധവുമായി ഈജ്പ്ത് സര്‍ക്കാര്‍. വ്യക്തമായ രേഖകളില്ലാതെയാണ് ഫറോവ ടുട്ടന്‍ഖാമുന്റെ പ്രതിമയില്‍നിന്നുള്ള ശിരസ്സ് ലേല കമ്പനിയായ ക്രിസ്റ്റീസ് വില്‍ക്കുന്നതെന്ന് ഈജിപ്ത് ആരോപിച്ചു.  

ടുട്ടന്‍ഖാമുന്റെ ശിരസ്സ് ഉള്‍പ്പെടെയുള്ള ഈജിപ്ഷ്യന്‍ പുരാവസ്തുക്കളുടെ ലേലവുമായി മുന്നോട്ടു പോകാനുള്ള ക്രിസ്റ്റീസിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് യുകെയിലെ ഈജിപ്തിന്റെ അംബാസഡര്‍ പറഞ്ഞു.
പുരവസ്തുക്കളുടെ ലേലത്തിന് രേഖകളുടെ പിന്‍ബലമില്ലെന്ന് ഈജിപ്ത് വിദേശ,പുരാവസ്തു മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ലേലശാല ഇതുവരെ രേഖകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് വിമര്‍ശം.

11 ഇഞ്ച് വരുന്ന ഫറോവ പ്രതിമയുടെ ശിരസ്സിന് 50 ലക്ഷത്തിലേറെ ഡോളര്‍ ലഭിക്കുമെന്നാണ് ക്രിസ്റ്റീസ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ അഭ്യര്‍ഥനകള്‍ മാനിക്കാതെ നിരവധി ഈജിപ്ഷ്യന്‍ പുരാവസ്തുക്കളുടെ ലേലം ക്രിസ്റ്റീസ് നടത്തിയതായും ഈജിപ്ത് ആരോപിക്കുന്നു.
 
ഫറോവ ശിരസ്സ് കൈമാറി ലഭിച്ചതിന്റെ വിവരങ്ങള്‍ ക്രിസ്റ്റീസിന്റെ പക്കലുണ്ടെങ്കിലും ഇത് എങ്ങനെ ഈജിപ്തില്‍നിന്ന് യൂറോപ്പിലെത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്.

 

 

Latest News