Sorry, you need to enable JavaScript to visit this website.

പുണ്യനഗരികള്‍ ഒരുങ്ങി; ഹാജിമാരുടെ വരവ് ഇന്നു മുതല്‍

മിനായില്‍ ഇത്തവണ ഇരുനില ടെന്റുകളും.

ജിദ്ദ- ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്നു മുതല്‍ മക്കയിലും മദീനയിലുമെത്തും. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യ നഗരികളില്‍ എല്ലാ ഒരുക്കങ്ങളുമായി. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ് മന്ത്രാലയ അധികൃതരും തദ്ദേശീയരും വിദേശികളുമായ സന്നദ്ധ പ്രവര്‍ത്തകരും തയാറായി.
മക്ക, മദീന ഹറമുകള്‍ക്കു പുറമെ ഹജ് കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.
സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെ ഹജിനെ കൂടുതല്‍ ഹൈടെക് ആക്കി മാറ്റുന്നതിന് ഇക്കുറി ഒട്ടേറെ നടപടികള്‍ ഹജ് മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഹജ് മിഷനും ഇതുമായി സഹകരിച്ച് അവരുടെ നടപടിക്രമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയത് തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കും.
ഹറം വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ് ക്വാട്ടയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാളും കൂടുതല്‍ പേര്‍ ഹജ് നിര്‍വഹിക്കാനെത്തും. ഇന്ത്യക്ക് ഈ വര്‍ഷം അധിക ക്വാട്ടയായി 30,000 ലഭിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് ഇതാദ്യമായി രണ്ട് ലക്ഷം തീര്‍ഥാടകരെത്തും. ഇതില്‍ 1,40,000 പേര്‍ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്ന 60,000 ഹാജിമാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ് നിര്‍വഹിക്കാനെത്തുക. ഹജ് കമ്മിറ്റി വഴിയെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മദീനയിലെത്തും. പുലര്‍ച്ചെ 3:15 ന് ദല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെത്തുന്ന ആദ്യ സംഘത്തില്‍ 420 തീര്‍ഥാടകരാണുണ്ടാവുക. സംഘത്തെ അംബാസഡര്‍ ഡോ.ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ് കോണ്‍സുല്‍ വൈ.സാബിര്‍ തുടങ്ങിയവരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏവരുടേയും പ്രശംസ പിടിച്ചുപറ്റും വിധത്തിലാണ് മലയാളി സംഘടനകള്‍ എല്ലാ വര്‍ഷവും സേവനം നടത്താറുള്ളത്.
ശ്രീനഗര്‍, ഗുവാഹതി, ഗയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും ഇന്ന് മദീനയിലെത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിന് കോഴിക്കോട് നിന്നാണെത്തുക.
കാലതാമസമില്ലാതെ ഹാജിമാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം അഞ്ചു രാജ്യങ്ങളിലെ രണ്ടേകാല്‍ ലക്ഷത്തോളം ഹാജിമാര്‍ക്കാണ് ഈ വര്‍ഷം ലഭിച്ചിട്ടുള്ളത്. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലെ തീര്‍ഥാടകരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യ ഈ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് കേട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഹാജിമാര്‍ക്ക് ആഭ്യന്തര യാത്രക്കാരെ പോലെ പുറത്തിറങ്ങി താമസ സ്ഥലങ്ങളിലേക്ക് പോകാനാവും. സൗദിയില്‍ പ്രവേശിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാകുന്നതിനാലാണിത്. ലഗേജുകള്‍ താമസ സ്ഥലങ്ങളില്‍ എത്തിച്ചേരുമെന്നതിനാല്‍ ലഗേജിനു വേണ്ടിയും ഇവര്‍ വിമാനത്താവളങ്ങളില്‍ കാത്തു നില്‍ക്കേണ്ടി വരില്ല.
മിനയിലെ ബഹുനില കൂടാരങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയായിരിക്കും. കുറഞ്ഞ സ്ഥലത്ത് കടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളുകയാണ് ലക്ഷ്യം.
ഹാജിമാര്‍ എത്താന്‍ തുടങ്ങുന്നതിനു മുന്‍പെ തന്നെ തീര്‍ഥാടകരല്ലാത്ത വിദേശികള്‍ക്ക് മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്. മക്കയിലെ തിരക്ക് കുറക്കുകയാണ് ലക്ഷ്യം. ജോലി ആവശ്യാര്‍ഥം മക്കയില്‍ പോകേണ്ട വിദേശികള്‍ മുഖീം പോര്‍ട്ടല്‍ വഴി അനുമതി പത്രമായ ഇ-പെര്‍മിറ്റ് എടുക്കണം. മക്ക ഇഖാമയുള്ളവര്‍ക്കും സ്വദേശികള്‍ക്കും ഇതു ബാധകമല്ല.

 

 

 

Latest News