കൊച്ചി- മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന എല്ലാ പ്രവൃത്തികളും വിശദമായി അന്വേഷിക്കണമെന്ന് എന്‍.സി.പി.
ഇടത് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്ന സംവിധാനം കൊണ്ടുവന്നെങ്കിലും പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അവയെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.
നിര്‍മാണങ്ങളിലെ അഴിമതികള്‍ കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടക്കുകയാണെങ്കില്‍ അത് ലീഗിന്റെ തറവാട്ടില്‍ എത്തുമെന്നും എന്‍.സി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളെല്ലാം കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ച് പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കുന്ന സംവിധാനം കൊണ്ടുവന്നത് കഴിഞ്ഞ ഇടതു മുന്നണിക്കാലത്താണ്. അതിന് ശേഷം വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്തു. ടെന്‍ഡര്‍ ചെയ്ത പ്രവൃത്തികള്‍ തീരുമ്പോഴേക്കും 10 മുതല്‍ 45 ശതമാനം വരെ തുക അധികരിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന തുക വീതം വെക്കുന്ന സംവിധാനം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇതിനായി കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായ ടി.ഒ.സൂരജിനെ തന്നെ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
വിരമിച്ച ആളുകളുടെയും അവരുടെ ബന്ധുക്കളുടെ പേരിലുമെല്ലാം കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ഉണ്ടാക്കി പദ്ധതി റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയും അവരുടെ സുഹൃത്തുക്കളെ തന്നെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തി നല്‍കുകയും ചെയ്തു. കളമശ്ശേരി മണ്ഡലത്തിലെ റോഡു പണികള്‍ ഒന്നരവര്‍ഷം ഗ്യാരണ്ടി നല്‍കി പണിയേണ്ടതാണെന്നിരിക്കെ, മിക്ക റോഡുകളും ഒരു വര്‍ഷത്തില്‍ രണ്ട് മെയിന്റനന്‍സ് നടത്തിയതായി കാട്ടി ബില്‍ പാസാക്കിയിട്ടുണ്ട്. വെടിമറ-മാഞ്ഞാലി റോഡ് ഒരു വര്‍ഷത്തില്‍ മൂന്നു തവണ ബില്ലിംഗ് നടത്തിയിട്ടുണ്ട്. 68 കോടിയുടെ പുറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് തീര്‍ന്നപ്പോള്‍ 132 കോടിയായി. മന്ത്രിമാരുടെ സഹായമില്ലാതെ ഇത്തരത്തിലുള്ള അഴിമതി ഉദ്യോഗസ്ഥര്‍ക്ക് നടത്താന്‍ കഴിയില്ലെന്നിരിക്കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കണമെന്ന് എന്‍സിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.