ന്യൂദൽഹി - ലോക്‌സഭയിലെ പ്രഥമ പ്രസംഗത്തിൽ ബി.ജെ.പിക്കും മോഡി സർക്കാരിനുമെതിരെ ആഞ്ഞടിച്ച് താരമായി മാറിയ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ ആരോപണം. പ്രസംഗം മോഷ്ടിച്ചതാണത്രേ. പ്രസംഗത്തിലെ അവർ പറഞ്ഞ കാര്യങ്ങളിൽ ചിലത് കോപ്പിയടിച്ചതാണെന്നാണ് സോഷ്യൽ മീഡിയ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഹൃദയത്തിൽനിന്നാണ് താൻ സംസാരിച്ചതെന്ന് തിരിച്ചടിച്ച് മൊയ്ത്രയും രംഗത്തു വന്നു.
'ഹൃദയത്തിൽനിന്നാണ് ഞാൻ പ്രസംഗിച്ചത്. ഓരോ ഇന്ത്യക്കാരനും അവരുടെ ഹൃദയത്തിൽ നിന്നെന്ന പോലെയാണ് ആ പ്രസംഗം പങ്കുവെച്ചതും. ചിലർ എന്നെ ബന്ധനത്തിലാക്കാൻ വരുന്നുണ്ട്. അതിന് നിങ്ങളുടെ പക്കലുള്ള വിലങ്ങുകൾ മതിയാവുമെന്ന് കരുതുന്നുണ്ടോ' -അവർ ചോദിച്ചു. ബി.ജെ.പിയുടെ ട്രോൾ സൈന്യവും ഭരണപക്ഷത്തോട് വിധേയത്വം പുലർത്തുന്ന ചില മാധ്യമങ്ങളുമാണ് അടിസ്ഥാന രഹിതമായ ആരോപണത്തിനു പിന്നിലെന്ന് അവർ ആരോപിച്ചു.
രാജ്യത്ത് ഫാസിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്ന് ആരോപിച്ച മഹുവ മൊയ്ത്ര, ഇതിന്റെ ഏഴ് ലക്ഷണങ്ങളും തന്റെ പ്രസംഗത്തിനിടയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ ഏഴ് ലക്ഷണങ്ങൾ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിലുള്ള അമേരിക്കയെ മുൻനിർത്തി ഒരു അമേരിക്കൻ മാസികയിൽ പ്രസിദ്ധീകരിച്ചുവന്നതാണെന്നും ഇത് മോഷ്ടിച്ചാണ് മൊയ്ത്ര പ്രസംഗിച്ചതെന്നുമായിരുന്നു ആരോപണം.
എവിടെനിന്ന് എടുത്തു എന്നു വ്യക്തമാക്കാതെ മറ്റൊരാളുടെ വാചകങ്ങളോ ആശയമോ പകർത്തുന്നതാണ് പ്ലേജിയറിസമെന്നും താൻ പറഞ്ഞ കാര്യങ്ങളുടെ ഉറവിടം പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നെന്നും മഹുവ മൊയ്ത്ര പറഞ്ഞു. അമേരിക്കയിലെ ഹോളൊകൊസ്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുള്ള ഫാസിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് പ്രസംഗത്തിൽ ഉദ്ധരിച്ചത്. ഫാസിസത്തിന്റെ 14 ലക്ഷണങ്ങളെക്കുറിച്ച് രാഷ്ട്രീയ സൈദ്ധാന്തികനായ ഡോ. ലോറൻസ് ഡബ്ല്യൂ. ബ്രിറ്റ് ചൂണ്ടിക്കാട്ടിയതാണിത്. ഇതിൽ ഏഴ് ലക്ഷണങ്ങൾ ഇന്ത്യയുടെ സാഹചര്യത്തിൽ പ്രസക്തമാണെന്ന് വ്യക്തമാക്കുകയും അവയെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു തന്റെ പ്രസംഗത്തിൽ ചെയ്തതെന്നും അവർ പറഞ്ഞു.
ദേശീയതയുടെ ആധിക്യം, മനുഷ്യാവകാശ ലംഘനം, മാധ്യമങ്ങളുടെ വിധേയത്വം, ദേശ സുരക്ഷയുടെ അതിപ്രസരം, മതത്തിന്റെയും ഭരണകൂടത്തിന്റെയും കൂടിക്കുഴയൽ, ബുദ്ധിജീവികളോടും കലകളോടുമുള്ള അവജ്ഞയും പുഛവും, ഇലക്ടറൽ സംവിധാനത്തിന്റെ സ്വാതന്ത്ര്യം തകർക്കപ്പെടൽ എന്നീ ഫാസിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇന്ത്യയിൽ പ്രകടമാണെന്നാണ് മൊയ്ത്ര ലോക്‌സഭയിൽ പ്രസംഗിച്ചത്.