മകന്‍ പട്ടിണിയ്ക്കിട്ട വയോധികയെ രക്ഷിച്ചു 

തൃശൂര്‍-ചാഴൂരില്‍ ദിവസങ്ങളോളം പട്ടിണിയിലായ വയോധികയെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷിച്ചു. വേലുമാന്‍പടി സ്വദേശിയായ മല്ലിക (78)യെയാണ് അന്തിക്കാട് പോലീസ് രക്ഷിച്ചത്. മല്ലികയ്ക്ക് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട മകനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഇടിഞ്ഞു വീഴാറായ വീട്ടിലാണ് മല്ലികയും മകന്‍ ജ്യോതിയും താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ജ്യോതി, മല്ലികയ്ക്ക് ഭക്ഷണം നല്‍കാറില്ല.
ഭക്ഷണവുമായി ചെല്ലുമ്പോള്‍ ജ്യോതി  വടിവാള്‍ വീശി ഭീഷണിപ്പെടുത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ആരും വീട്ടിലേക്ക് പോകാതെയായി. തുടര്‍ന്ന് മല്ലികയുടെ മകള്‍ ലതയും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തുമ്പോള്‍ അനങ്ങാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയായിരുന്നു മല്ലിക. പിന്നീട് ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയ ശേഷമാണ് പുറത്തെത്തിച്ചത്.
സ്‌നേഹിത എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് മല്ലികയെ രക്ഷിച്ചത്. പോലീസ് വരുന്നതറിഞ്ഞ് മകന്‍ രക്ഷപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ മല്ലികയെ പരിശോധനയ്ക്കായി ആലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം ഇവരെ രാമവര്‍മ്മപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റും.

Latest News