Sorry, you need to enable JavaScript to visit this website.

പപ്പായ കഴിച്ചാല്‍ ഡെങ്കി മാറില്ല; കപട ചികിത്സക്കെതിരെ ആരോഗ്യവകുപ്പ്‌

കോഴിക്കോട്- കപട ചികിത്സകരും ഇതര ചികിത്സാ വിഭാഗക്കാരും പനി മൂർഛിക്കാനും മറ്റും ഇടയാക്കുന്നതായി വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് നിരവധി ജീവനുകൾ പൊലിഞ്ഞ കൂരാച്ചുണ്ടിലും വടകരയിലുമൊക്കെ ഗൃഹസന്ദർശനം നടത്തിയ മുതിർന്ന ഡോക്ടർമാരും ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നത്, സമയത്തിന് ചികിൽസയെടുത്തിരുന്നെങ്കിൽ ഇതിൽ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ്.
വ്യാജ ചികിത്സകർ ആശ്രയിക്കുന്ന സോഷ്യൽ മീഡിയയിലൂടെ തന്നെ അതിനെതിരായ കാര്യങ്ങളും ഇപ്പോൾ പ്രചരിപ്പിക്കാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. പാരസെറ്റമോൾ എലിവിഷമാണെന്നും പനി ഒരു രോഗമേ അല്ലെന്നും ആശുപത്രിയിൽ പോവാതെ, പപ്പായയും പാഷൻ ഫ്രൂട്ടും കിവി പഴവുമൊക്കെ കഴിച്ചാൽ താനേ മാറുന്നതാണെന്നുമുള്ള കപട ചികിൽസകരുടെ പ്രഭാഷണങ്ങൾ വാട്‌സാപ്പിലും മറ്റും പ്രചരിച്ചത് ആളുകളെ തെറ്റായി സ്വാധീനിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതു കാരണം ഇപ്പോൾ പനി വന്നാൽ അടിയന്തരമായി ചികിൽസ തേടണമെന്നും കൊതുകു നിർമ്മാർജനത്തിനും പരിസര ശുചിത്വത്തിനും മുൻകൈയെടുക്കണമെന്നും പപ്പായയും പാഷൻ ഫ്രൂട്ടും കിവി പഴവുമൊന്നും കഴിച്ചാൽ ഡെങ്കിപ്പനി മാറില്ലെന്നും വ്യക്തമാക്കിയാണ് ആരോഗ്യ പ്രവർത്തകർ ക്ലാസെടുക്കുന്നത്.
'പാരസെറ്റമോൾ എലിവിഷമാണല്ലോ, അമേരിക്കയിൽ ഇത് നിരോധിച്ചിട്ടുണ്ടല്ലോ' തുടങ്ങിയ ചോദ്യങ്ങൾ പ്രബുദ്ധരായ കേരളീയരിൽ നിന്ന് ഉണ്ടാകുമ്പോൾ തങ്ങൾ ഞെട്ടുകയാണെന്ന് ബോധവത്കരണ ക്ലാസെടുക്കാൻ പോയ പ്രമുഖ ഡോക്ടർ പറയുന്നു. ലോകവ്യാപകമായി ഉപയോഗിക്കുന്ന മിതമായ വിലയുള്ള മരുന്നാണ് പാരസെറ്റമോളെന്നും ഇതിന്റെ രാസഘടകങ്ങൾ കിട്ടാൻ ഇന്റർനെറ്റിൽ പരതിയാൽ മതിയെന്നും അതിൽ എലിവിഷത്തിന്റേതായി ഒന്നുമില്ലെന്നും ഡോക്ടർ നിർദ്ദേശിക്കുന്ന അളവിൽ കഴിച്ചാൽ കുഴപ്പം വരില്ലെന്നും അമേരിക്കയിലെന്നല്ല ലോകത്തിൽ ഒരിടത്തും പാരസെറ്റമോൾ നിരോധിച്ചിട്ടില്ലെന്നും ശക്തമായി പറഞ്ഞ് ക്ലാസെടുക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
പനി വന്ന് ഭക്ഷണത്തോട് വിരക്തിയുള്ള രോഗികൾ എന്തെങ്കിലും കഴിക്കട്ടെ എന്ന നിലയിലാണ് പപ്പായയും പാഷൻ ഫ്രൂട്ടുമൊന്നും ആരോഗ്യ പ്രവർത്തകർ വിലക്കാത്തതെന്നും അതു മാത്രം കഴിച്ച് ചികിൽസയെടുക്കാതിരിക്കുന്നത് ആത്മഹത്യാപരമാണെന്നും ബോധ്യപ്പെടുത്തി വരികയാണ്. ഈ ഫലങ്ങളിലാന്നും പനി മാറ്റാനുള്ള എന്തെങ്കിലും ഔഷധമുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. അഥവാ ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇവ ജ്യൂസടിച്ച് കുടിക്കയല്ല, മറിച്ച് ആ ഔഷധ രാസഘടകം കണ്ടെത്തി അത് കൃത്രിമമായി നിർമ്മിച്ച് ഗുളിക രൂപത്തിൽ നൽകുകയെന്നതാണ് ശാസ്ത്രീയ വീക്ഷണം. പപ്പായ ഇല വരെ ജ്യൂസടിച്ച് കഷ്ടപ്പെട്ട് കുടിക്കുന്നവരുണ്ട്. ഇത് ദോഷം ചെയ്യുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പപ്പായ ഇലയിലെ ചില ആൽക്കലോയിഡുകൾ മനുഷ്യന് ഹാനികരമാണ്. പക്ഷേ കോഴിക്കോട് ജില്ലയിലൊക്കെ ഇപ്പോൾ പപ്പായയും പാഷൻ ഫ്രൂട്ടുമൊന്നും കിട്ടാത്ത അവസ്ഥയാണ്. നേരത്തെ ലക്ഷ്മിതരുവും മുള്ളാത്തയും കാൻസർ മാറ്റുമെന്ന പ്രചാരണവും ഇതുപോലെ അസംബന്ധമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ആധുനിക മരുന്നുകൾ മുഴുവൻ വിഷമാണെന്നുള്ള പ്രചാരണവും കേരളത്തിന് പകർച്ചപ്പനി നേരിടുന്നതിൽ വില്ലനാവുന്നുണ്ട്. രക്തം പരിശോധിക്കാൻ പോലും കൂട്ടാക്കാതെ ഒരാഴ്ച പനിച്ചുകിടന്ന് ആകെ അവശനായാണ് കഴിഞ്ഞ ദിവസം നിരവധി രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചതെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. ഇതോടെ കൗണ്ട് അപകടമായ രീതിയിൽ കുറഞ്ഞ് രോഗി അത്യാസന്ന നിലയിലാവുകയാണ്.
കേരളത്തിൽ പ്രകൃതി ചികൽസകരെന്ന് പറഞ്ഞ് നടക്കുന്ന ഒരു സ്വയം പ്രഖ്യാപിത ഡോക്ടറുടെയും ഒരു വൈദ്യരുടെയും കഌപ്പിങ്ങുകളാണ് 'പനി അമേരിക്കൻ മരുന്ന് കമ്പനികളുടെ ഗൂഢാലോചനയാണെന്നൊക്കെ' പറഞ്ഞ് മൊബൈലുകളിലൂടെ ഭീതി പരത്തുന്നത്. നേരത്തെ വാക്‌സിനേഷനെതിരെയും ഇത്തരം വ്യക്തികൾ കുപ്രചാരണം അഴിച്ചുവിട്ടുവെന്നാണ് ഔദ്യോഗിക ആരോഗ്യ പ്രവർത്തകർ പറയുന്നത്. ജനകീയാരോഗ്യം തകർക്കുന്ന ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ കിട്ടിയിട്ടും നടപടിയുണ്ടാവാത്തത് കാര്യങ്ങൾ വഷളാക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ മൊത്തം മാഫിയയാണെന്ന് ഒരു സിനിമാ നടൻ പറഞ്ഞതായുള്ള പത്രവാർത്തയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
പല ആയുർവേദ ഹോമിയോ ഡോക്ടർമാരും സമാനമായ നിലപാടാണ് രഹസ്യമായി പ്രകടിപ്പിക്കാറുള്ളത്.ഇനിയും ശാസ്ത്രീയത തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിൽസാരീതിയാണെങ്കിലും ഹോമിയോപ്പതിക്കാർ തങ്ങളുടേതായ പ്രതിരോധ മരുന്ന് ഡെങ്കിപ്പനിക്കായി വിതരണം ചെയ്യുന്നുണ്ട്. ഇത് കഴിച്ചതിന്റെ ധൈര്യത്തിൽ ഡെങ്കിപ്പനി വരില്ലെന്ന് വിശ്വസിക്കുന്നതും അബദ്ധമാണെന്ന് ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഡോക്ടർമാർ വ്യക്തമാക്കുന്നു.
ഡെങ്കി ആവർത്തിച്ചു വന്നാലാണ് കൂടുതൽ പേടിക്കേണ്ടത്.ആദ്യമായി വരുന്ന ഡെങ്കിപ്പനിയിൽ അപകടകരമാം വിധം കൗണ്ട് കുറയുകയോ രക്തസ്രാവ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുംവരെ സാധാരണ ഗതിയിൽ ഭയക്കേണ്ടതില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.ബ്രേക്ക് ബോൺ ഫീവർ എന്ന് ഓമനപ്പേരുള്ള ഈ പനിക്ക് കടുത്ത വേദനയുണ്ടാവും. കൂടെ ഛർദി, വയറ് വേദന, അസഹ്യമായ തലവേദന, കടുത്ത ക്ഷീണം എന്നിവ ഉണ്ടാവാം. ഇവിടെയാണ് പാരസെറ്റമോളിന്റെ പ്രസക്തി. വേദനസംഹാരികൾ ഉപയോഗിച്ചാൽ ഡെങ്കിപ്പനി രോഗികൾക്ക് ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാൽ പാരസെറ്റമോൾ മാത്രമാണ് രക്ഷ. ഈയവസ്ഥയിൽ ചിലർക്ക് രക്തക്കുഴലുകളിൽ നിന്ന് വലിയ തോതിൽ ജലാംശം നഷ്ടപ്പെടാം.കടുത്ത രക്തസ്രാവവും ഉണ്ടാകാം. ശരീരത്തിൽ കാണുന്ന ചുവന്ന പുള്ളികൾ മുതൽ തുറന്ന രക്തസ്രാവം വരെ പ്രതീക്ഷിക്കാം. ഇതുകൊണ്ട്  തുടർച്ചയായി ഈ രോഗികൾക്ക് ഡ്രിപ്പ് കൊടുക്കേണ്ടതുണ്ട്. ഏത് നിമിഷവും സങ്കീർണതകളെ പ്രതീക്ഷിക്കണമെന്നതാണ് ഡെങ്കിയെ സങ്കീർണമാക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. അതുകൊണ്ടു തന്നെ സമയത്തിന് വൈദ്യസഹായാമണ് പ്രധാനം. കപട ചികിൽസകർ ഇല്ലാതാക്കുന്നതും അതാണ്. 
രണ്ടാമത് വരുന്ന ഡെങ്കിപ്പനിയെ ഭയക്കണമെന്നും ആധുനിക ശാസ്ത്രം പറയുന്നു. ഡെങ്കി ഷോക്ക് സിൻഡ്രോം, ഡെങ്കി ഹെമറേജ് ഫീവർ എന്നീ അവസ്ഥകൾ രോഗാവസ്ഥയെ അതിതീവ്രമാക്കാം. ആദ്യമായി ഉണ്ടാകുന്ന ഡെങ്കിയേക്കാൾ മരണസാധ്യതയും കൂടുതലാണിതിന്. ഡെങ്കി വന്നാൽ ഉടൻ ചികിൽസിക്കന്നതിനൊപ്പം അത് വരാതിരിക്കാൻ പരിസര ശുചീകരണവും കൊതുകുനശീകരണവും കർശനമായി ഉറപ്പ് വരുത്തണമെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Latest News