Sorry, you need to enable JavaScript to visit this website.

ഫേസ്‌ബുക്ക് പോസ്റ്റുകൾ പറയും നിങ്ങളുടെ രോഗം 

നിങ്ങൾ ആരോഗ്യവാനാണോ അല്ലയോ? ഇതറിയാൻ നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിച്ചാൽ മതി. 21 രോഗങ്ങൾ നിങ്ങൾക്കുണ്ടോ എന്നറിയാൻ നിങ്ങളുടെ ഫേസ്‌ബുക്ക് ഫീഡുകളിലൂടെ സാധിക്കും എന്ന ഗവേഷണ റിപ്പോർട്ട് പുറത്തു വന്നിട്ട് അധികമായില്ല. പോസ്റ്റുകളിലെ 'ഭാഷ' കൊണ്ട് നിങ്ങൾ കടന്നു പോകുന്ന രോഗാവസ്ഥ എന്താണെന്ന് മനസിലാക്കാൻ സാധിക്കും എന്നായിരുന്നു റിപ്പോർട്ട്.  വിഷാദം, വിഭ്രാന്തി തുടങ്ങി ലൈംഗീക രോഗങ്ങൾ വരെ കണ്ടു പിടിക്കാൻ നിങ്ങളുടെ പോസ്റ്റുകൾക്ക് സാധിക്കുമത്രേ ! 

പക്ഷെ  വാർത്ത കേട്ട് ആധി പിടിക്കാൻ വരട്ടെ. ഒരാളെ കാണുമ്പോൾ കണ്ണടച്ച് ഒരു അസുഖം ഉണ്ടെന്ന് പറയുന്നതിനേക്കാൾ ഇരട്ടി സാധ്യതയാണ് അയാളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിച്ചു പറയുന്നത്. കാര്യം അത്രേയുള്ളു. നിങ്ങളുടെ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് അല്ലെങ്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ഉള്ള  മാനസികാവസ്ഥ നിങ്ങൾ ഉപയോഗിക്കുന്ന ഭാഷയിലൂടെ അല്ലെങ്കിൽ ഫോട്ടോയിലൂടെ അപഗ്രഥിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഈ അപഗ്രഥനം നൂറു ശതമാനം ശരിയാകണമെന്ന് ഒരു നിർബന്ധവുമില്ല. 

സ്വകാര്യതയെ കുറിച്ച് ആശങ്കപ്പെടുന്നവർക്ക്, കൂടുതലായി ഷെയർ ചെയ്യപ്പെട്ട പോസ്റ്റുകളിൽ മാത്രമേ ഈ പ്രവചനം നടക്കൂ എന്ന ഉറപ്പും ഫേസ്‌ബുക്ക് നൽകുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 999 ആളുകളുടെ രണ്ടു വർഷങ്ങളിലെ  10 ലക്ഷത്തോളം പോസ്റ്റുകൾ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 

മൂന്നു വിഭാഗങ്ങളായി തിരിച്ച ഇവരിൽ ഒരു കൂട്ടരെ സ്വാഭാവിക ഭാഷയിലൂടെയും മറ്റൊന്നിനെ ജനസംഖ്യാപരമായ വിവരങ്ങളിലൂടെയും അവസാന വിഭാഗത്തെ ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും അപഗ്രഥനം നടത്തി. ഇതിൽ, ഫേസ്‌ബുക്ക് ഉപയോഗിച്ച് ആരോഗ്യസ്ഥിതി പ്രവചിച്ചവരിലാണ് കൂടുതലും ശരിയായ വിവരങ്ങളുമായി ഒത്തുപോയത്.കഴിഞ്ഞ മാസം ജേർണൽ പ്ലസ് വണ്ണിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 

പങ്കെടുത്തവർ ഫേസ്‌ബുക്കിൽ കൂടുതലായി ഉപയോഗിച്ച വാക്കുകളാണ് ഗവേഷകരെ ഇത് കണ്ടെത്താൻ സഹായിച്ചത്.  അവർ ഉപയോഗിച്ചിരുന്ന വാക്കുകൾ വളരെ രസകരമായിരുന്നത്രെ . ജനനേന്ദ്രിയത്തെ കുറിച്ചും ലൈംഗീകതയെ കുറിച്ചുമുള്ള വാക്കുകൾ കൂടുതലായി ഉപയോഗിച്ചവരിൽ  ലൈംഗീക രോഗമുണ്ടായിരുന്നതായും പ്രാർത്ഥന, ദൈവം എന്ന വാക്കുകൾ കൂടുതലായി ഉപയോഗിച്ചവർ പ്രമേഹമുള്ളവരായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി. ഇവിടെ, ദൈവമോ പ്രാർത്ഥനയോ അല്ല, അതിനായി അവർ ഉപയോഗിച്ച വാക്കുകൾ അവരുടെ മതത്തെയും ജീവിതശൈലിയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതായിരുന്നു. 

ഈ പ്രവചന രീതി ഒരു നേരമ്പോക്ക് മാത്രമല്ലാതെ കൃത്യമായ വൈദ്യ പരിശോധനയ്‌ക്കോ ശരിയായ രോഗനിർണയത്തിനോ പകരമാവില്ല എന്നും ഗവേഷകർ ആവർത്തിച്ചു പറയുന്നുണ്ട്. രോഗാവസ്ഥകൾ വരാനുള്ള വഴികൾ അപഗ്രഥിക്കാൻ ഇത് ഗവേഷകരെ സഹായിക്കുമെന്ന് മാത്രമേയുള്ളു. അതുകൊണ്ട് കൂടുതലായി പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ടെങ്കിൽ കരുതിയിരുന്നോളൂ. നിങ്ങളുടെ മാനസികാവസ്ഥയെ കുറിച്ചുള്ള അപഗ്രഥനം ഗവേഷകർ നടത്തിയേക്കാം. 

Latest News