കൊണ്ടോട്ടി- ഈ വർഷം ഹജിന് പോകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഹജ് കാര്യ വകുപ്പും, ആരോഗ്യ വകുപ്പും നടപടികളാവിഷ്‌കരിക്കുന്നു.
മെർസ് കോറോണ വൈറസ് ബാധ തടയുന്നതിന് മുൻകരുതലെടുക്കണമെന്ന് സൗദി ഹജ് കാര്യവകുപ്പ് കേന്ദ്ര ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇന്ത്യൻ ഹജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്രം ഓരോ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. കേരളത്തിൽ ആരോഗ്യ വകുപ്പും, ഹജ് കാര്യ മന്ത്രാലയവുമാണ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ നടപടികൾ കൈക്കൊളളുന്നത്. ഇതിന്റെ ഭാഗമയുളള കുത്തിവെപ്പും, തുളളിമരുന്ന് നൽകലും അടുത്ത മാസം ആദ്യവാരം നടത്തും.
ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഹജ് തീർത്ഥാടകർക്ക് മെനഞ്ചൈറ്റിസ് കുത്തിവെപ്പ്, ഓറൽ പോളിയോ തുളളിമരുന്ന്, 70 വയസ്സിന് മുകളിലുളളവർക്ക് സീസണൽ ഇൻഫഌവൻസ വാക്‌സിൻ എന്നിവ നൽകും.
ഇതിന് പുറമെ അംഗീകൃത രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ (ആർ.എം.ടി) പരിശോധന റിപ്പോർട്ടും തീർത്ഥാടകർ ഉറപ്പ് വരുത്തണം. ഓരോ തീർത്ഥാടകനുമുളള രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ഹെൽത്ത് കാർഡിലുണ്ടാകും. തുളളിമരുന്ന്, കുത്തിവെപ്പ് എന്നിവയുടെ അടക്കം വിവരങ്ങളും ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തും. ഹെൽത്ത് കാർഡില്ലാതെയുളള ഹജ് യാത്രക്ക് അനുമതി നൽകില്ല.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലാണ് കുത്തിവെപ്പും തുളളിമരുന്നും നൽകുക. ഇതോടൊപ്പം മൂന്നാം ഘട്ട പരിശീലന ക്ലാസും നൽകും. തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ തുടങ്ങിയവ ക്ലാസിൽ വിശദീകരിച്ച് നൽകും. തീർത്ഥാടകർക്ക് ഇതു സംബന്ധിച്ചുളള നിർദേശങ്ങൾ ഹജ് ട്രെയിനർമാർ മുഖേന ലഭിക്കും. ഇതിന്റെ ഭാഗമായി ഹജ് ജില്ലാ ട്രെയിനർമാരുടെ യോഗം നാളെ രാവിലെ 9 മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. സംസ്ഥാനത്തെ 14 ജില്ലാ ട്രെയിനർമാരും രണ്ട് മാസ്റ്റർ ട്രെയിനർമാരും യോഗത്തിൽ സംബന്ധിക്കും.