Sorry, you need to enable JavaScript to visit this website.

റെയിൽവേ സ്വകാര്യവൽക്കരണം: മോഡി സർക്കാരുയർത്തുന്നത് അപകട സിഗ്നൽ

ഇന്ത്യൻ റെയിൽവേയുടെ നിർമാണ യൂണിറ്റുകൾ സ്വകാര്യവൽക്കരിക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും നീക്കങ്ങൾക്കെതിരെ പ്രതിഷേധം നീറിപ്പുകയുന്നു. രണ്ടാം മോഡി സർക്കാരിന്റെ ആദ്യ നൂറുദിവസ പ്രവർത്തന പരിപാടിയുടെ ഭാഗമായി റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. അവിടത്തെ നാലായിരത്തിൽപരം വരുന്ന തൊഴിലാളികൾ ജൂൺ 19 ന് പ്രതിഷേധ റാലി നടത്തുകയും പണിമുടക്കുകയും ചെയ്തു. തുടർന്ന് റെയിൽവേ ബോർഡ് സ്വകാര്യവൽക്കരണം സംബന്ധിച്ച ആലോചനായോഗം മാറ്റിവെച്ചു. 
എന്നാൽ മോഡി സർക്കാരും റെയിൽ േവ ബോർഡും അത്രവേഗം സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്നും പിൻമാറുമെന്ന് കരുതാനാവില്ല. 
ഇന്ത്യൻ റെയിൽവേയെ പോലെ അതിബൃഹത്തായ ഒരു വ്യാവസായിക പ്രസ്ഥാനത്തിന്റെ സ്വകാര്യവൽക്കരണം നൂറു ദിവസം കൊണ്ട് അനായാസം നിർവഹിക്കാനാവുന്ന ഒന്നല്ല. അതിന് ദീർഘ കാലയളവു തന്നെ വേണ്ടിവരും. ഇന്ത്യൻ റെയിൽവേയുടെ സമീപകാല ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ സ്വകാര്യവൽക്കരണ നീക്കം തുടങ്ങിയിട്ട് നാളേറെയായി എന്ന് ബോധ്യമാകും. ഉത്തർപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് ലോക്‌സഭാംഗത്തെ (സോണിയാ ഗാന്ധി) തെരഞ്ഞെടുത്ത നിയോജക മണ്ഡലത്തോടുള്ള രാഷ്ട്രീയ പ്രതികാര വാഞ്ഛയാണ് അവിടത്തെ കോച്ച് ഫാക്ടറി സ്വകാര്യവൽക്കരണത്തിനായി ആദ്യം തെരഞ്ഞെടുക്കപ്പെടാൻ കാരണം. എന്നാൽ അത് ഒറ്റപ്പെട്ട തെരഞ്ഞെടുപ്പല്ല, ആസൂത്രിത ദീർഘകാല പദ്ധതിയുടെ ഭാഗമാണ്.

നവ ഉദാരീകരണ സിദ്ധാന്തത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വകാര്യവൽക്കരണം. ഇന്ത്യയിൽ അതിന്റെ പ്രയോക്താക്കൾക്ക് നിഗൂഢ ലക്ഷ്യങ്ങളുണ്ട്. അത് അഴിമതിയിൽ തുടങ്ങി രാഷ്ട്രീയ പണസമാഹരണം വരെ വ്യാപിച്ചുകിടക്കുന്നു. റെയിൽവേയുടെ സ്വകാര്യവൽക്കരണം ദശകങ്ങളോളം തങ്ങളുടെ മടിശ്ശീല നിറയ്ക്കാനുള്ള വഴിയാണെന്ന് മോഡി പ്രഭൃതികൾ തിരിച്ചറിയുന്നു. ഇന്ത്യൻ റെയിൽവേ ലോകത്തെ നാലാമത്തെ ബൃഹത്തായ റെയിൽ ഗതാഗത ശൃംഖലയാണ്. ഏതാണ്ട് 70,000 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയും ലോകത്തെ തന്നെ ഏറ്റവും വലിയ എട്ടാമത്തെ തൊഴിൽ ദാതാവുമാണ് അത്. പ്രതിദിനം 20,000 യാത്രാ ട്രെയിനുകൾ ഓടിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ പതിനൊന്ന് ലക്ഷത്തോളം ജീവനക്കാരാണുള്ളത്. പ്രതിവർഷം എണ്ണൂറിൽപരം കോടി യാത്രക്കാരെയും 116 കോടി ടൺ ചരക്കും വഹിക്കുന്ന ഒരു മഹാ പ്രസ്ഥാനത്തിന്റെ സ്വകാര്യവൽക്കരണം അഴിമതിയുടെ അക്ഷയ ഖനിയാവാം. 
അംഗപരിമിതരും മുതിർന്ന പൗരൻമാരുമടക്കം 53 വിഭാഗം യാത്രക്കാർക്ക് ഇപ്പോൾ നൽകിവരുന്ന 33,000 കോടിയിൽപരം വരുന്ന യാത്രാക്കൂലി ഇളവുകൾ അപ്പാടെ നിർത്തലാക്കാനുള്ള നീക്കവും നടക്കുന്നു. റെയിൽവേ നടത്തിവരുന്ന സ്‌കൂളുകൾ, ആശുപത്രികൾ, അച്ചടിശാലകൾ എന്നിവയെല്ലാം നിർത്താനാണ് പരിപാടി. അഞ്ച് അച്ചടിശാലകൾ ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. വിവിധ റെയിൽവേ റൂട്ടുകൾ സ്വകാര്യ നടത്തിപ്പുകാർക്ക് കൈമാറാനുള്ള നീക്കം സജീവമാണ്. അതിനായി റെയിൽവേ വികസന അതോറിറ്റി രൂപീകരിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ചട്ടം ഭേദഗതി ചെയ്യുന്നതിനും ശ്രമം നടന്നുവരികയാണ്. അതോറിറ്റി നിലവിൽ വരും മുമ്പു തന്നെ ലാഭകരമായ പല റെയിൽവേ വിനോദ സഞ്ചാര സേവനങ്ങളും സ്വകാര്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞതായി ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. ചരക്കുഗതാഗതം പൂർണമായും സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ജപ്പാന്റെയും ലോക ബാങ്കിന്റെയും സഹായത്തോടെ സമർപ്പിത ചരക്കുഗതാഗത ഇടനാഴികൾ ഇതിനകം തന്നെ രാജ്യത്തിന്റെ പല ഭാഗത്തും നിലവിൽ വന്നുകഴിഞ്ഞു. ഇത് ചരക്ക് ഗതാഗതവും അതുവഴി അവശ്യവസ്തുക്കളും ഏറെ ചെലവേറിയതാക്കി മാറ്റും. രാഷ്ട്ര ഉദ്ഗ്രഥനത്തിന്റെ രക്തധമനികളെന്ന് വിശേഷിപ്പിക്കാവുന്ന, ശതകോടി ജനങ്ങളുടെ ഏറ്റവും ചെലവു കുറഞ്ഞ, ചരക്കു നീക്ക സംവിധാനമാണ് ഒരു പറ്റം രാഷ്ട്രീയ ദല്ലാളൻമാർ മൂലധന ശക്തികൾക്ക് അടിയറവെയ്ക്കാൻ ശ്രമിക്കുന്നത്. 
 

Latest News