മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം; 12 വീടുകൾ ഒലിച്ചു പോയി, 6 മരണം, 18 പേരെ കാണാതായി

മുംബൈ - മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ, ഡാം നിറഞ്ഞൊഴുകി 7 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമത്തിലെ 12 വീടുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. 6 പേർ മരിച്ചതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. 

ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് ഡാം കവിഞ്ഞൊഴുകാൻ തുടങ്ങിയത്. ജില്ലയിലെ അക്ലെ, റിക്തോളി, ഓവാലി, കൽക്കവ്നെ, നന്ദിവാസെ എന്നിവയുൾപ്പെടെ താഴ്ന്ന പ്രദേശത്തുള്ള ഏഴ് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വാർത്താ ഏജൻസിയായ ഐ‌.എ‌.എൻ‌.എസിന്റെ റിപ്പോർട്ട് അനുസരിച്ച് 19 വർഷം പഴക്കമുള്ള അണക്കെട്ട് ചോരുന്നതിന്റെ ലക്ഷണങ്ങൾ നേരത്തെ കാണിച്ചിരുന്നു. പ്രശ്നം ജില്ലാ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയില്ല. 

മുംബൈയിൽ നിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയാണ് സംഭവ സ്ഥലം. ഇവിടെ ദേശീയ ദുരന്ത നിവാരണ സേന (എൻ‌.ഡി‌.ആർ‌.എഫ്) തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.  സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരും രക്ഷ പ്രവർത്തനത്തിനുണ്ട്. 

മഹാരാഷ്ട്രയിൽ പലയിടങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. വൈകിയെത്തിയ മൺസൂൺ മഴ ശക്തിയാർജിച്ചതോടെ, മുംബൈ നഗരവും നിശ്ചലമായി. മുംബൈയിൽ മാത്രം 12 മണിക്കൂർ കാലയളവിൽ 300 മുതൽ 400 മില്ലിമീറ്റർ വരെ മഴ പെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. താനെ, പൽഘർ, റായ്ഗഡ് ജില്ലകളിലും നാസിക്, രത്‌നഗിരി, സിന്ധുദുർഗ്, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.

സബർബൻ സർവീസുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ  അറിയിച്ചു. ചില ട്രെയിനുകളിൽ ഉള്ള കാലതാമസവും ഭാഗികമായ സേവനവും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.

ജൂലൈ 4, 5 തീയതികളിൽ താനെ, പൽഘർ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 3 നും 5 നും ഇടയിൽ മുംബൈ വെള്ളപ്പൊക്ക ഭീഷണിയുള്ളതായും സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് അറിയിച്ചിട്ടുണ്ട്. 

Latest News