Sorry, you need to enable JavaScript to visit this website.

സംവരണ അട്ടിമറി സാമൂഹിക നീതി ഇല്ലാതാക്കുമെന്ന് ശംസീർ ഇബ്രാഹിം 

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ടൗണിൽ സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥ. 

കൊല്ലം- വിവിധ വാദങ്ങളുയർത്തി സംവരണ അട്ടിമറി നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറുകൾ സാമൂഹിക നീതിയെയാണ് ഇല്ലാതാക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു. വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊല്ലം ചിന്നക്കടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ നിലനിൽപ്പും പ്രസക്തിയും സാമൂഹിക നീതിയിലാണ്. ഈ സാമൂഹിക നീതിയുടെ അടിത്തറയാണ് സംവരണം. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ ഉപയോഗപ്പെടുത്തി സംവരണം നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങളാണ് സംവരണ വിരുദ്ധതയിലൂടെ നടപ്പാകുന്നത്. സംഘ്പരിവാർ ദേശീയ തലത്തിൽ പാർലമെന്റിലൂടെ സംവരണ വിരുദ്ധത നടപ്പാക്കിയപ്പോൾ ഇടതുപക്ഷവും മറ്റും സാമ്പത്തിക സംവരണവും മുന്നോക്ക സംവരണവും വാദിച്ച് സംഘ്പരിവാറിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 
രാജ്യത്തിന്റെ നിലനിൽപ്പിനും ഭരണഘടനയുടെ സ്ഥാപനത്തിനും ദളിതുകളും മറ്റ് പിന്നോക്ക വിഭാഗങ്ങളും സഹിച്ച ത്യാഗത്തിന്റെ ഫലമായാണ് സാമൂഹിക നീതിയെന്ന ആശയവും സംവരണമെന്ന പ്രായോഗിക പരിഹാരവും രാജ്യത്ത് ഉണ്ടായത്. എന്നാൽ സംവരണത്തിന്റെ മാനദണ്ഡം സമുദായമെന്നതിനപ്പുറത്ത് സാമ്പത്തികം പോലുള്ള താൽകാലിക കാര്യങ്ങളിലേക്ക് ഒതുങ്ങുന്നതോടെ സംവരണത്തെ ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയാക്കി ഒതുക്കുകയാണ് ചെയ്യുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് തൊഴിൽ പദ്ധതികളോ ദാരിദ്ര്യ നിർമാർജന പദ്ധതികളോ തുടങ്ങുന്നതിന് പകരം സംവരണമെന്ന ആശയത്തെ തന്നെ അട്ടിമറിക്കാനാണ് രാജ്യത്തെ മുഖ്യധാര ശ്രമിച്ചത്. രാജ്യത്തിന്റെ പൊതുബോധം എത്രത്തോളം സംവരണ വിരുദ്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു പാർലമെന്റിൽ സംവരണ വിഷയത്തിൽ നടന്ന ചർച്ചയും വോട്ടെടുപ്പും. 
കെ.എ.എസ് സംവരണത്തിൽ ഇടതുപക്ഷ സർക്കാർ തികച്ചും വിചിത്രമായ വാദങ്ങളുയർത്തിയാണ് സംവരണ അട്ടിമറിക്ക് ശ്രമിച്ചത്. അതിന് പുറമേ നിലവിൽ സംവരണമുള്ള വിവിധ മേഖലകളിൽ വ്യവസ്ഥാപിതമായ സംവരണ അട്ടിമറികൾ നടക്കുന്നുമുണ്ട്. ഇടതുപക്ഷം അടിസ്ഥാനപരമായ ആശയങ്ങളിൽ തങ്ങൾ ഫാസിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് തെളിയിച്ച സന്ദർഭമായിരുന്നു കെ.എ.എസ് പ്രശ്‌നം. ഫ്രറ്റേണിറ്റി അടക്കമുള്ളവരുടെ വ്യവസ്ഥാപിതമായ പഠനങ്ങളും സമരങ്ങളും കാരണമാണ് ഇടതുപക്ഷം ഈ സംവരണ അട്ടിമറിയിൽ പുനരാലോചന നടത്തിയതെന്നും ശംസീർ കൂട്ടിച്ചേർത്തു.
മുൻ ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എം മുഖ്താർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം നഈം ഗഫൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് പാരിപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി ഡോ.അശോകൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ആരിഫ് സലാഹ്, ജുസൈന ഫാത്തിമ, സെക്രട്ടറിമാരായ അഫ്‌സൽ ഖാൻ, അംജദ് അമ്പലക്കുന്നു, അഭിജിത് കൊട്ടാരക്കര എന്നിവർ സംസാരിച്ചു. ജാഥാ അംഗങ്ങളായ നജ്ദ റൈഹാൻ, അനീഷ് പാറമ്പുഴ, കെ.എം ഷെഫ്രിൻ, സാന്ദ്ര എം.ജെ എന്നിവർ സംബന്ധിച്ചു. ജാഥാ അംഗങ്ങൾ ആലപ്പാട്ട് ഖനന വിരുദ്ധ സമരഭൂമി സന്ദർശിച്ചു. മഷി പുരളാത്ത കടലാസുകൾ എന്ന നാടകം കലാജാഥ സംഘം അവതരിപ്പിച്ചു. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്ന് ആരംഭിച്ച വിദ്യാർഥി റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ജാഥ കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. കായംകുളം എം.എസ്.എം കോളേജിലെ പ്രഥമ സ്വീകരണത്തോടെയാണ് ഇന്നത്തെ സ്വീകരണ പരിപാടി ആരംഭിക്കുക.

Latest News