ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കെതിരെയുളള അതൃപ്തി പരസ്യമാക്കി ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി.
രണ്ടാം മോഡി മന്ത്രിസഭയില്‍ ഇടംപിടിക്കാനാവാതെ പോയ സുബ്രഹ്മണ്യന്‍ സ്വാമി, നരേന്ദ്ര മോഡിയുടെ ഭാഗത്ത് നിന്നും തനിക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നും അതുകൊണ്ട് താന്‍ ചൈനയിലേക്ക് പോവുകയാണെന്നും തമാശ രൂപേണെ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
''കഴിഞ്ഞ 70 വര്‍ഷക്കാലമായുളള ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രഭാഷണം നടത്തുന്നതിനായി ചൈനയിലെ പ്രശസ്തമായ സിംഗ്വാ യൂണിവേഴ്‌സിറ്റി ക്ഷണിച്ചിരിക്കുകയാണ്. നരേന്ദ്രമോഡിക്ക് താന്‍ പറയുന്നതിലൊന്നും താല്‍പര്യം ഇല്ലാത്ത സ്ഥിതിക്ക് ചൈനയ്ക്ക് പോവുന്നതാണ് നല്ലത്'' എന്നാണ് സ്വാമിയുടെ ട്വീറ്റ്. സെപ്റ്റംബറിലാണ് പ്രഭാഷണം.
സുബ്രഹ്മണ്യന്‍ സ്വാമിയെ ജെയ്റ്റ്‌ലിക്ക് പകരം ധനകാര്യമന്ത്രിയാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അണികളുടെ പ്രതീക്ഷ. തന്നെ ധനകാര്യമന്ത്രിയാക്കാത്തതിനുളള കാരണം താന്‍ മന്ത്രിയായാല്‍ പാര്‍ട്ടിക്കുളളിലെ കള്ള•ാരെ അടക്കം വെറുതെ വിടില്ലെന്ന് സര്‍ക്കാരിന് അറിയുന്നത് കൊണ്ടാണ് എന്നാണ് ഇതേക്കുറിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.
സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിന് വേണ്ടിയാണ് നിര്‍മല സീതാരാമനെ ധനകാര്യ മന്ത്രിയാക്കിയത് എന്നും അവരുടെ അടുത്ത ഉന്നം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നും ട്വിറ്ററില്‍ ഫോളോവറായ ഒരാള്‍ അഭിപ്രായപ്പെട്ടതിനെ സുബ്രമണ്യന്‍ സ്വാമി പരസ്യമായി പിന്തുണച്ചിരുന്നു.
ഇന്‍കംടാക്‌സ് കമ്മീഷണര്‍ ആയ എസ് കെ ശ്രീവാസ്തവയുടെ നിര്‍ബന്ധിത വിരമിക്കലിന് എതിരെയും സ്വാമി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.