ന്യൂദല്‍ഹി- ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ അഭിനന്ദനവും സഭയുടെ കൈയടിയും. ലോക്‌സഭയില്‍ ഇന്നലെ ആദ്യമായി ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ ഒരുങ്ങിയ രമ്യയുടെ പേര് തെറ്റിച്ചാണ് സ്പീക്കര്‍ ഉച്ചരിച്ചത്. രേംമയ എന്നായിരുന്ന സ്പീക്കറുടെ വായില്‍ വന്നത്.
ഉടന്‍ തന്നെ തന്റെ പേര് രമ്യ എന്നാണെന്ന് എംപി തിരുത്തി. തുടര്‍ന്നാണ് കക്ഷി മിടുക്കിയാണെന്ന് തദ്ദേശ ഭരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചയാളാണെന്ന് സ്പീക്കര്‍ സഭയില്‍ അഭിനന്ദനമായി പറഞ്ഞത്. അതോടെ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ സഭയില്‍ രമ്യക്കായി കൈയടി ഉയര്‍ന്നു.
തന്റെ മണ്ഡലത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ലോക്‌സഭയിലെ ശൂന്യ വേളയില്‍ രമ്യ ഇന്നലെ ഉന്നയിച്ചത്. നെല്‍ കര്‍ഷകര്‍ക്കും പഴം, പച്ചക്കറി കര്‍ഷകര്‍ക്കും മതിയായ സംഭരണ സംവിധാനങ്ങള്‍ ഇല്ലെന്നും ഇതിനായി കേന്ദ്ര സഹായം ആവശ്യമാണെന്നും എം.പി പറഞ്ഞു. പലപ്പോഴും കാര്‍ഷികോല്‍പന്നങ്ങള്‍ ശരിയായ രീതിയില്‍ സംഭരിച്ചു വെക്കാനാകാത്തതിനാല്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടം നേരിടുന്നുണ്ടെന്നും രമ്യ ചൂണ്ടിക്കാട്ടി.
ലോക്‌സഭ ചേരുന്നതിന് മുന്‍പ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ ഭരണപക്ഷ നിരയില്‍ ചെന്നു കണ്ടും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ ആദ്യമായി അവസരം ലഭിച്ചപ്പോള്‍ ശബരിമല എയര്‍സ്ട്രിപ്പിനെക്കുറിച്ചാണ് ആലത്തൂര്‍ എം.പി ചോദിച്ചത്.