Sorry, you need to enable JavaScript to visit this website.

അടിയന്തരാവസ്ഥയുടെ പ്രേതബാധ

പീരുമേട്ടിൽ പോലീസ് മർദനത്തെത്തുടർന്ന് മരണപ്പെട്ട  രാജ്കുമാർ 

മലയാളികൾക്കിടയിൽ ആളിപ്പടർന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്‌റ്റേഷനുകളിൽ നടക്കുന്ന ഭീകര മരണങ്ങൾ.  പീരുമേട് പോലീസ് സ്‌റ്റേഷനിൽ  രാജ്കുമാർ എന്ന മനുഷന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകൾ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ  നമ്മുടെ  മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തിയതിന്റ നാൽപത്തിനാലാം വാർഷിക ദിനത്തിലാണ് പോലീസ് സ്‌റ്റേഷനിലേക്ക്  ആരോഗ്യമുള്ള ഒരു മനുഷ്യൻ നടന്നുപോയിട്ട്  ജീവശ്ശവമായി ധാരാളം  മുറിവുകളോടെ പുറത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയുടെ പ്രേതം ഇന്നും കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലുണ്ടെന്നുള്ളതിന്റെ തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാൻ ഭരണകൂടത്തിനാകുന്നില്ല. പോലീസുകാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തൊഴി, ഉരുട്ടിക്കൊല, ലാത്തി, തോക്ക് മുതലായവ.  ജോർജ് ബർണാഡ്ഷാ പറഞ്ഞത് 'ജീവിതത്തിൽ രണ്ട് ദുരന്തങ്ങളേ ഉണ്ടാകാനുള്ളൂ. ഒന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക'. ഇതിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന 300 കോടി ആരാണ് ആഗ്രഹിച്ചത്?  
ഒരു ഡോക്ടർക്ക്  എങ്ങനെ രോഗികളോട് ഉത്തരവാദിത്തമുണ്ടോ അത് തന്നെയാണ് പോലീസ് സൈന്യം കുറ്റവാളികൾ എന്ന് മുദ്രകുത്തിയവരോടും കാട്ടേണ്ടത്.  അവർക്ക് എന്ത് മരുന്നു കൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ ത#ീിരുമാനിക്കുന്നത് കോടതിയാണ്, പോലീസല്ല. 
പക്ഷേ സംഭവിക്കുന്നത് പോലീസ് സ്‌റ്റേഷനിൽ അവർ തന്നെ ശസ്തക്രിയ ചെയ്യുന്നു. അത്  ഹിംസയാണ്. ആ ഹിംസ വേട്ടനായ്ക്കളെപ്പോലെ വഴിയിൽ മാത്രമല്ല. വീട്, ഓഫീസ്, പോലീസ് സ്‌റ്റേഷനിലേക്കും അതിക്രമിച്ചു കടന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നു. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് അത്യാഗ്രഹങ്ങൾ തന്നെയാണ്. ഒരു ഭരണകൂടത്തിന് പൗരന്മാർക്ക് പൂർണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഈ  ക്രൂരന്മാരായ പോലീസ് കൊലയാളികളെ  ജനങ്ങൾ എന്തിന് തീറ്റിപ്പോറ്റണം?  പോലീസ് സമീപനങ്ങൾ, കൈക്കൂലി, ലോക്കപ്പ് മരണം അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുന്നു. പോലീസ് വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതെ പോകുന്നു. സത്യസന്ധരായ പോലീസുകാർക്കും ഇതൊക്കെ അപമാനമാണ്.  
ഭരണത്തിലുള്ളവർ എന്തിനാണ് കുറ്റവാളികൾക്ക് കുട പിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാൻ ഈ കാക്കിധാരികൾക്ക് എന്തവകാശം?   മനുഷ്യ നന്മകളെ മുൻനിർത്തി 1958 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് ഭരണ പരിഷ്‌കര കമ്മീഷന് ശുപാർശ ചെയ്തു. 1996 ൽ ജനകീയ ആസൂത്രണ പരിപാടികളും അധികാരം ജനങ്ങളിലെത്തിക്കാൻ ശ്രമം തുടർന്നു. ഒരു ഫലവുമുണ്ടായില്ല. പോലീസ് രാജ് പോലെ ഓരോ സർക്കാർ സ്ഥാപനങ്ങളിലും ഓരോരോ രാജ് നിലവിലുണ്ട്.    
ഏത് ഭരണ കാലത്തും കേരളത്തിൽ കസ്റ്റഡി മരണം, ഉരുട്ടിക്കൊലപാതകം എന്നിവ  കേരളത്തിൽ സുഗമമായി നടക്കുന്ന മൂന്നാം മുറകളാണ്.  ഈ കൊലയാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവർക്കു ശ്രേഷ്ഠ പദവികൾ ലഭിക്കുന്നു. കുരക്കും പട്ടി കടിക്കില്ല എന്ന പോലെ അപ്പോൾ കുറെ ബഹളങ്ങൾ. അതിനപ്പുറം ഒന്നും നടക്കുന്നില്ല. പോലീസ് സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാര കേന്ദ്രങ്ങളിൽ നടക്കുന്ന ഗൂഢാലോചനകളുടെ ഫലമായിട്ടാണ്. അവർ എന്തെല്ലാം ത്വാതിക വാദങ്ങൾ നടത്തിയാലും ജാഥ നയിച്ചാലും ചുമതലപ്പെട്ട പോലീസുകാരെ വെള്ള പൂശിയാലും പോലീസ് കസ്റ്റഡിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നത് ഭരണകൂട ഭീകരത തന്നെയാണ്.  ഇതൊക്കെ ആത്മാഭിമാനമുള്ള, പൗരബോധമുള്ള  ഏതൊരു മലയാളിയുടെ ജീവിതത്തിലും ഭീതിയുളവാക്കുന്നു.  ഏത് പാർട്ടി ഭരിച്ചാലും എത്രമാത്രം പുരോഗമന വാദികളായാലും അവിടെയെല്ലാം നിലനിൽക്കുന്നത് സാംസ്‌കാരിക അധഃപതനമാണ്. ലോകത്തു് മൂർച്ചയേറിയ തൊഴിലാളി വർഗസമരങ്ങൾ നടന്നിട്ടുണ്ട്. അതൊന്നും  ഉട്ടോപ്യൻ സോഷ്യലിസമായിരുന്നില്ല. ഈ പിന്തിരിപ്പൻ പ്രവണതകളെ സ്‌നേഹ സഹോദര്യത്തോടെ പ്രതിരോധിക്കാൻ ബുദ്ധിജീവികൾക്കിടയിൽ  നിന്നും ആരും വരുന്നില്ലയെന്നതും ഈ കൂട്ടരുടെ പിടിയിലമർന്നതിന്റ തെളിവാണ്. അവരും  ഈ സമ്പന്ന വർഗ അധികാരികളുടെ  താൽപര്യങ്ങളെ സംരക്ഷിക്കുന്നവരായി മാറുന്നു.
പ്രമാദമായ പല കേസുകളും ബോധപൂർവമായി അട്ടിമറിക്കപ്പെടുന്നു, മുടിവെക്കപ്പെടുന്നു. അതിൽ ചിലത് മാത്രം മാധ്യമങ്ങൾ കുത്തിപ്പൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകൾ ബാക്കി.
പാവങ്ങൾ കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിൽ ഇടിയുടെ വേദനയാൽ അലറിക്കരയുന്നു.  സ്വന്തം കാര്യസാധ്യത്തിനു വേണ്ടി പൊതു നിയമത്തെ ബലികഴിക്കുന്ന സ്വാർത്ഥന്മാർ രാഷ്ട്രീയ-സാംസ്‌കാരിക-നിയമപാലന രംഗത്തുള്ളത് ജനാധിപത്യത്തിന് കളങ്കമാണ്. ഒരു പരാതിക്കാരൻ പോലീസ് സ്‌റ്റേഷനിൽ ചെന്നാൽ ആ വ്യക്തിയോട് സ്‌നേഹപുരസ്സരം പെരുമാറാൻ അറിയില്ലെങ്കിൽ അവർക്ക് പരിശീലനം കൊടുക്കേണ്ടത് കേരള പോലീസല്ല. അവരെ നന്നാക്കിയെടുക്കാൻ നിയമ രംഗത്ത് മിടുക്കന്മാരുണ്ട്. 

ബ്രിട്ടനിൽ നിന്നോ, അമേരിക്കയിൽ നിന്നോ പോലീസ് അച്ചടക്കം എന്തെന്നറിയാവുന്ന  അധ്യാപകരെയാണ് അവരുടെ പഠന പരിശീലകരാക്കേണ്ടത്. അല്ലാതെ പാർട്ടികളുടെ ഗുണ്ടകളെയല്ല.  നമ്മുടെ നിയമ വ്യവസ്ഥിതിയിൽ ധാരാളം സംഭാവനകൾ ബ്രിട്ടീഷ്‌കാരുടേത് ഇപ്പോഴുമുണ്ട്. 
നമ്മുടെ പോലീസ് സേനയെ നന്നാക്കാൻ പാശ്ചാത്യ നാടുകളിലെ പോലീസ് രംഗത്തുള്ളവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നതും ഒരു തെറ്റല്ല.  പോലീസ് കസ്റ്റഡി മരണങ്ങൾ, ഉരുട്ടിക്കൊലകൾ  മുൻകൂട്ടി തയാറാക്കിയ തിരക്കഥകളൊന്നും അവരുടെ മുന്നിൽ വിലപ്പോവില്ല. ഗൾഫ് - പാശ്ചാത്യ നിയമങ്ങൾ വളരെ കർക്കശമാണ്. ഒരു ഭരണാധികാരിക്കും രാഷ്ട്രീയ വാലാട്ടികൾക്കും  അവിടേക്ക് എത്തിനോക്കാൻ അത്രയെളുപ്പമല്ല. അവർ വന്നാൽ നിയമം എന്തെന്ന് നമ്മളറിയും. അത്   നല്ലൊരു  സമൂഹത്തെ രൂപാന്തരപ്പെടുത്തും.
പോലീസ് സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നവർ, പുരോഗതി ആഗ്രഹിക്കുന്നവർ എന്നിവരൊക്കെ ഇതിനെപ്പറ്റി ചിന്തിക്കണം. 
നെടുങ്കണ്ടം പീരുമേട് കസ്റ്റഡി മരണത്തിന്റ  തിരക്കഥക്ക്
പിന്നിലെ ബിനാമികൾ ആരാണ്? അത് സത്യമാണോ? ഇതൊക്കെ ജനങ്ങൾ അറിയേണ്ട കാര്യമാണ്.   ഒരാൾ അധികാരത്തിൽ വന്നാൽ, കാക്കിക്കുപ്പായമിട്ടാൽ  ജനങ്ങളോട് ഇത്ര പുഛഭാവം എന്താണ്? ഇത് വെളിപ്പെടുത്തുന്നത് സാമൂഹ്യ സാംസ്‌കാരിക അരാജകത്വമാണ്.  ഹിംസ, അഴിമതി, അനീതി നടത്തുന്ന പാർട്ടികളെ ജനങ്ങൾ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നത്? ഇത് കേരള ജനത ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതാണ്. ജനങ്ങൾ അധികാരമേൽപിക്കുന്നത് പൗരന്മാരുടെ യഥാർഥമായ അവകാശങ്ങൾ സംരക്ഷിക്കാനാണ്. അല്ലാതെ ഗുണ്ടകളുടെ, കള്ളക്കടത്തുകാരുടെ, സമ്പന്നരുടെ ഓശാന പാടുന്ന പോലീസുകാരുടെ സംരക്ഷകരാകാനല്ല.  
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് എന്താണ്.  ഈ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന  കാര്യമാണ്. ഇടത്, വലത് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ ഉരുട്ടിക്കൊല പോലെ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. 
സർക്കാർ വകുപ്പുകൾ പാവങ്ങളെ അഴിമതിയിൽ മുക്കിക്കൊല്ലുന്നു അല്ലെങ്കിൽ ആത്മഹത്യയിൽ എത്തിക്കുന്നു.  പോലീസ് കസ്റ്റഡിയിൽ ധാരാളം പാവങ്ങളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളിൽ ആരും ശിക്ഷിച്ചതായി അറിയില്ല. കേരളത്തിലെ പോലീസ്, ഭരണകൂടങ്ങളുടെ ഗുണ്ടകളാണോ അതോ പോലീസ് യൂണിയനുകളുടെ അടിമകളോ? കേരള പോലീസ് നല്ല പോലീസ് എന്നൊക്കെ നമ്മൾ മേനി പറയാറുണ്ട്. ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാറുണ്ട്. 
അതിലൂടെ അവരുടെ കപട മുഖങ്ങളാണ് വെളിപ്പെടുന്നത്. പാവങ്ങളുടെ ജീവനെടുത്തൽ ഭരണകൂടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലം മാറ്റം അല്ലെങ്കിൽ സസ്‌പെൻഷൻ. ഓരോ യൂണിയനുകളും പോലീസും രാഷ്ട്രീയ പാർട്ടികളുടെ പാദസേവകരാകയാൽ ഏതാനം മാസങ്ങൾ കഴിയുമ്പോൾ ഒരു ശിക്ഷയുമില്ലാതെ അവർ ജോലിയിൽ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികൾ മാത്രമല്ല ഭരണഘടനയും നിയമങ്ങളുമാണ്. 
കേരളത്തിലെ പോലീസ്  കാട്ടിലെ കടുവകളാണോ? ഇത് എന്തുകൊണ്ട് തുടർക്കഥയാകുന്നു? കേരളീയർ ധാരാളം ഭീഷണികൾ നേരിടുന്നുണ്ട്. ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് പോലീസും ഭരണകൂടങ്ങളും. ജനങ്ങളുടെ ജീവിതം സങ്കീർണമാക്കിയാൽ എല്ലാവരും മൗനികളാകില്ല. പ്രവാസികളടക്കമുള്ളവർക്ക് വേണ്ടത് സുരക്ഷിതത്വമാണ്, സമാധാനമാണ്. ജാഗ്രത ജനത്തിന് മാത്രമല്ല,  ഭരണകൂടങ്ങൾക്കും വേണ്ടതാണ്. അതിന് ആദ്യം ചെയ്യേണ്ടത് 'കടുവ'കളായ പോലീസിനെ കൂട്ടിലടക്കുകയാണ്. 

Latest News