Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ടക്കൊലയുടെ കാപാലിക രാഷ്ട്രീയം   

തബ്‌രീസ് അൻസാരി 

ജാർഖണ്ഡിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന ദാരുണ സംഭവത്തെ ബംഗാളിലും കേരളത്തിലും നടക്കുന്ന രാഷ്ട്രീയ അക്രമ സംഭവങ്ങളോട് താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷ്യം ദുരുപദിഷ്ടവും അപലപനീയവുമാണ്. കേരളത്തിലും ബംഗാളിലും അരങ്ങേറുന്ന അക്രമ രാഷ്ട്രീയം തീർത്തും അപലപനീയവും സത്വരം അറുതിവരുത്തേണ്ടതുമാണ്. എന്നാൽ ആ സംഭവങ്ങളെ ആൾക്കൂട്ട കൊലപാതകങ്ങളുമായി താരതമ്യം ചെയ്യുന്നത് സദുദ്ദേശ്യത്തോടെ ആണെന്ന് കരുതാനാവില്ല. ജാർഖണ്ഡിലെ സരായികേല ഖർസാവൻ ജില്ലയിലെ ധാത്കിദി ഗ്രാമത്തിൽ ജൂൺ 18 ന് രാത്രിയാണ് തബ്‌രീസ് അൻസാരി എന്ന 24 കാരനെ ആൾക്കൂട്ടം മാരകമായി തല്ലിച്ചതച്ചത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് മർദനത്തിൽ അവശനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു പകരം ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയായിരുന്നു.
ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ച അയാൾ ജൂൺ 22 ന് മരിച്ചു. മുസ്‌ലിം യുവാവിനെ മർദിച്ച ജനക്കൂട്ടം 'ജയ് ശ്രീറാം, ജയ് ഹനുമാൻ' മന്ത്രം വിളിക്കാൻ അയാളെ നിർബന്ധിതനാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പൂനെയിൽ കൂലിപ്പണി ചെയ്തിരുന്ന യുവാവ് സ്വന്തം ഗ്രാമത്തിൽ വന്ന അവസരത്തിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ പേരിലാണ് യുവാവിനെ നാട്ടുകാർ പിടികൂടിയതെങ്കിൽ അയാളെ മതപരമായ മന്ത്രങ്ങൾ വിളിച്ചുപറയാൻ നിർബന്ധിക്കുന്നത് അസാധാരണ നടപടിയായേ കാണാനാവൂ.
സംഭവത്തെപ്പറ്റി പ്രതിപക്ഷം രാജ്യസഭയിൽ ഉയർത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയിലാണ് നരേന്ദ്ര മോഡി ജാർഖണ്ഡിനെ കേരളവും ബംഗാളുമായുള്ള താരതമ്യത്തിന് മുതിർന്നത്. എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും അപലപനീയമാണ്. എന്നാൽ അത്തരം അക്രമ സംഭവങ്ങളുടെ മൂലകാരണം വിശകലനം ചെയ്യാനും അവയ്ക്ക് പ്രതിവിധി കാണാനും ശ്രമിക്കാതെ അവയെല്ലാം ഒരേപോലെ ആണെന്നു വരുത്തിത്തീർക്കാനാണ് മോഡിയുടെ ശ്രമം. 2014 ൽ മോഡിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ ശക്തികൾ അധികാരത്തിൽ വന്നതോടെ ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ചും ബി.ജെ.പി ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളിൽ, സാമൂഹ്യ ഉൻമാദം പോലെ പടർന്നുപിടിച്ചു എന്ന വസ്തുത ആർക്കാണ് നിഷേധിക്കാനാവുക. അത്തരം ആൾക്കൂട്ട ഉൻമാദത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് വിവിധ സംഘ്പരിവാർ അക്രമി സംഘങ്ങളാണ്. അതിന്റെ ഇരകൾ എല്ലായ്‌പ്പോഴും മുസ്‌ലിംകളും ദളിത്-ആദിവാസി ജനവിഭാഗങ്ങളുമായിരുന്നു എന്നതും യാദൃഛികമല്ല. അത്തരം ആൾക്കൂട്ട അതിക്രമങ്ങളുടെ കാര്യകാരണങ്ങൾക്ക് അവിടവിടെ ചില്ലറ വ്യത്യാസം കണ്ടെന്നു വന്നേക്കാം. അവയിൽ ഏറെയും പശു സംരക്ഷണത്തിന്റെ പേരിലായിരുന്നു. അപൂർവമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജപ്രചാരണവും മോഷണവും മറ്റും കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം സംഭവങ്ങളിൽ എല്ലാം തന്നെ ശ്രീരാമനും ഹനുമാനും വലിച്ചിഴക്കപ്പെട്ടുവെന്നത് യാദൃഛികമല്ല. അത് ഭരണകൂട പ്രേരിതവും സംരക്ഷിതവുമായ പൊതു അന്തർധാരയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
മതാന്ധത ബാധിച്ച ഭ്രാന്ത മനസ്സുകളെ ചേർത്തുനിർത്താതെ ഇന്ത്യൻ ഫാസിസത്തിനു നിലനിൽക്കാനാവില്ല. ആ മതാന്ധതയെ ഇതര മതങ്ങൾക്ക് എതിരായ വിദ്വേഷത്തിന്റെ കുന്തമുനയാക്കി സദാ അക്രമോത്സുകമായി നിലനിർത്തിക്കൊണ്ടേ മോഡി നേതൃത്വം നൽകുന്ന ഭരണത്തിന് നിലനിൽപുള്ളൂ. നാളിതുവരെ നടന്ന ആൾക്കൂട്ട അക്രമങ്ങളിലും കൊലപാതകങ്ങളിലും കുറ്റവാളികൾ അർഹിക്കുംവിധം ശിക്ഷിക്കപ്പെട്ടതായി അറിവില്ല. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മതഭ്രാന്തരെ പോലും നിയമത്തിന്റെ പിടിയിൽ നിന്ന് വിമോചിപ്പിച്ച് നിയമ നിർമാതാക്കളാക്കി ആദരിക്കുന്ന കാഴ്ചകൾക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകങ്ങളെ കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ സംഘർഷങ്ങളുമായി തുലനം ചെയ്ത പ്രധാനമന്ത്രി രാജ്യസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. രാജ്യത്ത് 2014 മുതൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടര ഡസൻ ആൾക്കൂട്ട കൊലപാതകങ്ങളിൽ അര ഡസൻ ജാർഖണ്ഡിൽ ആയിരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബി.ജെ.പി ഭരിക്കുന്നതും ഭരിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയ്‌ക്കൊപ്പമോ തെല്ല് മുന്നിലോ ആണ് ജാർഖണ്ഡ്. അതുകൊണ്ടു തന്നെ 'ആൾക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രം' എന്ന് ആരെങ്കിലും ആ സംസ്ഥാനത്തെ വിളിച്ചാൽ അതിൽ പ്രധാനമന്ത്രി അരിശം കൊള്ളേണ്ടതില്ല. മറിച്ച് ആ സംസ്ഥാനത്തിന്റെയും അവിടത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും സൽപേര് നിലനിർത്താൻ മതഭ്രാന്തൻമാരായ കൊലപാതകികളെയും അക്രമി സംഘങ്ങളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അമർച്ച ചെയ്യാനുമാണ് പ്രധാനമന്ത്രി ഇടപെടേണ്ടത്.

Latest News