Sorry, you need to enable JavaScript to visit this website.

കോവളത്ത് നിന്ന് മാഹി വരെ ജലപാത 

അടുത്ത വർഷം മെയ് മാസത്തോടെ കോവളം - മാഹി ജലപാത തുറക്കും. പതിനൊന്ന് ജില്ലകളിലൂടെ 633 കി.മീ ദൂരം താണ്ടിയാണ് പടിഞ്ഞാറൻ തീര കനാൽ യാഥാർത്ഥ്യമാവുന്നത്. ആറ് സീറ്റുകളുള്ള സ്പീഡ് ബോട്ട് വഴിയുള്ള ജലയാത്ര കോട്ടപ്പുറം, ചേറ്റുവ, വള്ളക്കടവ് ആക്കുളം പ്രദേശങ്ങളിൽ വിജയകരമായി നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യമനുസരിച്ച് മാഹി കോവളം ജലയാത്രയുടെ പരീക്ഷണ ഓട്ടം അടുത്ത വർഷം മാർച്ചിൽ നടക്കും.
അഞ്ച് വർഷത്തിനകം ഇതു വഴി ചരക്ക് ഗതാഗതവും ആരംഭിക്കും. ഇരുപത്തിയഞ്ച് മുതൽ മുപ്പത് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സൗരോർജ ബോട്ട് സർവീസുകളും ആരംഭിക്കും. കൃത്രിമ കനാലിന്റെ നിർമാണം കാത്തിരിക്കാതെ 57 കിലോമീറ്റർ ദൈർഘ്യമുള്ള മാഹി-വളപട്ടണം ജലപാതയിൽ ബോട്ട് സർവീസ് ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആറു വില്ലേജുകളിലായി 178.95 ഏക്കർ സ്ഥലം അക്വയർ ചെയ്യാൻ സർക്കാർ ഭരണാനുമതി നൽകിക്കഴിഞ്ഞിട്ടുണ്ട്. അഞ്ചരക്കണ്ടി വളപട്ടണം പാതക്ക് 246.5 ഏക്കർ സ്ഥലം കൂടി കൃത്രിമ ജലപാതാ നിർമാണത്തിന് അക്വയർ ചെയ്യേണ്ടതുണ്ട്. ജില്ലാ ഭരണകൂടം അക്വിസിഷൻ നടപടികളാരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള വാട്ടർവേയ്‌സ് ആന്റ് ഇൻഫ്രാ സ്‌ട്രെക്‌ചേർസ് ലിമിറ്റഡിന്റെയും കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും സംയുക്ത യോഗം ജലപാതയുടേയും ജലയാത്രയുടേയും നിർമാണവും വികസനവും ത്വരിതപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 57 കി.മീ ദൈർഘ്യമുള്ള മാഹി വളപട്ടണം ജലപാതയിൽ ബോട്ട് യാത്രക്കായുള്ള ജെട്ടികളുടെ നിർമാണം നടന്നു വരികയാണ്. ആക്കുളം കൊല്ലം പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. ദേശീയ ജലപാത (മൂന്ന്) യുമായി ബന്ധപ്പെട്ട പെരുനെല്ലി, വള്ളക്കടവ് ഭാഗത്ത് പാലങ്ങൾ നിർമിക്കുന്നുണ്ട്.
തലശ്ശേരി എരഞ്ഞോളി പാലവും ജലപാതക്കനുസൃതമായി ഉയർത്തി നിർമിച്ചു കൊണ്ടിരിക്കുകയാണ്. പാനൂർ ഉൾപ്പെടെ ചില മേഖലകളിൽ കൃത്രിമ ജലപാതക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ഇനിയും നിലച്ചിട്ടില്ല. എന്ത് വന്നാലും ജലപാതാ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. കേരള സർക്കാരിന്റെ നാലാം വാർഷിക ഉപഹാരമായിരിക്കും തലസ്ഥാനത്ത് നിന്ന് തലശ്ശേരിയ്ക്കുള്ള ജലയാത്ര.
 

Latest News