Sorry, you need to enable JavaScript to visit this website.

കൊച്ചി-കോഴിക്കോട് ക്രൂസ് ബോട്ട് സർവീസ് ഉടൻ

വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന സർവീസ് പരീക്ഷണ ഓട്ടം ആരംഭിക്കാൻ റഷ്യയിൽ നിന്നുള്ള ചീഫ് എൻജിനീയറുടെയും ക്യാപ്റ്റന്റെയും സാന്നിധ്യം ആവശ്യമായിരിക്കും. കര മാർഗമുള്ള യാത്രയേക്കാൾ നേരത്തേ എത്തുമെന്നതും കൂടിയ സൗകര്യങ്ങളും ഉല്ലാസ യാത്രയുടെ പ്രതീതിയും സാധരണ യാത്രക്കാരെയും ബോട്ടിലേക്ക് ആകർഷിക്കുമെന്നാണ് കണക്കാക്കുന്നത്.

കൊച്ചി-കോഴിക്കോട് ഹൈഡ്രോ ഫോയിൽ ക്രൂസ് ബോട്ട് സർവീസ് ഉടൻ യാഥാർഥ്യമാവും. 2016 ൽ പ്രവർത്തനാനുമതി നേടിയ പദ്ധതി വിവിധ കാരണങ്ങളാൽ തടസ്സപ്പെടുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി ഇതിന് ലഭിച്ചു.
കൊച്ചി മറൈൻ ഡ്രൈവിൽനിന്ന് കോഴിക്കോട് ബേപ്പൂരിലേക്കാണ് സർവീസ്. രാജ്യത്തെ ആദ്യ ഹൈഡ്രോ ഫോയിൽ ക്രൂസ് സർവീസ് നടത്തുന്നതിനുള്ള രണ്ടു റഷ്യൻ നിർമിത ബോട്ടുകൾ സജ്ജമായിക്കഴിഞ്ഞു. 15 കോടി രൂപ വിലയുള്ള രണ്ടു ബോട്ടുകൾ ഗ്രീസിലെ ഏതൻസിൽ നിന്നാണ് കൊണ്ടുവന്നത്. ആധുനിക സൗകര്യങ്ങൾ, ഭക്ഷണശാല, ഉല്ലാസ പരിപാടികൾക്കുള്ള സംവിധാനങ്ങൾ എന്നിവ ക്രൂസ് ബോട്ടിൽ ഒരുക്കും. രണ്ട് എൻജിനുകളിൽ പ്രവർത്തിക്കുന്ന ബോട്ടിൽ 120 പേർക്കാണ് യാത്രാനുമതി. 220 കിലോമീറ്ററുള്ള കൊച്ചി-കോഴിക്കോട് യാത്രക്ക്  1500 രൂപയാണ് ഈടാക്കുക. കിലോമീറ്ററിന് ഒരു രൂപ സർക്കാർ സബ്‌സിഡി നൽകും.
വിദേശ മലയാളി കൂട്ടായ്മ കമ്പനിയായ സേഫ് ബോട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് സർവീസ് നടത്തുന്നത്. കൊച്ചി തുറമുഖ ട്രസ്റ്റ് ഈ ബോട്ടുകളെ സേവന നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ഓണക്കാലത്തോടെ രണ്ടാം ഘട്ടമായി  കൊച്ചി-തിരുവനന്തപുരം വിഴിഞ്ഞം സർവീസും ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ജലഗതാഗത രംഗത്ത് കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി പ്രാരംഭ ഘട്ടം മുതൽ ഇഴയുകയായിരുന്നു. 


രണ്ടു വർഷം മുൻപാണ് ക്രൂസ് ബോട്ട് കൊച്ചി തുറമുഖത്തെത്തിച്ചത്. എന്നാൽ പദ്ധതി ആരംഭിക്കാൻ കഴിയാതായതോടെ കോടികൾ വിലമതിക്കുന്ന ബോട്ട് വെറുതെ കിടക്കുന്ന അവസ്ഥയായി. ഡയറക്ടർ ജനറൽ ഓഫ് ഷിപ് സർട്ടിഫിക്കേഷന്റെ അനുമതി വൈകിയതാണ് സർവീസ് ആരംഭിക്കാൻ തടസ്സമായത്. വേണ്ടത്ര നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ ബോട്ട് എത്തിച്ചതാണ് നീറ്റിലിറക്കാൻ കഴിയാത്തതിനു കാരണമെന്നാണ് ഷിപ്പിംഗ് സർട്ടിഫിക്കേഷൻ വകുപ്പ് പറയുന്നത്.
ബോട്ടിന്റെ സുരക്ഷ സംബന്ധിച്ച പൂർണ പരിശോധനകൾക്കു ശേഷം മാത്രമേ അനുമതി നൽകാൻ കഴിയൂവെന്ന നിലപാടിലായിരുന്നു അധികൃതർ. പരിശോധനകളിൽ ബോട്ടിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും അധികൃതർ നിർദേശം നൽകി. 
കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ ബോട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ബോട്ടിന്റെ സ്‌പെയർ പാട്‌സ് ഗ്രീസിൽനിന്ന് എത്തിക്കാനുള്ള കാലതാമസം പദ്ധതി നീളാൻ ഇടയാക്കി. ഇതിന് ശേഷമാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ അനുമതി ലഭിച്ചത്.
ഹൈഡ്രോഫോയിൽ ക്രൂസ് ബോട്ടിന്റെ ശരാശരി വേഗം മണിക്കൂറിൽ 75 കിലോമീറ്റർ ആയിരിക്കും. തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അകലെയുള്ള പാതയിലൂടെയായിരിക്കും യാത്ര. പകൽ സമയങ്ങളിൽ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. 
വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന സർവീസ് പരീക്ഷണ ഓട്ടം ആരംഭിക്കാൻ റഷ്യയിൽ നിന്നുള്ള ചീഫ് എൻജിനീയറുടെയും ക്യാപ്റ്റന്റെയും സാന്നിധ്യം ആവശ്യമായിരിക്കും. കര മാർഗമുള്ള യാത്രയേക്കാൾ നേരത്തേ എത്തുമെന്നതും കൂടിയ സൗകര്യങ്ങളും ഉല്ലാസ യാത്രയുടെ പ്രതീതിയും സാധരണ യാത്രക്കാരെയും ബോട്ടിലേക്ക് ആകർഷിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നര മണിക്കൂർ കൊണ്ട് കടലിലൂടെ കൊച്ചി-കോഴിക്കോട് യാത്ര സാധ്യമാകും. സാധാരണ ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി കൂടിയ സുരക്ഷയും എ.സി അടക്കം മികച്ച സൗകര്യങ്ങളും ബോട്ടിൽ ഉറപ്പാക്കിയിട്ടുണ്ട്. കൊച്ചി-കോഴിക്കോട് ജലയാനം ലാഭകരമായാൽ കൂടുതൽ സർവീസുകളും വരും. 
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കൊച്ചി-കോഴിക്കോട് അതിവേഗ ജലയാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

Latest News