പയ്യന്നൂരിന് അലങ്കാരമായി കാപ്പാട് ബാക്ക്‌വാട്ടർ ടൂറിസം പദ്ധതി 

വിനോദ സഞ്ചാര മേഖലയിൽ അനന്ത സാധ്യതകൾ തുറന്നിടുകയാണ് പയ്യന്നൂർ കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതി. നഗരത്തിലെ ആദ്യ ടൂറിസം പദ്ധതിയാണ് പയ്യന്നൂരിന്റെ സ്വപ്‌ന പദ്ധതി കൂടിയായ കാപ്പാട് ബാക്ക് വാട്ടർ ടൂറിസം. 2018 മെയ് 14 നാണ് കാപ്പാട് ബാക്ക് വാട്ടർ പാർക്ക് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. പയ്യന്നൂർ ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി പെരുമ്പ പുഴയുടെ തീരത്താണ് കാപ്പാട് ബാക്ക് വാട്ടർ പാർക്ക് സ്ഥിതി ചെയ്യുന്നത്. 
പയ്യന്നൂർ നഗരസഭയുടെ അധീനതയിലെ 50 ഏക്കർ വിസ്തൃതിയുള്ള ജലാശയം കേന്ദ്രീകരിച്ചാണ് ഡി ടി പി സിയുടെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കിയത്. പെരുമ്പ പുഴയോട് ചേർന്ന് ഇക്കോ പാർക്ക് എന്ന രീതിയിലാണ് കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതി. 
ആകർഷണീയമായ സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവിട്ടാണ് പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. ബോട്ടിങ് റാഫ്റ്റിംഗ്, കയാക്കിംഗ്, കഫ്റ്റീരിയകൾ, കണ്ടൽ ഉദ്യാനം, കിഡ്‌സ് സോൺ, നടപ്പാത, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് സംവിധാനങ്ങൾ,  പെഡൽ ബോട്ട്, ദൂരക്കാഴ്ചക്കും വിശ്രമത്തിനുമുളള ഏറുമാടങ്ങൾ തുടങ്ങിയവയാണ് പാർക്കിന്റെ മുഖ്യ ആകർഷണം. മീൻപിടിത്തത്തിന് താൽപര്യമുളളവർക്ക് പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 
പയ്യന്നൂരിന്റെ കായൽ ടൂറിസം സാധ്യതകൾ മുന്നിൽ കണ്ട് കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതിയെ കൂടാതെ കവ്വായി കായലിലും ബാക്ക് വാട്ടർ ടൂറിസം പദ്ധതി നടപ്പിലാക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏഴ് പുഴകളുടെ സംഗമ ഭൂമി കൂടിയാണ് മത്സ്യ സമ്പത്താൽ സമ്പുഷ്ടമായ കവ്വായി കായൽ. പ്രകൃതി സൗന്ദര്യവും ജൈവ വൈവിധ്യവും ഒന്നിനൊന്ന് ചേർന്നു നിൽക്കുന്ന ഈ കായലിൽ വിനോദ സഞ്ചാരികൾക്കായി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി സാഹസിക ടൂറിസത്തിനുള്ള അനന്ത സാധ്യതകളാണ് സർക്കാർ നടപ്പിലാക്കുന്നത്. 5.2 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന ആധുനിക രീതിയിലുള്ള ബോട്ട് ടെർമിനൽ, ഫുഡ്‌കോർട്ട്, കഫ്റ്റീരിയകൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പണി അവസാന ഘട്ടത്തിലാണ്. 
പരിസ്ഥിതിയും കണ്ടൽകാടുകളും അതേ പടി സംരക്ഷിച്ചുകൊണ്ട് പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ പയ്യന്നൂരിൽ ഈ പദ്ധതികൾ നടപ്പിലാക്കിയത്. പൈതൃക ടൂറിസം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടത്തലച്ചിമല, എട്ടിക്കുളം ബീച്ച്, മീൻകുഴി വാട്ടർ റിക്രിയേഷൻ പദ്ധതി, പുന്നക്കടവ് പദ്ധതി എന്നിവയിലൂടെ പയ്യന്നൂർ മേഖലയെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
 

Latest News