മുംബൈയില്‍ കനത്ത മഴ തുടരുന്നു; വിമാനം റണ്‍വേയില്‍നിന്ന് തെന്നി

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഓക്‌സിജന്‍ മാസ്‌ക്കുകള്‍ താഴ്ന്നപ്പോള്‍. യാത്രക്കാരന്‍ ട്വീറ്റ് ചെയ്ത ചിത്രം.

മുംബൈ- കനത്ത മഴ തുടരുന്നതിനിടെ, മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍നിന്ന് തെന്നി. ശക്തമായ മഴ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കയാണ്. ചൊവ്വാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.  ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയും.
തിങ്കളാഴ്ച രാത്രി 11.45 നാണ് സ്‌പൈസ് ജെറ്റിന്റെ ജയ്പുര്‍-മുംബൈ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിയത്. വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താല്‍ക്കാലികമായി അടച്ചു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.  
ഒരു റണ്‍വേ അടച്ചതിനെ തുടര്‍ന്ന് പല വിമാനങ്ങളും അഹമ്മദാബാദ്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്ന് മറ്റ് വിമാനക്കമ്പനികളും അറിയിച്ചു. സോളില്‍ നിന്നുള്ള കൊറിയന്‍ വിമാനം അഹമ്മബാദിലേക്കും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള ലുഫ്താന്‍സ് വിമാനവും ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനവും ബംഗളൂരുവിലേക്കും തിരിച്ചു വിട്ടു.

 

Latest News