മെഡിക്കല്‍ കാര്‍ഡ് ദുരുപയോഗം നിസ്സാരമല്ല; സൗദി വിടേണ്ടിവരും

റിയാദ് - ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ആള്‍മാറാട്ടം വഴി ദുരുപയോഗപ്പെടുത്തുന്നത് ഇന്‍ഷുറന്‍സ് വിലക്കിനും അതുവഴി ഇഖാമ ഇല്ലാതാകാനും  കാരണമായേക്കും. നിലവില്‍ ഇഖാമ എടുക്കാനും പുതുക്കാനും ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണെന്നരിക്കെ പോളിക്ലിനിക്കുകളിലും ആശുപത്രികളിലും യഥാര്‍ഥ അവകാശിക്ക് പകരം മറ്റുളളവര്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓരോ ഇന്‍ഷുറന്‍സ് കമ്പനിയും അനുവദിക്കുന്ന കാര്‍ഡുകള്‍ അതത് വ്യക്തികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ദുരുപയോഗത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ഗുരുതരമായ ഈ നിയമ ലംഘനത്തെ നിസ്സാരമായാണ് കാണുന്നത്.

ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പിടിക്കപ്പെട്ടാല്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് (സിസിഎച്ച്‌ഐ) നിശ്ചിത കാര്‍ഡ് ഉടമക്ക് അവരുടെ ഇഖാമ നമ്പറില്‍ വിലക്ക് ഏര്‍പ്പെടുത്തും. ഇഖാമ നമ്പറില്‍ വിലക്ക് വീണാല്‍ സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പിന്നീട് അതേ ഐഡിയില്‍  പുതിയ പോളിസി നല്‍കാനോ പഴയത് പുതുക്കാനോ കഴിയില്ല. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇഖാമ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ നാട് വിടുകയോ നിയമ ലംഘകനായി തുടരുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകും.

ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശക വിസയിലെത്തിയവരെയോ സഹായിക്കാന്‍ വേണ്ടി കാര്‍ഡ് ഉടമ ക്ലിനിക്കുകളുടെ റിസപ്ഷനിലെത്തി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡോക്ടറുടെ അടുത്തെത്തുമ്പോള്‍ അത് ബന്ധുവോ സുഹൃത്തോ ആയി മാറുന്നതാണ് വ്യാപകമായി കണ്ടുവരുന്നത്.

സുഹൃത്തായ രോഗിയുടെ അസുഖ വിവരങ്ങള്‍  പറഞ്ഞു ഡോക്ടറെ കബളിപ്പിച്ച് മരുന്നും മറ്റ് ചികിത്സയും നേടുന്നവരും കുറവല്ല. അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ പല കാര്‍ഡുകളിലായി മരുന്നുകള്‍ വാങ്ങിയും കാര്‍ഡ് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.

ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞവര്‍ക്കും സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ചികിത്സക്കും മരുന്നിനും വേണ്ടിയാണ് പ്രധാനമായും കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത്. കൂടുതല്‍ കവറേജില്ലാത്ത കാര്‍ഡ് ഉടമകള്‍ പല്ല്, ചര്‍മ്മം ഉള്‍പ്പടെയുള്ള സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ക്ക് വേണ്ടി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുമുണ്ട്.

ചികിത്സക്കെത്തുമ്പോള്‍ ഫോട്ടോ പതിച്ച രേഖയായ ഇഖാമ നിര്‍ബന്ധമാണെങ്കിലും പലപ്പോഴും ഇഖാമയില്‍ കാണുന്ന ഫോട്ടോ നോക്കി  ആളെ തിരിച്ചറിയാനാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

Latest News