Sorry, you need to enable JavaScript to visit this website.

ബിനോയ് കോടിയേരിക്ക് ജാമ്യം ലഭിക്കുമോ? തീരുമാനം വീണ്ടും മാറ്റി

മുംബൈ-വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹരജിയില്‍ മുംബൈ കോടതി ചൊവ്വാഴ്ച വിധി പറയുമെന്ന് കരുതുന്നു. യുവതിയുടെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ ബിനോയിയുടെ അഭിഭാഷകന് കോടതി സാവകാശം നല്‍കി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
യുവതി പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20 നാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം ചെയ്ത് ഉപേക്ഷിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയും ചൂണ്ടിക്കാട്ടി ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം.
യുവതിക്കും കുഞ്ഞിനും ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്ന് അയച്ച വിസയും വിമാന ടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും പരാതിക്കാരിക്ക് വേണ്ടി ഹാജരായിരുന്നു.
ബിനോയിക്കെതിരെ ദുബായില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവെച്ചു. ബിനോയിയുടെ പിതാവ് കേരളത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയാണ് തുടങ്ങിയ വിവരങ്ങളും മറച്ചുവെച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും യുവതിയുടെ ഹരജിയിലുണ്ട്. ഇരുവിഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.എച്ച്. ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി പറയുക.

 

Latest News