Sorry, you need to enable JavaScript to visit this website.

മന്‍മോഹന്‍ സിംഗ് രാജ്യസഭയിലെയ്ക്ക് എത്തില്ല

ചെന്നൈ-മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെയ്ക്ക് എത്തില്ല. യുപിഎ ഘടകകക്ഷിയായ ഡി.എം.കെ യുടെ കടുംപിടുത്തമാണ് കാരണം. ആകെയുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും അവര്‍ ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന് മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള പ്രധാനമാര്‍ഗം അടഞ്ഞത്. 
എം.ഡി.എം.കെ അധ്യക്ഷന്‍ വൈകോ, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി. വില്‍സണ്‍, ഡി.എം.കെയുടെ ലേബര്‍ പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം. ഷണ്‍മുഖം എന്നിവരാണ് മൂന്ന് സീറ്റുകളില്‍ നിന്നായി മത്സരിക്കുക.
മുന്‍ തവണകളേതു പോലെ അസമില്‍ നിന്ന് ഇക്കുറി മന്‍മോഹന് രാജ്യസഭയിലെത്താന്‍ സാഹചര്യമില്ലാതിരിക്കെ തമിഴ്‌നാടാണ് ആദ്യ സാധ്യതയായി വിലയിരുത്തപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും തമ്മില്‍ ചര്‍ച്ച വരെ നടന്നിരുന്നു. അസമില്‍ വേണ്ടത്ര നിയമസഭാംഗങ്ങളില്ലാതെ പോയതാണ് കോണ്‍ഗ്രസിനു വിനയായത്. 1991 മുതല്‍ അസമില്‍ നിന്നുമാണ് മന്‍മോഹന്‍ രാജ്യസഭയിലെത്തിയിട്ടുള്ളത്. 
ഈ മാസം 24നാണ് തമിഴ്‌നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരുന്നത്. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ച് മൂന്നുവീതം സീറ്റുകള്‍ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ സഖ്യങ്ങള്‍ക്കു ലഭിക്കും.
രാജ്യസഭാ സീറ്റിനു പകരം അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റ് വിട്ടുനല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയ്ക്കു മുന്നില്‍ വെച്ചിരുന്ന നിര്‍ദേശം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. യുപിഎ സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍ ഏറെ പഴി കേള്‍പ്പിച്ചത് ഡി.എം.കെ ആയിരുന്നു.
അസമിലെ 126 അംഗ നിയമസഭയില്‍ 25 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി, അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഖ്യത്തിന് 87 അംഗങ്ങളുമുണ്ട്. കൂടാതെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എല്‍എയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 12 എം.എല്‍.എമാരുമുണ്ട്.

Latest News