ചൈനയെ വെല്ലുവിളിച്ച് പ്രതിഷേധക്കാര്‍ ഹോങ്കോംഗ് പാര്‍ലമെന്റ് കയ്യേറി

ഹോങ്കോംഗ് പാര്‍ലമെന്റായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വാതിലുകള്‍ തകര്‍ക്കുന്നു.

ഹോങ്കോംഗ്- ഹോങ്കോംഗിനെ ബ്രിട്ടന്‍ ചൈനക്ക് കൈമാറിയതില്‍ പ്രതിഷേധിച്ചുള്ള വാര്‍ഷിക റാലിക്ക് പിന്നാലെ അക്രമം. പ്രതിഷേധക്കാര്‍ പാര്‍ലമെന്റായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മന്ദിരം കയ്യേറി വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. കൗണ്‍സില്‍ ഹാളിലെ ചിത്രങ്ങള്‍ നശിപ്പിച്ച പ്രതിഷേധക്കാര്‍ കസേരകള്‍ തകര്‍ക്കുകയും ഭിത്തികളില്‍ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. പ്രതിഷേധക്കാരോട് പുറത്തു പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ബലം പ്രയോഗിക്കാന്‍ തയാറായില്ല.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള കുറ്റവാളി കൈമാറ്റ നിയമത്തിലെ വിവാദമായ ഭേദഗതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് കയ്യേറ്റവും അക്രമങ്ങളും. നിയമ ഭേദഗതിക്കുള്ള നടപടിക്രമങ്ങളെല്ലാം നിര്‍ത്തിവെച്ചുവെന്നും, അടുത്ത വര്‍ഷം ജൂലൈയോടെ ഭേദഗതികള്‍ സ്വാഭാവികമായും ഇല്ലാതാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനോട് പ്രതിഷേധക്കാര്‍ പ്രതികരിച്ചിട്ടില്ല. നിയമ ഭേദഗതി നടപ്പിലായാല്‍ ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം നഷ്ടമാവുമെന്നും, കര്‍ക്കശ വ്യവസ്ഥകളുള്ള ചൈനീസ് നിയമ സംവിധാനത്തിന്റെ ഇരകളായി ഹോങ്കോംഗ് ജനതയും മാറുമെന്നും, അവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ഥികളാണ് രാവിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇരച്ചെത്തിയത്. ഫാക്ടറി തൊഴിലാളികളെപ്പോലെ ഹെല്‍മറ്റും, മാസ്‌കും മറ്റും ധരിച്ചെത്തിയ ഇവര്‍ റോഡില്‍നിന്ന് ബാരിക്കേഡുകളും സ്‌കഫോള്‍ഡിംഗുകളുടെ ഭാഗങ്ങളും ഇരുമ്പു പൈപ്പുകളും മറ്റുമായി പ്രധാന ഹാളിലേക്ക് കടക്കുകയായിരുന്നു. മന്ദിരത്തിലെ ചില്ലു വാതിലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. കസേരകള്‍ പലയിടത്തേക്കും മാറ്റിയിട്ടു. ചിലര്‍ ഡെസ്‌കില്‍ കയറിയിരിക്കുകയും പാര്‍ലമെന്റംഗങ്ങളുടെ ഫോണുകള്‍ ഉപയോഗിക്കുകയും ചെയ്തു.

 

Latest News