കോട്ടയം - ഈരാറ്റുപേട്ടയില്‍ തീവ്രവാദബന്ധമുള്ള സംഘടനകളുടെ വേരുകളുണ്ടെന്ന്് പി.സി ജോര്‍ജ് എം.എല്‍.എ വീണ്ടും. രാഷ്ട്രീയ പാര്‍ട്ടികള്‍ തീവ്രവാദ സംഘടനകളുടെ ചട്ടുകമാകരുതെന്നും അത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കേരള ജനപക്ഷം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ടു കാലമായി താന്‍ സംരക്ഷിച്ചുപോരുന്ന ഈ നാടിന്റെ മതേതരത്വത്തെ തകര്‍ക്കുവാന്‍ ഒരു സംഘം ശ്രമിക്കുമ്പോള്‍ അത് നോക്കി നില്‍ക്കുവാന്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ തനിക്കാവില്ല. ഈരാറ്റുപേട്ടയില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് താന്‍ പറഞ്ഞത് സ്വന്തം അഭിപ്രായ പ്രകാരമല്ല, ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി മുസ്ലീം സമൂഹത്തെയും തന്നെയും തമ്മിലകറ്റുവാന്‍ ഈരാറ്റുപേട്ടയില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു. അത് 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബോധ്യപ്പെട്ടതാണ്. 2016-ല്‍ നാല് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് വിഭജിച്ചു പോയത് കൊണ്ട് മാത്രമാണ് ഈരാറ്റുപേട്ടയില്‍ ഭൂരിപക്ഷം നേടാനായത്.
ഈരാറ്റുപേട്ടയില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ആശങ്കാജനകമായ കാര്യമാണ്. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ച് തിരികെ എത്തിയവര്‍ക്ക് 23 സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി എന്ന് പറയുന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ചെറിയൊരു ശതമാനം ആളുകള്‍ നടത്തുന്ന ഇത്തരം നടപടികളുടെ പേരില്‍ ഒരു മതസമൂഹവും എന്റെ നാടും പൊതുസമൂഹത്തില്‍ മോശമാവാതിരിക്കാനും ഇങ്ങനെയുള്ള തെറ്റുകളിലേക്ക് പോവാതിരിക്കാനും തിരുത്തുവാനും നടപടി സ്വീകരിക്കുവാനുള്ള ബാധ്യത തനിക്കുണ്ട്. ആ ചുമതലകള്‍ തുടര്‍ന്നും നിര്‍വഹിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.