ദൽഹിയിൽ തോക്കിൻമുനയിൽ നിർത്തി മോഷണം; ഞെട്ടിപ്പിക്കുന്ന വീഡിയോ 

ന്യൂദൽഹി - കാറിൽ വീട്ടിലെത്തിയ കുടുംബത്തെ കള്ളന്മാർ തോക്കു ചൂണ്ടി കവർച്ച ചെയ്തു. വടക്കൻ ദൽഹിയിലാണ് സംഭവം. തോക്കിൻമുനയിൽ നിർത്തി രണ്ടു കൊച്ചു കുട്ടികളടക്കമുള്ള കുടുംബത്തെ കവർച്ച ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്. 

വീട്ടിലെ കാർപാർക്കിങ്ങിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് വൈറലായത്. രാത്രി കാറിലെത്തുന്ന കുടുംബത്തെ പുറത്തു നിന്ന് അതിക്രമിച്ചു കയറിയ മൂന്നംഗ മുഖംമൂടി സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നതാണ് ദൃശ്യങ്ങളിൽ. 

വടക്കൻ ദൽഹിയിലെ മോഡൽ ടൗണിൽ താമസിക്കുന്ന വരുൺ ബാലിന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പുലർച്ചെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മോഡൽ ടൗണിലുള്ള സ്വന്തം വീട്ടിലേക്ക് എത്തുമ്പോൾ മോട്ടോർസൈക്കിൾ വീടിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. പരിഭ്രാന്തരായി നിർത്താതെ മുന്നോട്ട് ഓടിച്ചു പോകുമ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ കാർ തിരിച്ച് പാർക്കിങ്ങിലേക്ക് കയറ്റി. - വരുൺ പരാതിയിൽ പറയുന്നു. 

പിന്നീട് നടന്നതെല്ലാം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞു. ഗേറ്റ് അടക്കാനായി വരുൺ ഇറങ്ങുമ്പോൾ മുഖംമൂടികളായ മൂന്നംഗ സംഘം അതിക്രമിച്ചു കയറുന്നതും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ പേഴ്സും കൈ ചെയിനും ഭാര്യയുടെ കൈവശമുണ്ടായിരുന്ന ഫോണും കൊള്ളസംഘം കൈക്കലാക്കി എന്ന് വരുൺ പറഞ്ഞു. ഭാര്യയുടെ കഴുത്തിൽ മാല ഉണ്ടെങ്കിൽ അഴിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും അവർ അത് ധരിച്ചിരുന്നില്ല. പേഴ്‌സും അന്വേഷിച്ചങ്കിലും ഭാര്യ അത് സീറ്റിനടിയിൽ ഒളിപ്പിച്ചെന്ന് വരുൺ പറഞ്ഞു.

ഇവരുടെ കുട്ടികളും കാറിൽ ഉണ്ടായിരുന്നു . ഭയന്ന് വിറച്ച കുടുംബം ഒരു ദിവസം പുറത്തിറിങ്ങിയില്ല. കുട്ടികൾ നിർത്താതെ കരച്ചിലായിരുന്നു എന്ന് വരുൺ പറയുന്നു. . 

പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മൂന്നംഗ സംഘത്തിനെതിരെ മുൻപും പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. 
 

Latest News