നോയ്ഡ - പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ചതിന് ഭർത്താവ് ഭാര്യയെ മുത്വലാഖ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സൈനബ് എന്ന 30 വയസ്സുകാരിയുടേതാണ് പരാതി. പണം ചോദിച്ചതിന് തന്നെ മർദിച്ചുവെന്നും സൈനബ് പറഞ്ഞു .
വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ മർദിക്കാറുണ്ടെന്ന് സൈനബ് പറയുന്നു. പച്ചക്കറി വാങ്ങാൻ പണം ചോദിച്ചതിന് ഭർത്താവ് മുഖത്ത് തുപ്പുകയും ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിക്കുകയും ചെയ്തു. തുടർന്ന് മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു. സൈനബ് പറഞ്ഞു.
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈനബ് പിന്നീട് പോലീസിൽ പരാതി നൽകി. ഭർത്താവ് സാബിർ, സഹോദരന്മാരായ ഇദ്‌രീസ്, സക്കീർ എന്നിവരും സാബിറിൻറെ സഹോദരിയും മാതാവും ചേർന്നായിരുന്നു മർദിച്ചത്. മകളെ ഭർതൃ വീട്ടുകാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സൈനബിൻറെ വീട്ടുകാരും മൊഴി നൽകി.
സാബിർ പലതവണ വിവാഹമോചനം ചെയ്യാൻ ശ്രമിച്ചിരുന്നതായി സൈനബിൻറെ പിതാവ് പറഞ്ഞു. സാബിറിനും വീട്ടുകാർക്കുമെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. കേസ് കുടുംബ കോടതിയിൽ റിപ്പോർട്ട് ചെയ്തതായി പോലീസ് അറിയിച്ചു.