യോഗിയെ ചോദ്യങ്ങളില്‍നിന്ന് രക്ഷിക്കാന്‍ പത്രക്കാരെ മുറിയില്‍ പൂട്ടിയിട്ടു

ലഖ്നൗ- മൊറാദാബാദില്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ പത്രപ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ടതായി ആരോപണം. സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാരിനെതിരെ രംഗത്തുന്നതോടെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന്  ജില്ലാ മജിസ്ട്രേറ്റ് പ്രസ്താവിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കുന്നു, ചോദ്യങ്ങള്‍ക്ക് മറയുണ്ടാക്കുന്നു, യഥാര്‍ഥ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തപ്പെടുന്നു- അവര്‍ കുറ്റപ്പെടുത്തി.  

ശനിയാഴ്ച മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി രണ്ട് മണിക്കൂറോളം തങ്ങളെ എമര്‍ജന്‍സി റൂമില്‍ പൂട്ടിയിട്ടുവെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ആരോപണം.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തീരുന്നതുവരെ തങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഗേറ്റിനു പുറത്ത് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ സിംഗ് കാവല്‍ക്കാരെ നിയോഗിച്ചുവെന്നും അവര്‍ പറയുന്നു.

 

Latest News