തിരുവനന്തപുരം- സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2107 താത്കാലിക ഡ്രൈവർമാരെ പിരിച്ചു വിട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ അതിരൂക്ഷമായ പ്രതിസന്ധി.
ഇതോടെ സംസ്ഥാനത്തുടനീളം നിരവധി സർവീസുകൾ റദ്ദാക്കി. ഇന്നലെ 200 ൽ അധികം സർവീസുകൾ റദ്ദാക്കിയതായാണ് വിവരം. ഇന്ന് 500 ൽ അധികം സർവീസുകൾ റദ്ദാക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഇതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തെക്കൻ കേരളത്തെയാകും കൂടുതൽ പ്രതിസന്ധി ബാധിക്കുക. സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ നടത്തുന്ന സമരം ഇപ്പോഴും തുടരുന്നതിനാൽ ഈ മേഖലയെയും പ്രതിസന്ധി ബാധിക്കും. ഈ സാഹചര്യത്തിൽ അവധിക്ക് പോയിരിക്കുന്ന എല്ലാവരോടും തിരികെ വരാൻ കെ.എസ്.ആർ.ടി.സി എം.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയിൽ 1479, മധ്യ മേഖലയിൽ 257, വടക്കൻ മേഖലയിൽ 371 ഡ്രൈവർമാരെയുമാണ് കഴിഞ്ഞ ദിവസം ഒഴിവാക്കിയത്. അവധി ദിനമായതിനാൽ ഇന്നലെ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നില്ല. എന്നാൽ പ്രവൃത്തി ദിവസമായ ഇന്ന് സർവീസ് നടത്തിയില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും കോർപറേഷന് ഉണ്ടാവുക. അതുകൊണ്ടു തന്നെ സർവീസുകൾ പരമാവധി മുടങ്ങാതെ നടത്തണമെന്ന് സോണൽ ഓഫീസർമാർക്ക് എം.ഡിയുടെ നിർദേശമുണ്ട്. പ്രവൃത്തി ദിവസമായ ഇന്ന് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ കലക്ഷൻ കിട്ടുന്ന ദിവസവുമാണ്.
കൊട്ടാരക്കരയിൽ മാത്രം 40 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. കോട്ടയത്ത് 21 ഉം പത്തനംതിട്ടയിലും തിരുവല്ലയിലും 20 വീതവും സർവീസുകൾ മുടങ്ങി. വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 24 സർവീസുകൾ റദ്ദാക്കി. മറ്റിടങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. ഏപ്രിൽ എട്ടിന്റെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രകാരം 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലിയിൽ തുടരുന്ന ഡ്രൈവർമാരെ ഏപ്രിൽ 30 ന് മുമ്പ് പിരിച്ചുവിടേണ്ടിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവെ യ്ക്കുകയായിരുന്നു. ജൂൺ 30 ന് മുമ്പ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീം കോടതിയും വിധിച്ചു. ഇതു പ്രകാരമാണ് നടപടി. എന്നാൽ പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്ക് തിരിച്ചെടുക്കാനാകും. എന്നാൽ പി.എസ്.സി റാങ്കിൽ മുന്നിൽ നിൽക്കുന്ന ഡ്രൈവർമാർ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർ നീക്കം. അതു വരെ കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി തുടരുമെന്നാണ് സൂചന.






