കൽപറ്റ-ബത്തേരി-പുൽപള്ളി റോഡിലെ പാമ്പ്രയ്ക്കു സമീപം ബൈക്ക് യാത്രക്കാരെ കടുവ ആക്രമിക്കാൻ ശ്രമിച്ചെന്ന പ്രചാരണം ശരിയല്ലെന്ന്. കടുവ സംരക്ഷണ-പരിസ്ഥിതി രംഗത്തു പ്രവർത്തിക്കുന്നവരുടേതാണ് ഈ വാദം. കടുവ വേഗത്തിൽ റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യമാണ് ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കുപ്രചാരണത്തിനു ഉപയോഗപ്പെടുത്തിയതെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ പറഞ്ഞു.
ഇരയെ പിന്തുടരുന്ന കടുവയാകണം റോഡ് മുറിച്ചുകടന്നത്. അല്ലെങ്കിൽ കടുവയുടെ കുഞ്ഞ് റോഡിന്റെ മറുവശത്തു ഉണ്ടാകണം. എന്തായാലും എത്രയും പെട്ടെന്നു റോഡിന്റെ മറുവശത്ത് എത്തേണ്ട സാഹചര്യത്തിലായിരുന്നു കടുവ. ബൈക്കിൽ സഞ്ചരിച്ചവർ വനഭംഗി മൊബൈൽ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് കടുവ ഓടുന്ന ദൃശ്യം പതിഞ്ഞത്. കടുവയുടെ സാന്നിധ്യം അറിഞ്ഞ് ദൃശ്യങ്ങൾ പകർത്താൻ പോയതാണ് ബൈക്ക് യാത്രക്കാർ എന്നും സംശയിക്കണം.
കടുവ വാഹന യാത്രക്കാരെ പിന്തുടർന്നു ആക്രമിച്ച സംഭവം ലോകത്തെവിടെയും ഇന്നോളം റിപ്പോർട്ട് ചെയ്തിട്ടില്ല. നടക്കുകയോ ഓടുകയോ ചെയ്യുന്ന മനുഷ്യരെ കടുവ പിന്നാലെ ചെന്നു ആക്രമിച്ചതായും കേട്ടിട്ടില്ല. എന്നാൽ വനത്തിലോ വനാതിർത്തിയിലോ ഇരിക്കുന്നതിനിടെ മനുഷ്യരെ കടുവ ആക്രമിച്ച സംഭവങ്ങളുണ്ട്. മനുഷ്യരെ കണ്ടാലുടൻ അകലേക്കു മാറുന്നതാണ് കടുവയുടെ സ്വഭാവം. മാനന്തവാടി-തോൽപെട്ടി, മാനന്തവാടി-മൈസൂരു, ബത്തേരി-മൈസൂരു, ബത്തേരി-പുൽപള്ളി റോഡുകളിൽ വനഭാഗങ്ങളിൽ കടുവകൾ പാത മുറിച്ചുകടക്കുന്നതു അപൂർവ സംഭവമല്ലെന്നും ബാദുഷ പറഞ്ഞു.