Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി നേട്ടങ്ങളെ പ്രകീര്‍ത്തിച്ച് ട്രംപ്; ശക്തമായ ബന്ധം തുടരും

ഒസാക, ജപ്പാൻ- സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ സഹകരണത്തിനും അടുത്ത ബന്ധത്തിനും ഭരണാധികാരികൾ തമ്മിലെ സൗഹൃദത്തിനും അടിവരയിട്ട് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച നടത്തി.

കൂടിക്കാഴ്ചയുടെ തുടക്കത്തിൽ കിരീടാവകാശിയുമായി തനിക്കുള്ള അടുത്ത സൗഹൃദത്തിൽ അഭിമാനം പ്രകടിപ്പിച്ച അമേരിക്കൻ പ്രസിഡന്റ്, ഭീകര വിരുദ്ധ പോരാട്ടം അടക്കമുള്ള മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. 


സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക, സൈനിക ബന്ധങ്ങൾ ഇരുരാജ്യങ്ങൾക്കും നേട്ടങ്ങൾ നൽകുന്നു. സ്വന്തം രാജ്യത്തിനു വേണ്ടി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഏറെ പ്രവർത്തിച്ചിട്ടുണ്ട്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം അമേരിക്കയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സൈനിക മേഖലയിൽ അമേരിക്കൻ ഉൽപന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ നടത്തുന്ന ശ്രമങ്ങൾക്ക് ലോകത്തിന് സൗദി അറേബ്യയോട് കൃതജ്ഞതയുണ്ട്. ഉഭയകക്ഷിബന്ധം അത്യുജ്വലമാണെന്നും അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചു.


സൗദി അറേബ്യക്കു വേണ്ടി ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്നതിനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് കിരീടാവകാശി പറഞ്ഞു. ഇത് സുദീർഘമായ യാത്രയാണ്. കഴിഞ്ഞ കുറഞ്ഞ വർഷങ്ങൾക്കിടെ രാജ്യത്തിനു വേണ്ടി ഏറെ പ്രവർത്തിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ്. രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സൗദി അറേബ്യയിലും അമേരിക്കയിലും മൊത്തം ആഭ്യന്തരോൽപാദനം ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായകമാകും. അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. 


മേഖലാ പ്രശ്‌നങ്ങളിലും പുതിയ സംഭവവികാസങ്ങളിലും ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനെ കുറിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ട്രംപും വിശകലനം ചെയ്തു. നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ ഉപദേഷ്ടാവ് ജരേദ് കുഷ്‌നർ തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. 
അമേരിക്കൻ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ നടത്തിയ ചർച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ വർധിച്ചുവരുന്ന ശത്രുതാപരമായ പ്രവർത്തനത്തെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു. ആഗോള എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ട്രംപും സൗദി കിരീടാവകാശിയും വ്യക്തമാക്കിയതായും വൈറ്റ് ഹൗസ് പറഞ്ഞു.
 

Latest News