Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; സമയം പാലിച്ചില്ലെങ്കില്‍ പിഴ

റിയാദ് - ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പരിഷ്‌കരിച്ച ഇ-റിക്രൂട്ട്‌മെന്റ് കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ഏകീകൃത കരാർ പാലിക്കൽ നിർബന്ധമാണ്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയാണ് ഉപയോക്താക്കളുമായി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഏകീകൃത കരാർ ഒപ്പുവെക്കേണ്ടത്. 


പഴയ കരാറിലുണ്ടായിരുന്ന ചില പോരായ്മകൾ പരിഹരിച്ചും ഉപയോക്താക്കളുടെയും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തിയുമാണ് റിക്രൂട്ട്‌മെന്റ് കരാർ പരിഷ്‌കരിച്ചിരിക്കുന്നത്. മുസാനിദ് പോർട്ടൽ വഴി പുതിയ ഏകീകൃത കരാർ ഉപയോഗിച്ചാണ് ഉപയോക്താക്കളുമായി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ കരാറുകൾ ഒപ്പുവെക്കേണ്ടത്. കരാർ പ്രകാരമുള്ള തുക ഉപയോക്താക്കൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് അടക്കേണ്ടതും മുസാനിദ് പോർട്ടൽ വഴിയാണ്. മുഴുവൻ റിക്രൂട്ട്‌മെന്റ് കരാറുകളും ഇതുപ്രകാരമുള്ള പെയ്‌മെന്റും നിരീക്ഷിക്കുന്നതിന് ഇതുവഴി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് സാധിക്കും. മുസാനിദ് പോർട്ടലിനു പുറത്തുള്ള റിക്രൂട്ട്‌മെന്റുകൾക്കും ഈ രംഗത്തുള്ള തട്ടിപ്പുകൾക്കും കൃത്രിമങ്ങൾക്കും തടയിടുന്നതിന് ഇത് സഹായകമാകും. 


ബദൽ തൊഴിലാളിയെ ലഭ്യമാക്കൽ, കാലതാമസം വരുത്തൽ പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പഴയ കരാറിലെ അവ്യക്തതകൾ ഒഴിവാക്കിയാണ് കരാർ പരിഷ്‌കരിച്ചിരിക്കുന്നത്. ഏകീകൃത ഇ-റിക്രൂട്ട്‌മെന്റ് കരാർ പ്രകാരം ഉപയോക്താക്കളുമായി കരാർ ഒപ്പുവെച്ച് പരമാവധി 90 ദിവസത്തിനകം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ എത്തിച്ചു നൽകിയിരിക്കണം. കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് കരാർ തുകയുടെ 30 ശതമാനം വരെ പിഴ ചുമത്തുന്നതിന് പരിഷ്‌കരിച്ച കരാർ അനുശാസിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് കരാർ ഒപ്പുവെച്ച് അഞ്ചു ദിവസത്തിനകം പിഴ കൂടാതെ പണം പൂർണമായും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽനിന്ന് തിരികെ ഈടാക്കുന്നതിന് സൗദി പൗരന്മാർക്ക് പുതിയ കരാർ അവകാശം നൽകുന്നു. 


പ്രവർത്തന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും സെർച്ച് ചെയ്ത് കണ്ടെത്തുന്നതിനുള്ള സംവിധാനം പരിഷ്‌കരിച്ച മുസാനിദ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച സേവനങ്ങൾ നൽകി പരസ്പരം മത്സരിക്കുന്നതിന് ഇത് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കും.
 

Latest News