Sorry, you need to enable JavaScript to visit this website.

വരുമാനം കുറഞ്ഞ രാജ്യങ്ങളുമായി ജി-20 കൂട്ടായ്മ സഹകരിക്കണം -മുഹമ്മദ് ബിൻ സൽമാൻ

ഒസാക (ജപ്പാൻ) - ലോകത്ത് സുസ്ഥിരത ഉറപ്പു വരുത്തുന്നതിന് കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തിന് ഊന്നൽ നൽകണമെന്ന് ജി-20 ഉച്ചകോടിയുടെ സമാപനത്തിൽ നടത്തിയ പ്രസംഗത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അപകടകരമായ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനും ലോകത്ത് പരിസ്ഥിതി സന്തുലനം ഉറപ്പു വരുത്തുന്നതിനും പ്രായോഗികവും ഗൗരവമുള്ളതുമായ പോംവഴികൾ കണ്ടെത്തുന്നതിന് ശ്രമങ്ങൾ നടത്തണം.

ഭക്ഷ്യസുരക്ഷ, പശ്ചാത്തല സൗകര്യങ്ങൾ, ഊർജം, ജലം, മാനവ ശേഷി മൂലധന നിക്ഷേപം അടക്കമുള്ള മേഖലകളിൽ വരുമാനം കുറഞ്ഞ രാജ്യങ്ങളുമായി ജി-20 കൂട്ടായ്മ സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ജല സുരക്ഷയും സുസ്ഥിരതയും ലോകം പൊതുവിലും മധ്യപൗരസ്ത്യദേശം പ്രത്യേകിച്ചും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ സമവായത്തോടെയുള്ള നയങ്ങൾക്ക് രൂപംനൽകുന്നതിന് സൗദി അറേബ്യ മറ്റു രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കും. 


ജി-20 ഉച്ചകോടി അജണ്ട പ്രകാരമുള്ള പുരോഗതി കൈവരിക്കുന്നതിന് പ്രവർത്തനം തുടരുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. 21 ാം നൂറ്റാണ്ടിന്റെ പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നതിനും നൂതന ആശയങ്ങൾക്ക് കരുത്തു പകരുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും മനുഷ്യന്റെ ക്ഷേമത്തിനും മുഴുവൻ അംഗ രാജ്യങ്ങളുമായും സഹകരിച്ച് സൗദി അറേബ്യ പ്രവർത്തിക്കും. സാമ്പത്തിക മേഖലകളിൽ മുൻ വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ സൗദി അറേബ്യ പ്രശംസിക്കുന്നു. കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വികസനത്തിനും പുരോഗതിയിലും നീതി സാധ്യമാക്കുന്നതിനും കഠിന ശ്രമം നടത്തേണ്ടതുണ്ട്. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വനിതകളെയും യുവാക്കളെയും ശാക്തീകരിക്കുകയും സംരംഭകരെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും വേണം. 


അനിതര സാധാരണമായ ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും പുരോഗതിയുടെയും കാലത്താണ് നാം ജീവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ മാതൃകാപരമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ലോകത്തിന് വലിയ നേട്ടങ്ങൾ ലഭിക്കും. അതേസമയം, തന്നെ ഈ കണ്ടുപിടിത്തങ്ങൾ പുതിയ വെല്ലുവിളികളും സൃഷ്ടിക്കുന്നു. സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളായി പരിവർത്തിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇത്തരം വെല്ലുവിളികൾക്ക് എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
 

Latest News